ബെംഗളൂരു: ബൈക്കും ഓട്ടോറിക്ഷയും ഉൾപ്പെടെയുള്ള വേഗംകുറഞ്ഞ വാഹനങ്ങൾക്ക് ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ നിയന്ത്രണം. ഇത്തരം വാഹനങ്ങൾ ഓഗസ്റ്റ് ഒന്നുമുതൽ സർവീസ്റോഡിലൂടെ മാത്രമേ സഞ്ചരിക്കാവൂ. പത്തുവരിപ്പാതയിൽ അതിവേഗത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന നടുവിലെ ആറുവരികളിൽ ഇവയ്ക്ക് നിരോധനമേർപ്പെടുത്തി. ഇതിലൂടെ സഞ്ചരിക്കുന്നത് അപകടസാധ്യതയുണ്ടാക്കുന്നെന്ന് കണ്ടാണ് നടപടി.
ബൈക്ക് ഉൾപ്പെടെയുള്ള ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള മുച്ചക്രവാഹനങ്ങൾക്കും മൾട്ടി ആക്സിൽ ട്രെയ്‌ലറുകൾക്കും മോട്ടോർരഹിതവാഹനങ്ങൾക്കും ട്രാക്ടറുകൾക്കുമാണ് നിയന്ത്രണമേർപ്പെടുത്തുന്നത്. ദേശീയപാത അതോറിറ്റി ഇതിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു.
ബെംഗളൂരുവിൽനിന്ന് നാട്ടിലേക്കും തിരിച്ചും ഒട്ടേറെ മലയാളികൾ ഈ പാതയിലൂടെ ബൈക്കിൽ യാത്രചെയ്യുന്നുണ്ട്. ഇവർ ഇനി സർവീസ് റോഡുകൾ തിരഞ്ഞെടുക്കണം. അതിവേഗം വരുന്ന വാഹനങ്ങൾ വേഗം കുറഞ്ഞ വാഹനങ്ങളെ മറികടക്കാനായി ലെയ്ൻ മാറി സഞ്ചരിക്കുന്നതാണ് പാതയിലെ അപകടങ്ങളുടെ പ്രധാനകാരണം. വേഗംകുറഞ്ഞ വാഹനങ്ങൾ ഒഴിയുന്നതോടെ കാർ ഉൾപ്പെടെയുള്ള മറ്റുവാഹനങ്ങൾക്ക് യാത്ര കൂടുതൽ സുഗമമാകും.
കഴിഞ്ഞ മാർച്ചിലാണ് അതിവേഗപാത പ്രധാനമന്ത്രി നരേന്ദ്രമോദി നാടിനുസമർപ്പിച്ചത്. അതിനുശേഷം ഇതുവരെ 300 വാഹനാപകടങ്ങൾ പാതയിലുണ്ടായതാണ് കണക്ക്. നൂറ് യാത്രക്കാരുടെ ജീവൻ റോഡിൽ പൊലിയുകയും ചെയ്തു. ബെംഗളൂരുവിലെ കെങ്കേരി പഞ്ചമുഖി ക്ഷേത്രത്തിനുമുമ്പിൽനിന്ന് ആരംഭിച്ച് രാമനഗര, മാണ്ഡ്യ ജില്ലകളിലൂടെ കടന്ന് മൈസൂരു മണിപ്പാൽ ആശുപത്രി ജങ്ഷനിലെത്തുന്ന 117 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണിത്.
മഴക്കെടുതി : 24 മണിക്കൂറിനിടെ നാലുമരണം
ബെംഗളൂരു : കർണാടകത്തിൽ മഴക്കെടുതിയിൽ വിവിധ ജില്ലകളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ നാലുപേർ മരിച്ചു. ബീദർ സ്വദേശി മല്ലപ്പ ശരണപ്പ (25), ഹാവേരി സ്വദേശി മഞ്ജു നായക് എന്നിവരാണ് മരിച്ചത്. ബീദറിലെ ബസവകല്യാണിൽ തോട് മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് മല്ലപ്പ ശരണപ്പ മരിച്ചത്.
തുംഗഭദ്ര നദിയിൽ കൈകഴുകുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് മഞ്ജുനാഥ ബസവരാജ മരിച്ചത്. കലബുറഗി ജെവരാഗി സ്വദേശിയായ ബസമ്മ വീടിന്റെ ഭിത്തി തകർന്ന് മരിക്കുകയായിരുന്നു. ഹൊന്നാവറിൽ രാമതീർഥ നദിയിൽ നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് മണികാന്ത മഞ്ജുനാഥ നായകിന്റെ ജീവൻപൊലിഞ്ഞത്.
കഴിഞ്ഞ ദിവസം ഉഡുപ്പി ജില്ലയിലെ അരസിനഗുണ്ടി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായിരുന്നു. വെള്ളം കൂടുതലായതിനാൽ ആളുകൾ ജലാശയങ്ങൾക്കരികെ പോകരുതെന്ന് മുന്നറിയിപ്പുണ്ട്