തിരുവനന്തപുരം: ഓണം ബമ്പർ അടിച്ച ശേഷം സ്വന്തം വീട്ടിൽ കയറാൻ പറ്റാത്ത അവസ്ഥയിലാണ് താനെന്ന് അനൂപ്. അസുഖമായ കുഞ്ഞിനെ കാണാൻ പോലും പറ്റുന്നില്ല. കുഞ്ഞിനെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകണം. അതിനൊന്നും ആളുകൾ സമ്മതിക്കുന്നില്ല. 24 മണിക്കൂറും വീടിന്റെ വാതിലിൽ മുട്ടിക്കൊണ്ടിരിക്കുകയാണ്. തനിക്ക് പണം കിട്ടിയിട്ടില്ല. തന്റെ വിഷമം മനസ്സിലാക്കണമെന്നും അനൂപ് ഷെയർ ചെയ്ത വീഡിയോയിൽ പറഞ്ഞു.
തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയാണ് അനൂപ്. 25 കോടി രൂപയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം. കേരളാ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണത്തേത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനമെങ്കിലും മുഴുവൻ തുകയും അനൂപിന് ലഭിക്കില്ല. 15.75 കോടി രൂപയാണ് കിട്ടുക. 2.5 കോടി രൂപ ഏജന്റിന് കമ്മീഷനായി നൽകണം.ആളുകളെ സഹായിക്കാൻ മനസ്സുണ്ടെന്നും എന്നാൽ രണ്ട് വർഷത്തേക്ക് പണം ഉപയോഗിക്കില്ലെന്നാണ് തീരുമാനമെന്നും തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ അനൂപ് പറയുന്നു.
മാധ്യമങ്ങളിലൂടെ തന്നെ കണ്ട് പരിചയമായതുകാരണം ഇപ്പോൾ ഒരിടത്തും പോകാൻ കഴിയുന്നില്ല. വീടിന് പുറത്ത് ഗേറ്റിന് മുന്നിൽ വന്ന് ആളുകൾ തട്ടുകയാണെന്നും അനൂപ് പറയുന്നു. പണം കിട്ടിയില്ലെന്ന് പറഞ്ഞാലും ആളുകൾ വിടാതെ പിന്തുടരുന്നത് കാരണം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്.ഓണം ബമ്പർ അടിച്ചപ്പോൾ വലിയ സന്തോഷമായിരുന്നു.
സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്ത അവസ്ഥയായിരുന്നു. ഇപ്പോൾ ഓരോ ദിവസം കഴിയുംമ്പോഴും അവസ്ഥ മാറി വരികയാണ്. വീടിന് പുറത്തേക്ക് ഇറങ്ങാനോ ഒരിടത്ത് പോകാനോ കഴിയുന്നില്ല. കുട്ടിക്ക് സുഖമില്ലാതായിട്ട് പോലും ആശുപത്രിയിൽ പോകാൻ കഴിയുന്നില്ല. സ്വന്തം വീടുവിട്ട് ഓരോ ബന്ധുക്കളുടെ വീട്ടിലാണ് ഇപ്പോൾ താമസം. എവിടേക്ക് മാറിയാലും ആളുകൾ സ്ഥലം കണ്ടെത്തി അവിടേക്ക് വരുന്നു.
എന്തെങ്കിലും താ മോനെ എന്ന് പറഞ്ഞ് രാവിലെ മുതൽ ആളുകൾ എത്തും. എല്ലാവരോടും പറയാനുള്ളത് എനിക്ക് ഇതുവരെ പണം കിട്ടിയിട്ടില്ലെന്നതാണ്. ഇത്രത്തോളം ആയി മാറും അവസ്ഥയെന്ന് അറിയില്ലായിരുന്നു. പണം കിട്ടിയാലും ടാക്സ് സംബന്ധിച്ച ഒരു കാര്യവും അറിയില്ല. രണ്ട് വർഷം കഴിഞ്ഞ് മാത്രമേ പണം ഉപയോഗിക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കൂ.
കോടീശ്വരൻ എന്ന് പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം കുട്ടിയുടെ അടുത്തേക്ക് വരാൻ കഴിയുന്നില്ല.തന്നെ അന്വേഷിച്ച് വരുന്നവരുടെ ശല്യം കാരണം അയൽവാസികൾ പോലും ഇപ്പോൾ ശത്രുക്കളായി മാറി. ഇത്രയും വലിയ സമ്മാനം കിട്ടേണ്ടായിരുന്നുവെന്നാണ് ഇപ്പോൾ തോന്നുന്നത്. ആളുകളെ സഹായിക്കാൻ തനിക്ക് മനസ്സുണ്ട്. പക്ഷേ ഇപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല, വീഡിയോയിൽ അനൂപ് പറഞ്ഞു.