ബെംഗളൂരു: ബെംഗളൂരുവില്‍ കാറിന് മുന്പില് ബൈക്ക് ഇടിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍.ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.ദൊഡ്ഡകനെല്ലി സ്വദേശികളായ ധനുഷ്(24), രക്ഷിത്(20) എന്നിവരാണ് പിടിയിലായത്.ബെംഗളൂരു സര്‍ജാപുര്‍ പ്രധാന റോഡില്‍ നിന്നും ഒരു ഇടറോഡിലേക്ക് കയറുന്നതിനിടെയാണ് യുവാക്കള്‍ ദമ്ബതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ വന്നിടിക്കുന്നത്.
കാറിന്റെ ഡാഷ്ബോര്‍ഡിലുണ്ടായിരുന്ന ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതി നല്‍കിയതോടെ നാലു മണിക്കൂറിനുള്ളില്‍ തന്നെ പ്രതികള്‍ പിടിയിലായി.യുവാക്കള്‍ ഇരുവരും എതിര്‍ദിശയില്‍ നിന്നും കാറിന് മുന്നില്‍ വന്നിടിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
തുടര്‍ന്ന് പ്രതികള്‍ ദമ്ബതികളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഇവരില്‍ നിന്നും കവര്‍ച്ചയ്ക്ക് ശ്രമിക്കുകയുമായിരുന്നു.ദമ്ബതികളുടെ കൈയ്യിലുണ്ടായിരുന്ന ആഭരണങ്ങളും മൊബൈല്‍ ഫോണും തട്ടിയെടുക്കാന്‍ പ്രതികള്‍ ശ്രമിച്ചു. എന്നാല്‍ ദമ്ബതികള്‍ കൃത്യമായി കാര്‍ പുറകോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു.
കാമുകിക്കൊപ്പം ലഡാക്കിലേക്ക് ട്രിപ്പ് പോകാന്‍ പണം തന്നില്ല; അമ്മായിയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു, അറസ്റ്റ്
ലക്നൗ: ഉത്തര്‍പ്രദേശില്‍ കാമുകിയും ഒന്നിച്ച് ലഡാക്കിലേക്ക് ട്രിപ്പ് പോകുന്നതിന് പണം നല്‍കാത്തതിന്റെ പേരില്‍ അമ്മായിയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു.സംഭവവുമായി ബന്ധപ്പെട്ട് 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.ബുലന്ദ്ഷഹറിലാണ് സംഭവം. സത്വിരിയാണ് മരിച്ചത്. അമ്മായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മരുമകന് സാഗറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.വീടിന് വെളിയില്‍ പോയി തിരിച്ചെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് സത്വിരിയുടെ മൃതദേഹം ഭര്‍ത്താവ് കണ്ടത്.
ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നായയുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്.മണം പിടിച്ച് സംഭവം നടന്ന വീടിന്റെ മുകളിലേക്ക് കയറിയ പൊലീസ് നായ, അവിടെ മുറിയില്‍ ഉണ്ടായിരുന്ന സാഗറിനെ നോക്കി കുരയ്ക്കാന്‍ തുടങ്ങി. ഈസമയത്ത് കൂട്ടുകാര്‍ക്കൊപ്പമായിരുന്നു സാഗര്‍. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍ സാഗര്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.ചുറ്റിക കൊണ്ട് അടിച്ചാണ് അമ്മായിയെ സാഗര്‍ കൊന്നത്.
കാമുകിക്കൊപ്പം ലഡാക്കിലേക്ക് ട്രിപ്പ് പോകാന്‍ പണം നല്‍കാതിരുന്നതും കാറിന്റെ കീ തരാതിരുന്നതുമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ കുറ്റം പ്രദേശവാസിയുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് സാഗര്‍ ശ്രമിച്ചത്. എന്നാല്‍ ഷര്‍ട്ടില്‍ കണ്ട രക്തക്കറയെ അടിസ്ഥാനമാക്കി വിശദമായി ചോദ്യം ചെയ്തപ്പോള്‍ സാഗര്‍ കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.