മംഗ്‌ളുരു : കുടുംബവഴക്കിനെ തുടര്‍ന്ന് മൂന്ന് കുട്ടികളെ കൊലപ്പെടുത്തി യുവതി വീട്ടില്‍ തൂങ്ങിമരിച്ചതായി പൊലീസ് പറഞ്ഞു.മാണ്ഡ്യ ജില്ലയില്‍ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മദ്ദൂര്‍ ടൗണിലെ ഹോളെ ബീഡിയില്‍ താമസിക്കുന്ന ഉസ്ന കൗസര്‍ (30), മക്കളായ ഹാരിസ് (ഏഴ്), ആലിസ (നാല്), ഫാത്വിമ (രണ്ട്) എന്നിവരാണ് മരിച്ചത്.കാര്‍ മെകാനിക്കായ അകീലാണ് ഉസ്ന കൗസറിന്റെ ഭര്‍ത്താവ്.
യുവതി മദ്ദൂര്‍ ടൗണിലെ നഴ്സിംഗ് ഹോമിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. വ്യാഴാഴ്ച രാത്രി മക്കള്‍ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം യുവതി ജീവിതം അവസാനിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ആരോഗ്യ മന്ത്രി കെ. സുധാകറിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ കോടതി ഉത്തരവ്
ബംഗളൂരു: ആരോഗ്യ മന്ത്രി ഡോ. കെ. സുധാകറിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ബംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടു.ചിക്കബല്ലാപുരയിലെ പൊതുപ്രവര്‍ത്തകനായ ആര്‍. ആഞ്ജനേയ റെഡ്ഡി നല്‍കിയ ഹരജിയിലാണ് നടപടി. തനിക്ക് മാനഹാനിയുണ്ടാക്കുന്നവിധം മന്ത്രി പൊതുസ്ഥലത്ത് പ്രസംഗിച്ചെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ സ്വകാര്യ ഹരജിയിലാണ് മന്ത്രി പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്നും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി ഉത്തരവിട്ടത്.
ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 499, 500, 501 വകുപ്പുകള്‍ പ്രകാരവും 34 വകുപ്പ് പ്രകാരവും കുറ്റാരോപിതനെതിരെ നടപടി ആവശ്യമാണെന്ന് ജനപ്രതിനിധികള്‍ക്കെതിരായ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ചിക്കബല്ലാപുരയിലെയും കോലാറിലെയും തടാകങ്ങളിലേക്ക് അഴുക്കുചാല്‍ ശുദ്ധീകരിച്ച ജലം കൊണ്ടുവരുന്ന പദ്ധതിയെ റെഡ്ഡി എതിര്‍ത്തിരുന്നു.
ഈ പദ്ധതിക്ക് ചിക്കബല്ലാപുര എം.എല്‍.എയായ സുധാകര്‍ പിന്തുണ നല്‍കുന്നുണ്ടെന്നും ആരോപിച്ചിരുന്നു. പിന്നീട് 2019ല്‍ സുധാകര്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്സനായി നിയമിതനായി. ഇതിനെതിരെ റെഡ്ഡി ഹൈകോടതിയെ സമീപിച്ചു.
തുടര്‍ന്ന് ചിക്കബല്ലാപുരയില്‍ നടന്ന പൊതുയോഗത്തില്‍ റെഡ്ഡിയെ സുധാകര്‍ മോശമാക്കി സംസാരിച്ചെന്നാണ് പരാതി.ജൂണ്‍ 27ന് ചിക്കബല്ലാപുര മരളക്കുണ്ഡെ വില്ലേജില്‍ നടന്ന പൊതുയോഗത്തില്‍ റെഡ്ഡിയെ മന്ത്രി അവഹേളിച്ചിരുന്നു. ഇത്ത് ഉദയവാണി, വിജയ്കര്‍ണാടക പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. മന്ത്രിക്കും രണ്ട് പത്രങ്ങള്‍ക്കും ഇയാള്‍ വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും അവര്‍ മാപ്പ് പറയാതിരുന്നതോടെയാണ് കോടതിയെ സമീപിച്ചത്.