Home Featured രാഷ്ട്രീയത്തില്‍ എന്തു തിരിച്ചടിയുണ്ടായാലും ബി.ജെ.പിയുടെ വ്യാജ ഹിന്ദുത്വത്തെ എതിര്‍ക്കും’; രാമക്ഷേത്ര വിവാദത്തില്‍ സിദ്ധരാമയ്യ

രാഷ്ട്രീയത്തില്‍ എന്തു തിരിച്ചടിയുണ്ടായാലും ബി.ജെ.പിയുടെ വ്യാജ ഹിന്ദുത്വത്തെ എതിര്‍ക്കും’; രാമക്ഷേത്ര വിവാദത്തില്‍ സിദ്ധരാമയ്യ

ബംഗളൂരു: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.രാമക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള ബി.ജെ.പിയുടെ രാഷ്ട്രീയം ഹിന്ദുക്കളെ ഒന്നിപ്പിക്കുകയല്ല, ഭിന്നിപ്പിക്കുകയാണു ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയത്തില്‍ എന്തു നഷ്ടമുണ്ടായാലും ബി.ജെ.പിയുടെ വ്യാജ ഹിന്ദുത്വത്തെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാമക്ഷേത്രത്തില്‍ ശൈവന്മാര്‍ക്ക് അധികാരമില്ലെന്ന ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുടെ പരാമര്‍ശത്തെയും സിദ്ധരാമയ്യ പ്രസ്താവനയില്‍ വിമര്‍ശിച്ചു. ”രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന മല്ലികാര്‍ജുൻ ഖാര്‍ഗെയുടെയും സോണിയ ഗാന്ധിയുടെയും അധിര്‍ രഞ്ജൻ ചൗധരിയുടെയും തീരുമാനം ശരിയാണ്.

അതിനെ ഞാൻ പിന്താങ്ങുന്നു. പ്രധാനമന്ത്രി മോദിയും സംഘ്പരിവാറും ഒരു മതചടങ്ങ് രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയിരിക്കുകയാണ്”-സിദ്ധരാമയ്യ കുറ്റപ്പെടുത്തി. മത, ജാതി, വംശ പരിമിതികളൊന്നുമില്ലാതെ, എല്ലാവരെയും പങ്കെടുപ്പിച്ചു നടക്കേണ്ട പരിപാടിയാണിത്. ഇതിലൂടെ ശ്രീരാമനെയും 140 കോടി ജനങ്ങളെയുമാണ് അവര്‍ അപമാനിച്ചിരിക്കുന്നത്. ഇതിനെ ഒരു രാഷ്ട്രീയ പ്രചാരണമാക്കി ചുരുക്കിയത് ഹിന്ദുക്കളോടുള്ള ചതിയാണ്. ഹിന്ദു മതത്തെയും സംസ്‌കാരത്തെയും ആചാരങ്ങളെയും കുറിച്ച്‌ ക്ലാസെടുക്കുന്ന ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ പണിപൂര്‍ത്തിയാകാത്തൊരു ക്ഷേത്രം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്നതിനെക്കുറിച്ച്‌ ഒന്നും മിണ്ടുന്നില്ല.

വിവാദങ്ങള്‍ ആരംഭിച്ച ദിനം തൊട്ട് രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചത് ഉറച്ച നിലപാടാണ്. അധികാരത്തില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന മോദിക്ക് ഭരണനേട്ടങ്ങളുമായി ജനങ്ങള്‍ക്കു മുന്നിലിറങ്ങാനുള്ള ആത്മവിശ്വാസമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുൻപ് സ്വന്തം പരാജയങ്ങകള്‍ മറച്ചുവച്ച്‌, അപൂര്‍ണമായ രാമക്ഷേത്രം ഉദ്ഘാടനം ചെയ്ത് ഹിന്ദു തരംഗം സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നത്.” രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുടെ പ്രസ്താവന ശരിയാണെങ്കില്‍ അത് ശൈവ വിശ്വാസികളോടുള്ള അവഹേളനമാണെന്നും സിദ്ധരാമയ്യ പറഞ്ഞു. രാജ്യത്തെ നാല് ശങ്കരാചാര്യ പീഠങ്ങള്‍ രാമക്ഷേത്ര ഉദ്ഘാടനം ബഹിഷ്‌ക്കരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാമക്ഷേത്രത്തെ രാഷ്ട്രീയത്തിനു വേണ്ടി ദുരുപയോഗപ്പെടുത്തുന്നതാണ് അതിനു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് ഹിന്ദുമതത്തിന് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൊട്ടുകൂടായ്മയെയും ജാതീയതയെയും മതത്തിന്റെ പേരിലുള്ള അന്ധമായ ആചാരങ്ങളെയും വിശ്വാസങ്ങളെയുമെല്ലാം ഞങ്ങള്‍ അപലപിക്കുന്നുണ്ട്. മതത്തെ രാഷ്ട്രീയത്തില്‍ കൂട്ടിക്കലര്‍ത്തുന്നതിനെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. രാഷ്ട്രീയത്തില്‍ എന്തു തിരിച്ചടിയുണ്ടായാലും ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും വ്യാജ ഹിന്ദുത്വത്തെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group