ഓഗസ്റ്റ് പത്തി തിയറ്ററുകളില്‍ റിലീസിനെത്തുക രണ്ട് ജയിലര്‍ സിനിമകള്‍. ഒരു മലയാള ചിത്രവും ഒരു തമിഴ് ചിത്രവുമാണ് ഒരേ പേരില്‍ ഒരേ ദിവസം തിയറ്ററിലെത്തുന്നത്.രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ജയിലര്‍ എന്നാണ്. ധ്യാൻ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനും ജയിലര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
പേര് വിവാദം തുടരുന്നതിനിടയിലാണ് രണ്ട് ചിത്രങ്ങളും ഒരേ ദിവസം തന്നെ റിലീസ് ചെയ്യുന്നത്. ജയിലര്‍ എന്ന ടൈറ്റിലിനെ ചൊല്ലി ഇരു ചിത്രങ്ങളുടെയും നിര്മാതാക്കള്ക്കിടയിലുള്ള തര്‍ക്കം ഇപ്പോള്‍ കോടതിയിലാണ്. പേരിലെ സാമ്യം ചൂണ്ടിക്കാട്ടി തമിഴ് ചിത്രത്തിന്റെ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സിന് മലയാള ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നോട്ടീസ് അയച്ചിരുന്നു.
എന്നാല്‍ തങ്ങള്‍ക്ക് പേര് മാറ്റാന്‍ പറ്റില്ല എന്നാണ് സണ്‍ പിക്ചേഴ്സ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് മലയാള ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി ഓഗസ്റ്റ് രണ്ടിന് കോടതി പരിഗണിക്കും.
തമിഴില്‍ രജനികാന്ത് ജയിലര്‍ ആയി എത്തുമ്ബോള്‍ മലയാളത്തില്‍ ധ്യാന്‍ ആണ് ജയിലറുടെ വേഷത്തിലെത്തുന്നത്. ജയില്‍ ചാടി പോകുന്ന കുറ്റവാളികളും അവരുടെ പിന്നാലെയുള്ള ജയിലറിന്റെ ഓട്ടവുമാണ് മലയാള ചിത്രം ജയിലര്‍ പറയുന്നത്.
ദിവ്യ പിള്ളയാണ് ചിത്രത്തില്‍ നായിക. മനോജ് കെ ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി.കെ. ബൈജു തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഗോള്‍ഡൻ വില്ലേജിന്റെ ബാനറില്‍ എൻ.കെ. മുഹമ്മദ് ആണ് ചിത്രത്തിന്റെ നിര്‍മാണം.