ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്ഷോയ്ക്കായി ബാരിക്കേഡ് നിര്‍മിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ചെലവാക്കിയത് 52 ലക്ഷം രൂപ.കഴിഞ്ഞ ജനുവരി 12നാണ് ദേശീയ യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി ഹുബ്ബാളിയില്‍ മോദിയുടെ റോഡ് ഷോ നടന്നത്. റോഡ്ഷോയ്ക്കായി സംസ്ഥാന സര്‍ക്കാരായിരുന്നു ബാരിക്കേഡ് നിര്‍മിച്ചതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു.വിമാനത്താവളത്തില്‍നിന്ന് ഫെസ്റ്റിവല്‍ വേദിയായ റെയില്‍വേ ഗ്രൗണ്ട് വരെ ഏഴു കിലോമീറ്ററാണ് റോഡ്ഷോയില്‍ മോദിയുടെ സുരക്ഷയെന്ന പേരില്‍ ബാരിക്കേഡ് വച്ചിരുന്നത്.
പൊതുമരാമത്ത് വകുപ്പിനായിരുന്നു ഇതിന്റെ ചുമതല. നേരത്തെ, ഫെസ്റ്റിവല്‍ വേദിയിലേക്കുള്ള പാതയില്‍ ചിലയിടങ്ങളില്‍ സ്വീകരണമൊരുക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതു പിന്നീട് റോഡ്ഷോയാക്കി മാറ്റുകയായിരുന്നു.2,500 പൊലീസുകാരെ റോഡ്ഷോയില്‍ സുരക്ഷാചുമതലയ്ക്കായി വിന്യസിച്ചിരുന്നു. എന്നാല്‍, വന്‍ സുരക്ഷയ്ക്കിടയിലും റോഡ്ഷോയ്ക്കിടയില്‍ സുരക്ഷാവീഴ്ചയുണ്ടായത് വലിയ വിവാദമായിരുന്നു. സുരക്ഷാസന്നാഹങ്ങള്‍ മറികടന്ന് ഒരു യുവാവ് മോദിക്ക് ഹാരാര്‍പ്പണം നടത്താന്‍ ശ്രമിക്കുകയായിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് മുന്നിലുള്ള കര്‍ണാടകയില്‍ നരേന്ദ്ര മോദി വീണ്ടും റോഡ്ഷോയ്ക്ക് എത്തും. മാര്‍ച്ച് 12ന് മാണ്ഡ്യയിലാണ് പരിപാടി. കര്‍ണാടകയിലെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്. മോദിയുമായി എത്തുന്ന ഹെലികോപ്ടര്‍ ബംഗളൂരു-മൈസൂരു എക്സ്പ്രസ്വേയില് ഇറങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്
നടി രാഖി സാവന്തിന്റെ ഭർത്താവ് മൈസൂരു പോലീസ് കസ്റ്റഡിയിൽ
മൈസൂരു: ബോളിവുഡ് നടി രാഖി സാവന്തിന്റെ ഭർത്താവ് ആദിൽഖാൻ ധുരാനിയെ മൈസൂരു പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈ പോലീസിൽനിന്നാണ് മൈസൂരു പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. 27 വരെ ആദിൽ കസ്റ്റഡിയിൽ തുടരും.മൈസൂരുവിൽ പഠിക്കുന്ന ഇറാനിയൻ വിദ്യാർഥിനിയുടെ പീഡനപരാതിയിൽ ആദിലിന്റെ പേരിൽ മൈസൂരു വി.വി. പുരം പോലീസ് കേസെടുത്തിരുന്നു. ഇതുസംബന്ധിച്ച ചോദ്യംചെയ്യലിനും തെളിവെടുപ്പിനും വേണ്ടിയാണ് ആദിലിനെ മുംബൈയിൽനിന്ന് മൈസൂരുവിൽ കൊണ്ടുവന്നത്.
വി.വി. പുരം പോലീസ് സ്റ്റേഷനിൽ പ്രാഥമിക ചോദ്യംചെയ്യലിനുശേഷം കോടതിയിൽ ഹാജരാക്കിയ ആദിലിനെ കൂടുതൽ ചോദ്യംചെയ്യുന്നതിനായി തിങ്കളാഴ്ചവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.മൈസൂരു കോടതിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും തന്നെ വഞ്ചിച്ച ആദിലിന് ശിക്ഷ ലഭിക്കണമെന്നും രാഖി മാധ്യമപ്രവർത്തകരോട് പറഞ്ഞു.ആദിലിനെ നിയമപരമായാണ് വിവാഹം കഴിച്ചതെന്നും ബന്ധം വേർപെടുത്തില്ലെന്നും അവർ വ്യക്തമാക്കി.