സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766-ലെ രാത്രി യാത്രാനിരോധന സമയത്തില്‍ വരുത്തുന്ന മാറ്റം കേരള- കര്‍ണാടക യാത്രക്കാര്‍ക്ക് ഇരുട്ടടിയാകും.നിലവില്‍ വൈകിട്ട് 9 മണി മുതല്‍ രാവിലെ 6 വരെയാണ് നിരോധനം. ഇത് വൈകിട്ട് 6 മണി മുതല്‍ പുലര്‍ച്ചെ 6 മണിവരെയാക്കണമെന്ന ചില എന്‍.ജി.ഒകളുടെ ആവശ്യ പ്രകാരം സമയത്തില്‍ മാറ്റം വരുത്താനുള്ള നീക്കത്തിലാണ് കര്‍ണാടക വനം വകുപ്പ്. കര്‍ണാടകയിലെ മഥൂരിനടുത്ത് കാട്ടാന ലോറിയിടിച്ച് മരിക്കാനിടയായ സാഹചര്യത്തിലാണ് സമയത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനകള്‍ രംഗത്ത് വന്നത്.
കേരള അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട, നഞ്ചന്‍കോട്, ചമരാജ് നഗര്‍, മൈസൂരു എന്നിവിടങ്ങളില്‍ നിരവധി മലയാളികളാണ് കൃഷിയുമായി ബന്ധപ്പെട്ട് കഴിയുന്നത്. അതുപോലെ മൈസൂരു ജില്ലയില്‍ നിന്നുള്ള ധാരാളം പേര്‍ കര്‍ണാടകയുടെ അതിര്‍ത്തി ജില്ലയായ വയനാട്ടിലും തൊഴില്‍ ചെയ്യുന്നു. നിത്യേന പോയിവരുന്ന ഇവര്‍ക്ക് സമയമാറ്റം വലിയ തിരിച്ചടിയാകും. വൈകിട്ട് 6 മണി മുതല്‍ റോഡ് അടക്കാനുള്ള തീരുമാനം നടപ്പാക്കിയാല്‍ നിരവധി പേരുടെ ജീവിത വഴി തന്നെ അടയുന്ന സ്ഥിതിയാവും.
ഇഞ്ചി ,വാഴ, പച്ചക്കറികള്‍ എന്നിവയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകരാണ് കര്‍ണാടകയിലുള്ളത്. വയനാട്ടില്‍ കാപ്പി വിളവെടുപ്പായതോടെ കര്‍ണാടകയില്‍ നിന്നുള്ള തൊഴിലാളികളാണ് ഇവിടെയുള്ളത്. 766-ലെ മുത്തങ്ങയ്ക്കും മഥൂരിനുമിടയ്ക്കുള്ള വനമേഖലയിലാണ് രാത്രി യാത്രാനിരോധനമുള്ളത്. രാത്രി 9 മണിയോടെ ഇരു ഭാഗത്തേയും ചെക്ക് പോസ്റ്റുകള്‍ അടച്ചിടും.രാത്രി കടന്നു പോകാന്‍ അനുവാദമുള്ള ഒന്ന് രണ്ട് യാത്ര ബസുകള്‍ ഒഴിച്ച് ഒമ്ബത് മണി കഴിഞ്ഞ് വരുന്ന വാഹനങ്ങളെ വനത്തിലേക്ക് പ്രവേശിപ്പിക്കാതെ ചെക്ക് പോസ്റ്റിന് പുറത്ത് തടഞ്ഞിടുകയാണ്.
നിലവിലെ നിരോധനം മൂലം നിരവധി അന്തര്‍ സംസ്ഥാന യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്. നിരോധന സമയം ദീര്‍ഘിപ്പിച്ചാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ബസിലും മറ്റുമായി ഇതുവഴി യാത്ര ചെയ്യുന്നവര്‍ക്ക് സമയത്തിന് ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയാത്ത സ്ഥിതിവരും.
ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞ് വിഡിയോ; 59കാരന്‍ അറസ്റ്റില്‍
കൊച്ചി; നടനും താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞ് വിഡിയോ പങ്കുവച്ചതിന് ഒരാള്‍ അറസ്റ്റില്‍.തിരുവനന്തപുരം സ്വദേശി കൃഷ്ണപ്രസാദ് (59) ആണ് അറസ്റ്റിലായത്. ഇടവേള ബാബുവിനേയും അമ്മ സംഘടനയേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കുവെക്കുകയായിരുന്നു. താരം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചി പൊലീസാണ് അറസ്റ്റു ചെയ്തത്.
മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് സിനിമയ്ക്കെതിരെയുള്ള ഇടവേള ബാബുവിന്റെ പരാമര്‍ശം വലിയ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെ തനിക്കെതിരെ അസഭ്യ വിഡിയോ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് കൊച്ചി സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കൃഷ്ണപ്രസാദിനെ മൊഴിയെടുക്കാനായി വിളിച്ച് വരുത്തിയ ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കൊച്ചി സൈബര്‍ പൊലീസ് അറിയിച്ചു.
പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായാണ് മുകുന്ദന്‍ ഉണ്ണി എത്തിയത്. ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അഭിനവ് സുന്ദര്‍ നായക് ആയിരുന്നു. വിനീത് ശ്രീനിവാസന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് മുകുന്ദന്‍ ഉണ്ണി വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ചിത്രത്തെ രൂക്ഷഭാഷയിലാണ് ഇടവേള ബാബു വിമര്‍ശിച്ചത്. ചിത്രം ഫുള്‍ നെഗറ്റീവ് ആണെന്നും ഇത്തരത്തില്‍ ഒരു സിനിമയ്ക്ക് എങ്ങനെ സെന്‍സറിംഗ് കിട്ടിയെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.