ബംഗളൂരു: കര്‍ണാടക സംസ്ഥാനം രൂപവത്കരിച്ചതിന്റെ 67ാമത് കന്നട രാജ്യോത്സവ ആഘോഷങ്ങള്‍ ആവേശമായി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ വിപുലമായ പരിപാടികള്‍ നടന്നു.
വിധാന്‍ സൗധയില്‍ നടന്ന ആഘോഷത്തില്‍ അന്തരിച്ച നടന് പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി കര്‍ണാടക രത്ന പുരസ്കാരം സമ്മാനിച്ചു. അദ്ദേഹത്തിന്റെ ഭാര്യ അശ്വിനി പുനീത് രാജ്കുമാര് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. പുനീതിന്റെ സഹോദരനും നടനുമായ ശിവരാജ്കുമാറും കുടുംബാംഗങ്ങളും പങ്കെടുത്തു. വെള്ളി ഫലകവും 50 ഗ്രാം സ്വര്‍ണമെഡലും അടങ്ങിയതാണ് അവാര്‍ഡ്.
കര്‍ണാടകരത്ന അവാര്‍ഡ് നേടുന്ന ഒമ്ബതാമത്തെ വ്യക്തിയാണ് പുനീത് രാജ്കുമാര്. പുനീതിന്റെ പിതാവ് അന്തരിച്ച നടന് ഡോ. രാജ്കുമാറാണ് 1992ല്‍ ആദ്യ കര്‍ണാടകരത്ന പുരസ്കാരം നേടിയതെന്ന പ്രത്യേകതയുമുണ്ട്. നടന് രജനികാന്ത്, ജൂനിയര്‍ എന്‍.ടി.ആര്, ഇന്‍ഫോസിസ് ഫൗണ്ടേഷന് ചെയര്പേഴ്സന് സുധമൂര്‍ത്തി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വൈകീട്ട് പെട്ടെന്ന് മഴ പെയ്തതതോടെ, വിധാന്‍സൗധയില്‍ നടന്ന ചടങ്ങ് വേഗത്തില്‍ അവസാനിപ്പിച്ചു.
വിജയ് പ്രകാശ് അടക്കമുള്ള പ്രമുഖ ഗായകരുടെ സംഗീതപരിപാടിയും ഉണ്ടായിരുന്നു. സിനിമ, സാഹിത്യ മേഖലയിലെ പ്രമുഖര്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടി കാണാന്‍ വന്‍ജനക്കൂട്ടമാണ് എത്തിയത്. ഐ.എസ്.ആര്.ഒ മുന്‍ ചെയര്മാന് ഡോ. കെ. ശിവന് അടക്കമുള്ള 67 പേര്‍ക്ക് കന്നട രാജ്യോത്സവ പുരസ്കാരവും കൈമാറി.
കന്നട രാജ്യോത്സവ് പരിപാടിക്കിടെ പ്രതിഷേധം
ബംഗളൂരു: 67ാമത് കന്നട രാജ്യോത്സവ ആഘോഷപരിപാടികള്‍ക്കിടെ വിവിധയിടങ്ങളില്‍ പ്രതിഷേധം. കല്യാണ കര്‍ണാടക മേഖല ഉള്‍ക്കൊള്ളുന്ന പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പട്ടാണ് കലബുറഗിയില്‍ ചൊവ്വാഴ്ച മഹാരാഷ്ട്ര ഏകീകരണ സമിതി (എം.ഇ.എസ്), കല്യാണ കര്‍ണാടക പ്രത്യേക രാജ്യ ഹൊരട്ട സമിതി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിദര്‍, കലബുറഗി, യാദ്ഗിര്‍, റെയ്ച്ചൂര്‍, ബെള്ളാരി എന്നിവ ഉള്‍പ്പെടുത്തി കല്യാണ കര്‍ണാടക മേഖലയെ പ്രത്യേക സംസ്ഥാനമാക്കി മാറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം. പ്രതിഷേധക്കാര്‍ കലബുറഗിയിയിലെ എസ്.പി.വി സര്‍ക്കിളിലേക്ക് മാര്‍ച്ച് നടത്തി തങ്ങള്‍ ആവശ്യപ്പെടുന്ന സംസ്ഥാനത്തിന്റെ പതാക ഉയര്‍ത്താന്‍ ശ്രമിച്ചിരുന്നു. കല്യാണ കര്‍ണാടക മേഖലയിലെ സമ്ബത്താണ് കര്‍ണാടക സംസ്ഥാനത്തിന്റെ മൊത്തം വികസനത്തിനായി ഉപയോഗിക്കുന്നതെന്നും എന്നാല്‍ ഈ മേഖലയിലെ ജില്ലകള്‍ അവികസിതമായി തുടരുകയാണെന്നും ഇതിനുള്ള പരിഹാരം പ്രത്യേക സംസ്ഥാനമാണെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
സമിതിയുടെ നേതൃത്വത്തില്‍ കന്നട രാജ്യോത്സവ ദിനം ബെളഗാവി ജില്ലയില്‍ കരിദിനമായി ആചരിച്ചിരുന്നു. കര്‍ണാടകയുടെ രൂപവത്കരണസമയത്ത് ബെളഗാവിയെയും സംസ്ഥനത്തിന്റെ ഭാഗമാക്കി മാറ്റിയതിനെതിരെയാണ് എം.ഇ.എസ് എല്ലാവര്‍ഷവും ഈ ദിനത്തില്‍ പ്രതിഷേധിക്കുന്നത്. മറാത്ത സംസാരിക്കുന്നവര്‍ ഭൂരിപക്ഷമുള്ള ബെളഗാവിയെ മഹരാഷ്ട്രയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ശിവസേന പ്രവര്‍ത്തകര്‍ ബെളഗാവി ജില്ലയില്‍ പ്രവേശിക്കുന്നത് ചൊവ്വാഴ്ച പൊലീസ് വിലക്കിയിരുന്നു. കര്‍ണാടക സംസ്ഥാനം രൂപവത്കരിച്ചതിന്റെ വാര്‍ഷികമായാണ് നവംബര്‍ ഒന്ന് കന്നട രാജ്യോത്സവ ദിനമായി ആേഘാഷിക്കുന്നത്. അതേസമയം, ചിക്കമഗളൂരില്‍ നടന്ന കന്നട രാജ്യോത്സവ് ദിനാഘോഷപരിപാടിക്കിടെ വിവിധ ദലിത് സംഘടനകളും പ്രതിഷേധിച്ചു.
സുഭാഷ് ചന്ദ്രബോസ് മൈതാനത്താണ് ഔദ്യോഗിക പരിപാടികള്‍ നടന്നത്. ഇതിനു മുമ്ബാണ് ആസാദ് പാര്‍ക്കില്‍ ദലിത് നേതാക്കളുടെ നേതൃത്വത്തില്‍ കറുത്ത തുണിയണിഞ്ഞ് പ്രതിഷേധപരിപാടി നടത്തിയത്. ദലിതരായ എസ്റ്റേറ്റ് തൊഴിലാളികളെ ആക്രമിച്ച എസ്േറ്ററ്റ് ഉടമകള്‍ക്കെതിരെ നടപടിയെടുക്കാത്ത ജില്ല ഭരണകൂടത്തിനെതിരെയും മണ്ഡലം എം.എല്‍.എ സി.ടി. രവിക്കുമെതിരെയായിരുന്നു പ്രതിഷേധം. പൊലീസ് 20 ദലിത് നേതാക്കളെ കസ്റ്റഡിയില്‍ എടുത്തു.