‘ബംഗളൂരു: വയനാട് സ്വദേശിയായ കരാറുകാരനെ ഹണി ട്രാപ്പില്‍ കുടുക്കി 5.46 ലക്ഷവും സ്വര്‍ണവും തട്ടിയ സംഭവത്തില്‍ മൂന്നുപേരെ മൈസൂരു പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് കാഞ്ഞിരങ്ങാട് സ്വദേശിയും പൊതുമരാമത്ത് കരാറുകാരനുമായ സണ്ണിയെ (45) ഹണിട്രാപ്പില്‍പെടുത്തിയ കേസില്‍ ഫസലുല്ല റഹ്മാൻ, റിസ്വാൻ, മോണിക്ക എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: എച്ച്.ഡി പൈപ്പുകള്‍ വാങ്ങാൻ ചെന്നൈയിലേക്ക് പോകാൻ സണ്ണി തന്റെ കാറില്‍ ഡ്രൈവര്‍ അബ്ദു പാസ്താനൊപ്പം കഴിഞ്ഞ മാര്‍ച്ച് 19ന് മൈസൂരു റെയില്‍വേ സ്റ്റേഷനിലെത്തി. പാര്‍ക്കിങ് സ്ഥലത്ത് കാര്‍ നിര്‍ത്തിയിട്ടശേഷം ഇരുവരും ചെന്നൈയിലേക്കു പോയി. മാര്‍ച്ച് 21ന് മടങ്ങിയെത്തി. രാവിലെ 6.40ഓടെ മാനന്തവാടി റോഡിലൂടെ പോകവെ പരസയാഹ്ന ഹുണ്ടി ഗേറ്റിനു സമീപത്തുവെച്ച് ബൈക്കുകാരൻ കാറിന്റെ വലതുവശത്ത് വന്നിടിച്ചു. കാര്‍ നിര്‍ത്തിയതോടെ മൂന്നുപേര്‍ വളഞ്ഞു. ഇവര്‍ അസഭ്യംവിളിക്കുകയും ഇരുവരെയും മര്‍ദിക്കുകയും ചെയ്തു.
പിന്നീട് സണ്ണിയെയും ഡ്രൈവറെയും കാറിന്റെ പിൻസീറ്റിലിരുത്തി ആക്രമികളിലൊരാള്‍ കാര്‍ മൈസൂരു ശ്രീനഗര്‍ ഭാഗത്തേക്ക് ഓടിച്ചുപോയി. മറ്റുള്ളവര്‍ ബൈക്കില്‍ പിന്തുടര്ന്നു. ഇവിടെ ഒരു മുറിയില്‍ ഇരുവരെയും പൂട്ടിയിട്ട ശേഷം ആക്രമികള്‍ പോയി. പിന്നീട് ഒരു സ്ത്രീയുമായി എത്തി അവരെ നഗ്നയാക്കി ഇരുവര്‍ക്കുമൊപ്പം ഫോട്ടോയെടുത്തു. പിന്നീട് പൊലീസ് എസ്.ഐ എന്ന് പരിചയപ്പെടുത്തിയ ആള് മുറിയിലെത്തി. ഫോട്ടോകള്‍ പുറത്തുവിടാതിരിക്കാൻ 10 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ടു. ഒടുവില്‍ അഞ്ചു ലക്ഷം നല്‍കാമെന്ന് സമ്മതിച്ചു. അയാള്‍ക്ക് നെറ്റ് ബാങ്കിങ് മുഖേന സണ്ണി 1.7 ലക്ഷം അപ്പോള്‍ അയച്ചുനല്‍കി. പിന്നീട് തന്റെ സുഹൃത്തുക്കളെ വിളിച്ച് 3.30 ലക്ഷം രൂപകൂടി ഓണ്‍ലൈനായി സംഘടിപ്പിച്ചുനല്‍കി. വൈകീട്ട് അഞ്ചുവരെ മുറിയില്‍ത്തന്നെ ഇരുത്തി. ശേഷം ആക്രമികള്‍ കാറില്‍ ഹുൻസൂര്‍ ഭാഗത്ത് കൊണ്ടുവിട്ടു. മൊബൈല്‍ഫോണും തിരിച്ചുനല്‍കി. സണ്ണിയുടെ സ്വര്‍ണമോതിരം, പഴ്സിലുണ്ടായിരുന്ന 46,000 രൂപ എന്നിവ ആക്രമികള്‍ എടുത്തശേഷം 1000 രൂപ ഡീസല്‍ അടിക്കാൻ തിരികെ നല്കി.
മാര്‍ച്ച് 22ന് പുലര്‍ച്ച നാട്ടിലെത്തിയ സണ്ണിയും ഡ്രൈവറും കല്പറ്റ ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. തിരുനെല്ലി പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്കി. കേസ് രജിസ്റ്റര്‍ ചെയ്ത തിരുനെല്ലി പൊലീസ് കുറ്റകൃത്യം നടന്നത് മൈസൂരുവിലായതിനാല് കര്‍ണാടക ഡി.ജി.പിക്ക് കേസ് കൈമാറി. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം മൈസൂരു റൂറല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ബാങ്ക് അക്കൗണ്ട് നമ്ബര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്.
അറസ്റ്റിലായ റിസ്വാൻ മുമ്ബ് കേരളത്തില്‍ ഒരു ബിസിനസുകാരന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നു. ബിസിനസുകാരനെ കുടകില്‍നിന്ന് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് മടിക്കേരിയിലെത്തിച്ച് ഹണിട്രാപ്പില്‍ കുടുക്കി 10 ലക്ഷം തട്ടിയ സംഭവത്തില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.