Home Featured എച്ചും, എട്ടും ഇനി എളുപ്പത്തിൽ കിട്ടില്ല, പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ

എച്ചും, എട്ടും ഇനി എളുപ്പത്തിൽ കിട്ടില്ല, പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ

by admin

ദില്ലി: രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്ന സംവിധാനത്തിന് കൂടുതല്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്ന നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച്‌ പുതിയ മാനദണ്ഡങ്ങളുമായി കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കിയാതായി ദ ഹിന്ദു ബിസിനസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

അംഗീകൃത ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളില്‍ കോഴ്‍സ് പൂര്‍ത്തിയാക്കുന്നവര്‍ക്കു മാത്രം ലൈസന്‍സ് നല്‍കുന്ന സംവിധാനമാണ് വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൗരന്മാര്‍ക്ക് മികച്ച ഡ്രൈവിങ് പരിശീലനം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. ഈ ട്രെയിനിങ് സെന്ററുകള്‍ എങ്ങനെയായിരിക്കണമെന്നും എന്തെല്ലാമാണ് പഠിപ്പിക്കേണ്ടതെന്നും സംബന്ധിച്ച വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ കരട് വിജ്ഞാപനമാണ് ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്

സിൽക്ക് ബോർഡ്‌ ഗതാഗത കുരുക്ക് അഴിക്കാൻ പുതിയ പദ്ധതിയുമായി ബി. എം. ടി. സി

1989-ലെ കേന്ദ്ര മോട്ടോര്‍ വാഹനച്ചട്ടം ഭേദഗതി ചെയ്യുന്നതാണ് കരട് വിജ്ഞാപനം.

വിജ്ഞാപനമനുസരിച്ച്‌ ലൈസന്‍സ് ലഭിക്കാന്‍ നിലവിലുള്ള ലേണേഴ്‍സ് ലൈസന്‍സ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഫീസ് ഫോട്ടോ എന്നീ രേഖകള്‍ക്ക് പുറമേ ആര്‍ടി ഓഫീസില്‍ അംഗീകൃത ഡ്രൈവര്‍ പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് കോഴ്‍സ് പൂര്‍ത്തിയാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. ലേണേഴ്‌സ് ലൈസന്‍സ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ, ഫീസ് തുടങ്ങിയവ നിലനിര്‍ത്തും.

സ്വകാര്യ മേഖലയിലാവും ഈ പരിശീലന കേന്ദ്രങ്ങള്‍ വരിക. 12-ാം ക്ലാസ് ജയിച്ച, അഞ്ചുവര്‍ഷം ഡ്രൈവിങ് പരിചയമുള്ളവര്‍ക്കാണ് ഡ്രൈവിംഗ് ട്രെയിനിങ് സെന്റര്‍ തുടങ്ങാന്‍ അനുമതി നല്‍കുക. മോട്ടോര്‍ മെക്കാനിക്സില്‍ കഴിവ് തെളിയിച്ച അംഗീകൃത സര്‍ട്ടിഫിക്കറ്റുള്ള വ്യക്തികള്‍ കൂടിയായിരിക്കണം അപേക്ഷകര്‍. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മുന്‍ഗണനയുണ്ട്.

ഒന്നാം വർഷ പിയുസി പ്രവേശനം, അവസാന തിയതി ഫ്രബ്രുവരി 13

പരിശീലന കേന്ദ്രങ്ങള്‍ക്കായി സമതല പ്രദേശത്ത് രണ്ടേക്കറും മലയോര പ്രദേശത്ത് ഒരേക്കറും ഭൂമി നിര്‍ബന്ധമാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു. രണ്ട് ക്ലാസ് മുറിയും ഒപ്പം കംപ്യൂട്ടര്‍, മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി, ബയോമെട്രിക് അറ്റന്‍ഡന്‍സ് തുടങ്ങിയ സൌകര്യങ്ങളും വേണം. കയറ്റവും ഇറക്കവും അടക്കം പരിശീലിപ്പിക്കാനുള്ള ഡ്രൈവിംഗ് ട്രാക്കും വര്‍ക് ഷോപ്പും നിര്‍ബന്ധമാണ്. ഈ മാനദണ്ഡങ്ങള്‍ മറികടന്നാല്‍ മാത്രമേ പരിശീലന കേന്ദ്രത്തിന് അംഗീകാരം ലഭിക്കൂ. അഞ്ച് വര്‍ഷത്തേക്കാണ് ഈ സെന്‍ററുകള്‍ക്ക് അനുമതി നല്‍കുക. പിന്നീട് പുതുക്കാനും അവസരമുണ്ട്.

ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 29 മണിക്കൂറും ഹെവി വാഹനങ്ങള്‍ക്ക് 38 മണിക്കൂറുമാണ് ക്ലാസ്. തിയറി, പ്രാക്ടിക്കല്‍ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഡ്രൈവിങ് തിയറി, ഗതാഗത വിദ്യാഭ്യാസം, വാഹനത്തിന്റെ അടിസ്ഥാന യന്ത്ര അറിവ്, പബ്ലിക് റിലേഷന്‍, പ്രഥമശുശ്രൂഷ, ഇന്ധനക്ഷമത തുടങ്ങിയവയാണ് തിയറി ക്ലാസില്‍ പൊതുവായുള്ളത്. ഹെവി വാഹനങ്ങളുടെ കാര്യത്തില്‍ തിയറിയില്‍ എയ്ഡ്‌സ്, ലഹരി, മദ്യം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണം, വാഹന റിപ്പയര്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗര, ഗ്രാമ റോഡുകളില്‍ പ്രാക്ടിക്കല്‍ പരിശീലനത്തിന് കൂടുതല്‍ സമയം നല്‍കണണമെന്നും വിജ്ഞാപനത്തില്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ ചരക്കുനീക്ക വ്യവസായ മേഖലയില്‍ മികച്ച പരിശീലനം ലഭിച്ച ഡ്രൈവര്‍മാരുടെ സേവനം ഉറപ്പാക്കാനും, അതുവഴി റോഡപകടങ്ങള്‍ കുറക്കുവാനും ഡ്രൈവര്‍മാരുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുവാനും ഈ നീക്കം സഹായകരമാകുമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍. വിജ്ഞാപനം സംബന്ധിച്ച പരാതികളും നിര്‍ദേശങ്ങളും നല്‍കാന്‍ ഒരുമാസം സമയമുണ്ട്.

എന്നാല്‍ നിലവിലുള്ള സംവിധാനങ്ങള്‍ നിലനിര്‍ത്തിയാണ് പുതിയ സംവിധാനത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ഡ്രൈവിംഗ് സ്‍കൂളുകളെ ഈ മാറ്റം തല്‍ക്കാലം ബാധിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കേരളത്തിലെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനു തൊട്ടുപിന്നാലെയാണ് കേന്ദ്രത്തിന്‍റെ ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനുള്ള ഫീസ് ഏകീകരിക്കാനും പഠനനിലവാരം നിശ്ചയിക്കാനും ഉള്‍പ്പെടെ ഇടപെടാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ തലവനായ സമിതിക്ക് സര്‍ക്കാര്‍ നിര്‍ദേശവും നല്‍കിയിരുന്നു.

മികച്ച ഡ്രൈവര്‍മാരെ സൃഷ്‍ടിക്കാന്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പിക്കുന്നതിനൊപ്പം പഠനനിലവാരം ഉയര്‍ത്താനുമാണ് സംസ്ഥാന സര്‍ക്കാരിന്‍റെയും നീക്കം. ഇതിനായി ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിശ്ചയിക്കും. പരിശീലകര്‍ക്ക് യോഗ്യതയും പരിശീലനവും ഉറപ്പാക്കും. തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്ക് സമയം നിശ്ചയിക്കാനും നീക്കമുണ്ട്. കൂടുതല്‍ ഓട്ടോമേറ്റഡ് ഡ്രൈവിങ് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ സജ്ജമാകുന്നതോടെ ലൈസന്‍സ് ടെസ്റ്റിലെ പോരായ്‍മകളും പരിഹരിക്കപ്പെടും എന്നാണ് സംസ്ഥാന സര്‍ക്കാരും കണക്കുകൂട്ടുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group