ഉഡുപ്പി: രാവിലെയും വൈകുന്നേരവും സൗജന്യമായി മദ്യം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടകയിലെ ഉഡുപ്പിയില്‍ തൊഴിലാളികളുടെ അസാധാരണ സമരം. ഉഡുപ്പി ജില്ല സിവിക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചിത്തരഞ്ജൻ സര്‍ക്കിളില്‍ സമരം സംഘടിപ്പിച്ചത്. നിത്യാനന്ദ ഒളകാടു എന്നയാളാണ് സമരത്തിന് നേതൃത്വം നല്‍കിയത്.
അടുത്തിടെ കര്‍ണാടക ബജറ്റില്‍ മദ്യത്തിന് 20 ശതമാനം വില വര്‍ധിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സമരം. ഒന്നുകില്‍ വില കുറക്കുക, അല്ലെങ്കില്‍ രാവിലെയും വൈകീട്ടും 90 മില്ലി ലിറ്റര്‍ വീതം മദ്യം സൗജന്യമായി നല്‍കുക എന്നതായിരുന്നു സമരക്കാരുടെ ആവശ്യം. മദ്യക്കുപ്പിയില്‍ പൂജ ചെയ്താണ് സമരം ആരംഭിച്ചത്. സൗജന്യ മദ്യ വിതരണ പദ്ധതിക്ക് എക്സൈസ് നികുതി വഴി പണം കണ്ടെത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചാല്‍, മദ്യനിര്‍മാണശാലകള്‍ സമ്ബൂര്‍ണമായി നിരോധിക്കുന്നതില്‍ സമ്മര്‍ദം ചെലുത്തുമെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്കി. അങ്ങനെയാണെങ്കില്‍ മദ്യപാനത്തിനായി ചെലവഴിക്കുന്ന തുക കുടുംബം പുലര്‍ത്തുന്നതിനും ഭാര്യമാര്‍ക്കും കുട്ടികള്‍ക്കുമൊപ്പം ക്ഷേത്രദര്‍ശനം സുഗമമാക്കുന്നത് പോലുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വിനിയോഗിക്കാമെന്നും സമരക്കാര്‍ വാദിച്ചു.
കടയുടമ തീയിട്ട് കൊലപ്പെടുത്തിയത് പേരും ഊരുമറിയാത്ത ഭിന്നശേഷിക്കാരനെ
മംഗളൂരു: നഗരത്തില്‍ മുളിഹിട്ലു ജങ്ഷനിലെ ജനറല്‍ സ്റ്റോറില്‍ വെന്തുമരിച്ച യുവാവിന്റെ കൃത്യമായ പേരോ നാടോ ആര്‍ക്കും അറിയില്ലായിരുന്നു എന്ന് പൊലീസ്.
കടയില്‍ ജീവനക്കാരനായിരുന്ന ഈ യുവാവിനെ കൊലപ്പെടുത്തി എന്നകേസില്‍ മംഗളൂരു പാണ്ഡേശ്വരം സ്വദേശിയും സ്റ്റോര്‍ ഉടമയുമായ തൗലീൻ ഹസനെ(32) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഗജ്നാന എന്ന ജഗ്ഗു എന്നാണ് 26കാരനായ യുവാവിനെ വിളിച്ചിരുന്നതെങ്കിലും യഥാര്‍ഥ പേരാണെന്ന് പറയാനാവില്ല. ഉത്തരേന്ത്യയിലാണെന്നല്ലാതെ ഏത് നാട്ടില്‍ എന്നും അറിയില്ല. സംസാര ശേഷി വേണ്ടത്ര ഇല്ലാത്ത യുവാവിന്റെ ലോകം ഉടമയും കടയും അതിനോട് ചേര്‍ന്ന ഷെഡിലെ കിടപ്പിടവുമായിരുന്നു. അവിടെയാണ് ജഗ്ഗുവിനെ തലക്കടിച്ചു വീഴ്ത്തി ബോധം നശിച്ച അവസ്ഥയില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിത്തം ഉണ്ടായെന്ന കഥയും കടയുടമ പറഞ്ഞു പരത്തി. അഞ്ചരയടി പൊക്കം, കറുത്ത ഉറച്ച ശരീരം, കറുത്ത തലമുടിയും താടിയുമാണ് ആള്‍രൂപം എന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരം ലഭിക്കുന്നവര്‍ മംഗളൂരു സൗത്ത് പൊലീസ് സ്റ്റേഷൻ നമ്ബറായ 0824-2220518 ലേക്ക് വിളിച്ച് അറിയിക്കണമെന്നും അഭ്യര്‍ഥിച്ചു.