മംഗളൂരു: പച്ചനടിയിലെ മാലിന്യ നിക്ഷേപകേന്ദ്രത്തില്‍ തീപിടിച്ചതിനെ തുടര്‍ന്ന് മംഗളൂരു നഗരവും മാലിന്യപ്പുകയിലായി.അഗ്നിരക്ഷാസേനയുടെ സഹായത്തോടെ തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഇന്നലെ വൈകുന്നേരം വരെയും പൂര്‍ണമായും ഫലം കണ്ടില്ല.വാമഞ്ചൂര്‍, പച്ചനടി പ്രദേശങ്ങള്‍ കട്ടിയുള്ള പുക കൊണ്ട് മൂടിയിരിക്കുകയാണ്.
കഴിഞ്ഞ മൂന്നുമാസത്തിനിടെ ഇത് മൂന്നാംതവണയാണ് ഇവിടെ മാലിന്യ നിക്ഷേപകേന്ദ്രത്തിനു തീപിടിക്കുന്നത്. വിഷപ്പുക ശ്വസിച്ച് പ്രദേശത്ത് നിരവധി പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്.നിരവധി സ്കൂളുകളും കോളജുകളും സമീപ സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. മാലിന്യ നിക്ഷേപകേന്ദ്രം പച്ചനടിയില് നിന്നു മാറ്റണമെന്ന ആവശ്യം ഏറെ നാളായി ശക്തമാണ്.
മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷകരുടെ കാല്‍നട ജാഥ
മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷകരുടെ കാല്‍നട ജാഥ. തിങ്കളാഴ്ച നാസികില്‍നിന്ന് ആരംഭിച്ച ജാഥ 175 കിലോ മീറ്ററുകള്‍ താണ്ടി 23 ന് മുംബൈയില്‍ എത്തും.സി.പി.എമ്മും കിസാന്‍ സഭയും നേതൃത്വം നല്കുന്ന ജാഥയില്‍ കര്‍ഷകര്‍, തൊഴിലാളികള്‍, ആശാ വര്‍ക്കര്‍മാര്‍ അടക്കം ആയിരത്തിലേറെ പേര് പങ്കെടുക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.സവാളക്ക് ക്വിന്റലിന് 600 രൂപ അടിയന്തര സഹായം, അടുത്ത സീസണില്‍ ക്വിന്റലിന് 2,000 രൂപ താങ്ങുവില, പരമ്ബരാഗതമായി കൃഷി ചെയ്തുവരുന്ന വനഭൂമിയുടെ അവകാശം ആദിവാസികള്‍ക്ക് നല്‍കുക, കടം എഴുതിത്തള്ളുക, അസമയത്തെ മഴയിലുണ്ടായ കൃഷിനാശങ്ങള്‍ക്ക് നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.
സവാളക്ക് ക്വിന്റലിന് 300 രൂപ അടിയന്തര സഹായം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ തിങ്കളാഴ്ച പ്രഖ്യാപിച്ചെങ്കിലും കര്‍ഷകര്‍ തള്ളി. തുക പര്യാപ്തമല്ലെന്നും താങ്ങുവിലയുടെ കാര്യത്തില്‍ മുഖ്യമന്ത്രി മൗനംപാലിക്കുന്നുവെന്നും ജാഥ നയിക്കുന്ന മുന്‍ സി.പി.എം എം.എല്‍.എ ജീവ പാണ്ടു ഗാവിത് പറഞ്ഞു.കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇതു മൂന്നാം തവണയാണ് കര്‍ഷകര്‍ മുംബൈയിലേക്ക് കാല്‍നട ജാഥ നടത്തുന്നത്. വില കുത്തനെ ഇടിഞ്ഞതോടെ സവാള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാര്‍സല്‍ അയച്ചും നിരത്തില്‍ തള്ളിയും കത്തിച്ചും കൃഷിയിടങ്ങള്‍ ഉഴുതുമറിച്ചും കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു