കര്‍ണാടക: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര കര്‍ണാടകയില്‍ പ്രയാണം തുടരുന്നു. വന്‍ ജനപങ്കാളിത്തമാണ് യാത്രയ്ക്ക് ലഭിക്കുന്നത്.യാത്രയുടെ 33-ാം ദിവസമായ ഇന്ന് രാവിലെ 6.35 നാണ് പദയാത്ര ആരംഭിച്ചത്. പോച്ച്കട്ടെയില്‍ നിന്ന് പ്രയാണം തുടങ്ങിയ യാത്ര ബസവനഗുഡിയില്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി. ബസവനഗുഡിക്ക് അടുത്തുള്ള ഒരു മൈതാനത്തിലാണ് സ്ഥിരം പദയാത്രികരുടെ ഇന്നത്തെ ഉച്ചവിശ്രമം.
ഉച്ചയ്ക്ക് ശേഷം പുനഃരാരംഭിക്കുന്ന പദയാത്ര ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂരിന് അടുത്തുള്ള ഹര്ത്തികോട്ട് ഗ്രാമത്തിലെത്തിച്ചേരും.ചരിത്രപരമായ ദൗത്യമാണ് ജോഡോ യാത്രയ്ക്കുള്ളതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വര്‍ത്തമാന കാലത്തും രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെയാണ് കോണ്‍ഗ്രസിന്റെ പോരാട്ടം. അതിനു വേണ്ടിയുള്ള ഉറച്ച ചുവടുകളാണ് ഭാരത് ജോഡോ യാത്രയിലൂടെ അണിചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.
യാത്ര ഒരു മാസം പിന്നിട്ടതോടെ മിക്ക യാത്രികരുടെയും പാദങ്ങള്‍ വിണ്ടു കീറി. മുറിവേറ്റിട്ടും അവരെല്ലാം ആവേശത്തേരിലാണ്. ഓരോ ദിവസവും വൈകുന്നേരം അവരെ നേരില്‍ക്കണ്ട് രാഹുല്‍ ഗാന്ധി അഭിവാദ്യം നടത്തുന്നുണ്ട്. തുംകൂര്‍ ജില്ലയില്‍ നിന്നും ചിത്രദുര്‍ഗ ജില്ലയിലേക്ക് ഇന്ന് യാത്ര പ്രവേശിക്കും.
ഭാരത് ജോഡോ യാത്രയില്‍ സവര്‍ക്കറിനെതിരായ പരാമര്‍ശം : രാഹുല്‍ ഗാന്ധി സൂക്ഷിച്ച് സംസാരിക്കണമെന്ന് ശിവസേന
മുംബൈ: ഭാരത് ജോഡോ യാത്ര നയിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സവര്‍ക്കറിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷ പ്രതികരണവുമായി ശിവസേന.രാഹുല്‍ ഗാന്ധി സൂക്ഷിച്ച് സംസാരിക്കണമെന്ന് ശിവസേന നേതാവ് മനീഷ കയാണ്ഡെ മുന്നറിയിപ്പ് നല്കി.സവര്‍ക്കറിനെതിരായ പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുമ്ബ് രാഹുല്‍ ഗാന്ധി ചിന്തിക്കണം.സവര്‍ക്കറെ കുറിച്ചുള്ള ശിവസേനയുടെ അഭിപ്രായത്തിന് മാറ്റമില്ല.
അത് എന്നും അങ്ങനെ തന്നെയായിരിക്കും. രാഹുല്‍ ഗാന്ധി ഇത്തരം പ്രസ്താവന നടത്തുന്നത് സ്വയം നിര്‍ത്തണം – കയാണ്ഡെ കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര നയിക്കുന്ന ഗാന്ധി, കര്‍ണാടകയിലെ റാലിയില്‍, സ്വാതന്ത്ര്യ സമര കാലത്ത് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നുവെന്നും അതിനായി അദ്ദേഹത്തിന് പണം ലഭിച്ചിരുന്നുവെന്നും പറഞ്ഞിരുന്നു. ആര്.എസ്.എസും ബ്രിട്ടീഷ് രാജിനെ പിന്തുണക്കുന്നുണ്ടെന്നും രാഹുല്‍ ആരോപിച്ചു.ഇതാണ് ശിവസേനയെ ചൊടിപ്പിച്ചത്.
രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ശിവസേന കൂട്ടിച്ചേര്‍ത്തു.ശനിയാഴ്ച രാഷ്ട്രീയ സ്വയംസേവക് സംഘ് നേതാവ് ഇന്ദ്രേഷ് കുമാറും രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ അപലപിച്ചിരുന്നു. വസ്തുതകളുടെ പിന്‍ബലമില്ലാതെ സംസാരിക്കുന്നതിന് പേരുകേട്ട ആളാണ് കോണ്‍ഗ്രസ് എം.പിയെന്നും രാഷ്ട്രീയത്തിലെ പരാജയത്തിന്റെ നിരാശ ഇങ്ങനെ പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സവര്‍ക്കറിനേയും ആര്.എസ്.എസിനേയും കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന നുണയാണ്.
ആര്.എസ്.എസിനും സവര്‍ക്കറിനുമെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കോണ്‍ഗ്രസിന് ഫാഷനായി മാറിയിട്ടുണ്ട്. സവര്‍ക്കര്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നെന്നും ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ടെന്നും കുമാര്‍ എ.എന്‍.ഐയോട് പറഞ്ഞു. രാഹുല്‍ ഗാന്ധി നുണ പറയുന്നത് അവസാനിപ്പിക്കണമെന്നും ഇന്ദ്രേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചു. ഇന്ത്യാ വിഭജനത്തില്‍ ബ്രിട്ടീഷുകാരെ പിന്തുണച്ചത് നെഹ്റുവാണ്. അവര്‍ ഗാന്ധി കുടുംബമല്ല.
യഥാര്‍ഥത്തില്‍ നെഹ്റു കുടുംബമാണ്. രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധിയുടെ പരാജയം നിരാശയായി രൂപപ്പെട്ടതാണ് ഈ പരാമര്‍ശങ്ങള്‍ – ആര്.എസ്.എസ് നേതാവ് കൂട്ടിച്ചേര്‍ത്തു.