ബംഗളൂരു: വിശപ്പ് മാറ്റുന്നതിനായി നാണയത്തുട്ടുകള്‍ വിഴുങ്ങിയ ആളുടെ വയറ്റില്‍ നിന്ന് നാണയങ്ങള്‍ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. കര്‍ണാടകയിലെ റായ്ച്ചൂരിലെ ലിംഗസുഗൂരിലാണ് സംഭവം. ധ്യാമപ്പ എന്ന 58 വയസ്സുകാരന്റെ ആമാശയത്തില്‍ നിന്നാണ് 187 നാണയങ്ങള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
ശ്രീകുമാരേശ്വര ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്. പുറത്തെടുത്ത നാണയങ്ങള്‍ക്ക് ഒന്നര കിലോ ഭാരം വരും. കഴിഞ്ഞ 7 മാസം കൊണ്ടാണ് ഇത്രയും നാണയങ്ങള്‍ വിഴുങ്ങിയതെന്നാണ് ഇയാള്‍ പറയുന്നത്. എപ്പോഴും വിശപ്പ് തോന്നുന്ന അസുഖമുള്ളതിനാലാണ് നാണയങ്ങളും കഴിച്ചു തുടങ്ങിയത്.
ഒരു രൂപ മുതല്‍ അഞ്ച് രൂപയുടെ വരെ നാണയത്തുട്ടുകള്‍ ഇയാള്‍ വിഴുങ്ങാറുണ്ടായിരുന്നു. വയറുവേദനയെ തുടര്‍ന്ന് ഇയാളെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയറിനുള്ളിലെ നാണയങ്ങള്‍ കണ്ടെത്തിയത്.
റെയില്‍വേ ട്രാക്കിനുമേലുള്ള പാലം തകര്‍ന്നു: 12 പേര്‍ക്ക് പരുക്ക്
നാഗ്പുര്‍: മഹാരാഷ്ട്രയില്‍ റെയില്‍വേ ട്രാക്കിന് കുറുകെയുള്ള ഫുട് ഓവര്‍ബ്രിഡ്ജ് തകര്‍ന്ന് ഒരാള്‍ മരിച്ചു.
12 പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലെ ബല്ലാര്‍പൂര്‍ പട്ടണത്തിലെ ബല്‍ഹര്‍ഷാ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. നാഗ്പൂരില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്റ്റേഷന്‍. വൈകിട്ട് 5.10 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നീലിറ രംഗാരി (48) ആണ് മരിച്ചത്.
സെന്‍ട്രല്‍ റെയില്‍വേയുടെ ഭാഗമായ നാഗ്പൂര്‍ ഡിവിഷന്‍റെ കീഴില്‍ വരുന്ന സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. പൂനെ വഴിയുള്ള ട്രെയിന്‍ പിടിക്കാന്‍ ഒരു വലിയ ജനക്കൂട്ടം പാലം ഉപയോഗിക്കുകയായിരുന്നുവെന്നും പെട്ടെന്ന് അതിന്‍റെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നുവെന്നും റെയില്‍വേ പോലീസ് പറഞ്ഞു.
20 അടി താഴ്ചയുള്ള റെയില്‍വേ ട്രാക്കിലാണ് ഇവര്‍ വീണത്. പരിക്കേറ്റവരെ ബല്ലാര്‍പൂര്‍ റൂറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ചിലരെ ചന്ദ്രപൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.