ബംഗളൂരു:നഗരത്തില്‍ നിക്ഷേപത്തട്ടിപ്പിന് ഇരയായ യുവാവിന് 18 ലക്ഷം രൂപ നഷ്ടമായി. സ്വകാര്യ കമ്ബനി ജീവനക്കാരനായ കുന്ദലഹള്ളി ഗേറ്റ് സ്വദേശി പ്രവീണിനാണ് (29) പണം നഷ്ടമായത്.പാര്‍ട്ട്ടൈം ജോലി വാഗ്ദാനം ചെയ്ത് ഒരു വനിത അയച്ച വാട്സ്ആപ് മെസേജില്‍നിന്നാണ് തട്ടിപ്പിന്റെ തുടക്കം. ഇവരുമായി ചാറ്റ് തുടര്‍ന്ന പ്രവീണിന് യുവതി ടെലഗ്രാം ലിങ്ക് അയച്ചുനല്‍കി. ആ ലിങ്കില്‍ കയറി പണം നിക്ഷേപിച്ചാല്‍ വൻതുക റിട്ടേണായി ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തു.
പ്രവീണിന്റെ വിശ്വാസം നേടിയെടുക്കാനായി ടെലഗ്രാം ലിങ്കില്‍ ക്ലിക്ക് ചെയ്തയുടൻ 1000 രൂപ അക്കൗണ്ടില്‍ ക്രെഡിറ്റായി യുവതി നല്കി. തുടര്‍ന്ന് ഇവരുടെ നിര്‍ദേശപ്രകാരം 18.44 ലക്ഷം രൂപ വിവിധ ഘട്ടങ്ങളിലായി യുവാവ് നിക്ഷേപിച്ചു. എന്നാല്‍, റിട്ടേണ്‍ ലഭിക്കാതായപ്പോള്‍ പ്രസ്തുത നമ്ബറില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും യുവതിയുടെ ഭാഗത്തുനിന്ന് പ്രതികരണമില്ലായിരുന്നു. സൈബര്‍ തട്ടിപ്പിന് ഇരയായെന്ന് മനസ്സിലായതോടെ യുവാവ് പൊലീസില്‍ പരാതി നല്കി.
ചിക്കമഗളൂരു പൊലീസ് മര്‍ദനം ഹൈകോടതി ഉന്നതതല സമിതി രൂപവത്കരിച്ചു
ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച അഭിഭാഷകനെ ചിക്കമഗളൂരു ടൗണ്‍ പൊലീസ് മര്‍ദിച്ച സംഭവത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് പൊലീസ്-അഭിഭാഷക ബന്ധം വഷളാവുന്ന സാഹചര്യത്തില്‍ കര്‍ണാടക ഹൈകോടതി 10 അംഗ ഉന്നതതല സമിതി രൂപവത്കരിച്ചു.ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരലെ, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് വ്യാഴാഴ്ച കര്‍ണാടക അഡ്വക്കറ്റ് ജനറല്‍, ആഭ്യന്തര വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങിയ സമിതി രൂപവത്കരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന അഡ്വ.പ്രീതത്തെ പട്രോളിങ് ഡ്യൂട്ടിയിലുള്ള പൊലീസ് തടഞ്ഞ് ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കുകയും സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തില്‍ സബ് ഇൻസ്പെക്ടറെയും അഞ്ചു പൊലീസുകാരെയും ചിക്കമഗളൂരു എസ്.പി സസ്പെൻഡ് ചെയ്തിരുന്നു. എന്നാല്‍, അഭിഭാഷകര്‍ മര്‍ദിച്ചു എന്നാരോപിച്ച് പൊലീസുകാര്‍ തെരുവിലിറങ്ങി. പിന്നാലെ ബാര്‍ അസോസിയേഷനുകളും സമരരംഗത്തിറങ്ങി.