ദേശീയ വിദ്യാഭ്യാസ നയം റദ്ദാക്കാനുള്ള കര്‍ണാടക സര്‍ക്കാറിന്റെ നീക്കത്തിനെതിരെ ബി.ജെ.പി. കോണ്‍ഗ്രസ് കുട്ടികളുടെ ഭാവി വെച്ചാണ് കളിക്കുന്നതെന്നും ഈ നീക്കം ആവശ്യമില്ലാത്തതാണെന്നും മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.ബി.ജെ.പി ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് ബൊമ്മൈ കൂട്ടിച്ചേര്‍ത്തു. പ്രകടന പത്രികയുടെ ഭാഗമാണ് തീരുമാനമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. പഠിപ്പിക്കുന്ന വിഷയങ്ങള്‍ പ്രതികാര മനോഭാവത്തോടെ നിയന്ത്രിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥരുടെ പ്രാഥമിക യോഗം വിളിച്ചിട്ടുണ്ടെന്നും സംസ്ഥാന വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിനെതിരായ ആസൂത്രിത നീക്കമാണിതെന്ന ആരോപണത്തിന് ഗുജറാത്ത്, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നടപ്പാക്കാത്ത ദേശീയ വിദ്യാഭ്യാസ നയം എന്തിനാണ് കര്‍ണാടകയിലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ചോദിച്ചു.
പ്രാഥമിക വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നിവയുടെ കാര്യത്തില്‍ രാജീവ് ഗാന്ധിയുടെ വിദ്യാഭ്യാസ നയത്തെ ശിവകുമാര്‍ പ്രശംസിച്ചു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ട ആവശ്യമില്ലെന്നും ഇത് കേവലം രാഷ്ട്രീയ നീക്കം മാത്രമാണെന്നും ശിവകുമാര്‍ പറഞ്ഞു.
ദേശീയപതാകയുടെ നിറത്തില്‍ കോഴിയെ ചുട്ടു; മലയാളി യൂട്യൂബര്‍ക്കെതിരെ പരാതി
സമൂഹമാദ്ധ്യമത്തിലൂടെ ദേശീയപതാകയെ അപമാനിച്ചെന്ന് പരാതി. സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയുടെ നിറത്തില്‍ കോഴിയെ ചുട്ട് പൊതുവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ എംഫോര്‍ ടെക്നെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.സ്വാതന്ത്ര്യദിനത്തില്‍ ‘സ്വാതന്ത്രക്കോഴി ചുട്ടത്’ എന്ന പേരിലാണ് യൂട്യൂബര്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ത്രിവര്‍ണ നിറത്തില്‍ കോഴിയെ ചുട്ട് സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയെ അപമാനിച്ചെന്നാണ് പരാതി. എംഫോര്‍ ടെക് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന വീഡിയോയില്‍ ദേശീയ പതാകയുടെ നിറത്തിലാണ് കോഴികള്‍ക്ക് നിറം നല്കി ചിത്രീകരിച്ചിട്ടുള്ളത്.
ദേശീയപതാകയെ അപമാനിച്ചതിന് പുറമേ ദേശീയതക്കെതിരായ പരാമര്‍ശം നടത്തിയെന്നും ആക്ഷേപമുണ്ട്.ദേശീയ പതാകയുടെ നിറങ്ങള്‍ തേച്ചുപിടിപ്പിച്ച കോഴിയെ ചുട്ട് ശേഷം അത് കഴിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിന ആശംസകളും പറയുന്നുണ്ട്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്നാണ് ആക്ഷേപം. സംഭവത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് ജിതിൻ എസ്. എന്ന യുവാവാണ് കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കിയത്.