ബെംഗളൂരു: കുടുംബകലഹത്തെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ബെംഗളൂരു മുത്തലപാളയ സ്വദേശിനി ഗീത (33) ആണ് കൊല്ലപ്പെട്ടത്. തുടർന്ന് ഇവരുടെ ഭർത്താവ് ശങ്കർ (43) ചന്ദ്ര ലേഔട്ട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ബുധനാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ഗീതയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ വഴക്കിട്ടു. ഇതിനിടെ കത്തി ഉപയോഗിച്ച് ശങ്കർ ഗീതയെ കുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പുവരുത്തിയശേഷം ബന്ധുക്കളെ ഗീത കൊല്ലപ്പെട്ടവിവരം ശങ്കർ അറിയിച്ചു. പിന്നീടാണ് ചന്ദ്ര ലേഔട്ട് പോലീസ് സ്റ്റേഷനിലേക്ക് പോയത്.
മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഗീതയെ ഏറെ നാളുകളായി ശങ്കർ ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കളും സമീപവാസികളും പോലീസിന് നൽകിയ മൊഴി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.