ബെംഗളൂരു: മഴക്കാലമെത്തിയതോടെ നഗരത്തിൽ വെള്ളക്കെട്ടുണ്ടാകാതിരിക്കാൻ വിപുലമായ മുന്നൊരുക്കങ്ങളുമായി ബി.ബി.എം.പി.വെള്ളപ്പൊക്ക സാധ്യതയുള്ള 70 വാർഡുകളിൽ വെള്ളം ഒഴുകിപ്പോകാനുള്ള താത്കാലിക സംവിധാനങ്ങൾ ഇതിനോടകം സജ്ജീകരിച്ചതായി ബി.ബി.എം.പി. അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽനിന്ന് കനാലുകളിലേക്ക് പൈപ്പുകൾ സ്ഥാപിച്ചും ഓവുചാലുകളുണ്ടാക്കിയുമാണ് വെള്ളം ഒഴിവാക്കുക. മുന്നൊരുക്കങ്ങൾ ബുധനാഴ്ച ചേർന്ന ബി.ബി.എം.പി.യുടെ പ്രത്യേകയോഗം വിലയിരുത്തി. കമ്മിഷണർ തുഷാർ ഗിരിനാഥിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ എട്ടുമേഖലകളിലെ ജോയന്റ് കമ്മിഷണർമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള സ്ഥിരം പദ്ധതികൾ സർക്കാർ നടപ്പാക്കിവരുകയാണ്. 198 വാർഡുകളിൽ 118 വാർഡുകളിലും വെള്ളപ്പൊക്കം ഒഴിവാക്കാനുള്ള പ്രവൃത്തികൾ പൂർത്തിയായിക്കഴിഞ്ഞു. 70 വാർഡുകളിൽ ഇത്തരം പദ്ധതികൾ പുരോഗമിക്കുകയാണ്. ഈ വാർഡുകളിലാണ് നിലവിൽ താത്കാലിക സംവിധാനമുണ്ടാക്കിയിരിക്കുന്നത്. വരുംദിവസങ്ങളിൽ ഉദ്യോഗസ്ഥർ വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തും.ഈ മഴക്കാലത്ത് നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യമുണ്ടാകരുതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നേരത്തേ ബി.ബി.എം.പി.ക്ക് കർശന നിർദേശം നൽകിയിരുന്നു.
അടിപ്പാതകളിൽ ക്യാമറയും ലൈറ്റും:മഴക്കാലത്ത് നഗരത്തിലെ അടിപ്പാതകളിൽ അപകടമൊഴിവാക്കാൻ ക്യാമറയും ലൈറ്റുകളും സ്ഥാപിക്കുമെന്ന് ബി.ബി.എം.പി. കമ്മിഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. സാധാരണയായി മഴ പെയ്തുതുടങ്ങുമ്പോൾ അടിപ്പാതകളിലൂടെയുള്ള ഗതാഗതം ബാരിക്കേഡുകൾ ഉപയോഗിച്ച് തടയാറുണ്ട്.
എന്നാൽ ചിലയിടങ്ങളിൽ ബാരിക്കേഡുകൾ മാറ്റി വാഹനങ്ങൾ കടന്നുപോകുന്ന സാഹചര്യമാണുള്ളത്. ക്യാമറകൾ സ്ഥാപിക്കുന്നതോടെ ഇത്തരം പ്രവണത തടയാൻ കഴിയും. വെള്ളത്തിന്റെ അളവ് മനസിലാക്കാൻ പ്രത്യേക സംവിധാനവും ഒരുക്കും. അടിപ്പാതകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച വരെ ഒറ്റപ്പെട്ട മഴ തുടരും:സംസ്ഥാനത്ത് 18 വരെ ശക്തമായ ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബെംഗളൂരുവിൽ മേഘാവൃതമായ കാലാവസ്ഥയും വൈകുന്നേരങ്ങളിൽ മഴയുമുണ്ടാകും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബെംഗളൂരു റൂറലിലും സമാനമായ കാലാവസ്ഥയാണ് അനുഭവപ്പെടുക. മറ്റുജില്ലകളിൽ മഴയോടൊപ്പം ഇടിമിന്നലുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.