Home Featured ബംഗളുരുവിൽ ലൈംഗിക പീഡനക്കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിനും ഭാര്യയ്ക്കുമെതിരെ കേസ്

ബംഗളുരുവിൽ ലൈംഗിക പീഡനക്കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിനും ഭാര്യയ്ക്കുമെതിരെ കേസ്

ബെംഗളൂരു: യുവതിയെ ഏഴ് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിനും ഭാര്യയ്ക്കുമെതിരെ കേസെടുത്തു.അതിജീവിതയുടെ അമ്മ ബെംഗളൂരു കെആര്‍ പുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.

ഏഴ് വര്‍ഷങ്ങള്‍ക്കു മുന്‍പ് സുഹൃത്തിന്റെ വീട്ടില്‍ നടന്ന മത ചടങ്ങിനിടെയാണ് യുവതി ‘ആധ്യാത്മിക ഗുരു ‘ എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ആനന്ദ മൂര്‍ത്തിയെയും ഭാര്യയെയും പരിചയപ്പെടുന്നത്.ജീവന്‍ അപകടത്തിലാണെന്നു ആനന്ദ മൂര്‍ത്തി യുവതിയോട് പറഞ്ഞു. പരിഹാരക്രിയ ചെയ്യണമെന്ന മൂര്‍ത്തി നിര്‍ദേശം നല്‍കിയത് അനുസരിച്ച്‌ പെണ്‍കുട്ടി ഇയാളുടെ വസതിയില്‍ എത്തുകയായിരുന്നുവെന്നു കെആര്‍ പുരം പൊലീസ് പറഞ്ഞു.

വീട്ടില്‍ എത്തിയ യുവതിക്കു ലഹരിമരുന്ന് ചേര്‍ത്ത പാനീയം നല്‍കി ആനന്ദ മൂര്‍ത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ബോധം വന്നപ്പോള്‍ താന്‍ അര്‍ധ നഗ്‌നയായിരുന്നുവെന്നും ആനന്ദ് മൂര്‍ത്തിയും ഭാര്യയും തന്നോടോപ്പം കട്ടിലില്‍ കിടക്കുകയായിരുന്നുവെന്നും യുവതി മൊഴി നല്‍കിയിരുന്നു.ദമ്ബതികള്‍ കുറേ വര്‍ഷമായി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.

വിവരം പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഇവര്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. പീഡനദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി പലസ്ഥലങ്ങളില്‍ എത്തിച്ച്‌ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും അതിജീവിത പരാതിയില്‍ പറയുന്നു.പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. അതോടെ വിവാഹത്തില്‍ നിന്ന് പിന്‍മാറണമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടി പറഞ്ഞു.

ആനന്ദ മൂര്‍ത്തിയും ഭാര്യയും പ്രതിശ്രുത വരന്റെ വീട്ടിലെത്തി പീഡനദൃശ്യങ്ങള്‍ കാണിച്ചതോടെ പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം മുടങ്ങിയിരുന്നു. ഈ സംഭവത്തോടെയാണ് യുവതിയുടെ മാതാപിതാക്കളും ബന്ധുക്കളും പീഡനവിവരം അറിയുന്നതും പൊലീസില്‍ പരാതി നല്‍കുന്നതും.

യുവതിയുടെ വിവാഹം നടത്താന്‍ ശ്രമിച്ചാല്‍ കുടുംബത്തെ തന്നെ കൊല്ലുമെന്ന് പെണ്‍കുട്ടിയുടെ സഹോദരനെ ആനന്ദ മൂര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയതോടെ പ്രതിയും ഭാര്യയും ഒളിവില്‍ പോയെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും കെആര്‍ പുരം പൊലീസ് അറിയിച്ചു.

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കില്ല: മുഖ്യമന്ത്രി


വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

കെ.കെ. ശൈലജ ടീച്ചറുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും പി.ടി.എ പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധികളും പരസ്പരം ആലോചിച്ച്‌ ഉചിതമായ യൂണിഫോം തീരുമാനിച്ച്‌ നടപ്പിലാക്കുകയാണ് വേണ്ടത്.

യൂണിഫോമിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്ന വിവാദം ഒരു ഉദാഹരണമാണ്. ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് ഈ സര്‍ക്കാരിന്റെ നയമല്ല. വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തില്‍ വ്യക്തികള്‍ക്ക് സാമൂഹ്യകടമകള്‍ക്ക് അനുസൃതമായുള്ള സര്‍വ്വസ്വാതന്ത്ര്യവും ഉണ്ടായിരിക്കുന്നതാണ്. ഒരുതരത്തിലുള്ള തീവ്ര നിലപാടുകളും മേല്‍പ്പറഞ്ഞവയെ ഹനിക്കാന്‍ പാടില്ലായെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഓരോ വിദ്യാലയങ്ങളിലും അവരുടെ യൂണിഫോം വിദ്യാലയതലത്തിലാണ് തീരുമാനിക്കുക. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല.

പുരോഗമന സ്വഭാവമുള്ള ഒരു വിജ്ഞാന സമൂഹ നിര്‍മ്മിതിയാണ് നമ്മുടെ ലക്ഷ്യം. അതിന് ശാസ്ത്ര അവബോധം അനിവാര്യമാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സ്ത്രീകളുടെ മേലുള്‍പ്പെടെ വസ്ത്രധാരണ രീതി അടിച്ചേല്‍പ്പിക്കാന്‍ ഉണ്ടാകുന്ന ശ്രമങ്ങള്‍ നമ്മുടെ ലക്ഷ്യത്തിന് തടസ്സം നില്‍ക്കുന്ന ഒന്നാണ്. അത്തരം വാദഗതികള്‍ അംഗീകരിച്ചുകൊടുക്കുന്ന നയമല്ല സര്‍ക്കാരിന്റേത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുടെ ജാതി-മത-ലിംഗ ഭേദമന്യേ അവര്‍ അര്‍ഹിക്കുന്ന സ്വാതന്ത്ര്യം ഉണ്ടാകണം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇതിന് സഹായകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് നമ്മളേവരും മുന്‍കൈ എടുക്കേണ്ടത്.

സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഇതിനുണ്ടായിരിക്കുന്നതാണ്. നമ്മുടെ സമൂഹത്തില്‍ സ്ത്രീ സമൂഹത്തിന് തുല്യതാബോധം എന്ന ലക്ഷ്യത്തോടെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ ലക്ഷ്യത്തിന് കടകവിരുദ്ധമായി അടുത്തകാലത്ത് കാണുന്ന ചില പ്രവണതകള്‍ തീര്‍ത്തും നിരുത്സാഹപ്പെടുത്തേണ്ടവയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ സംസ്ഥാനം ലിംഗനീതിയുടെ കാര്യത്തില്‍ ഏറ്റവും മുമ്ബിലാണെന്ന് നിതിആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. പലവിധ കാരണങ്ങളാല്‍ അനവധി പരാധീനതകള്‍ നേരിട്ടിരുന്ന നമ്മുടെ സ്ത്രീ സമൂഹത്തെ ശാക്തീകരണത്തിന്റെ പാതയിലേക്ക് നയിക്കാന്‍ സര്‍ക്കാരും ബഹുജന പ്രസ്ഥാനങ്ങളും സന്നദ്ധസംഘടനകളും വലിയപങ്കാണ് വഹിച്ചിട്ടുള്ളത്. രാജ്യത്തിന് ആകെ മാതൃകയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി ഉറപ്പുവരുത്തിയ സംസ്ഥാനമാണ് കേരളം. കുറഞ്ഞ മാതൃമരണ നിരക്ക്, ഉയര്‍ന്ന ലിംഗാനുപാതം, സ്ത്രീകളുടെ ഉയര്‍ന്ന ജീവിതദൈര്‍ഘ്യം എന്നീ സൂചികകളിലെല്ലാം കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ്.

വിദ്യാഭ്യാസരംഗത്ത് കേരളത്തിലെ പെണ്‍കുട്ടികളുടെ പ്രാതിനിധ്യം ശ്രദ്ധേയമാണ്. ഹൈസ്‌കൂള്‍തലം വരെ പെണ്‍കുട്ടികളുടെ പ്രവേശനനിരക്ക് 48 ശതമാനമാണ്. ഹയര്‍ സെക്കണ്ടറി തലത്തില്‍ 51.82 ശതമാനവും. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ ബിരുദകോഴ്‌സുകളില്‍ പ്രവേശനം നേടുന്നവരുടെ 64.6 ശതമാനവും ബിരുദാനന്തര കോഴ്‌സുകളില്‍ പ്രവേശനം നേടുന്നവരുടെ 64.89 ശതമാനവുമാണ്. തൊഴിലധിഷ്ഠിത കോഴ്‌സുകളായ നഴ്‌സിംഗ്, ലാബ് ടെക്‌നീഷ്യന്‍ എന്നീ കോഴ്‌സുകളിലെ പെണ്‍കുട്ടികളുടെ പ്രാതിനിധ്യം 81.35 ശതമാനമാണ്. എഞ്ചിനീയറിംഗ് പോളിടെക്‌നിക്ക് മേഖലയില്‍ മാത്രമാണ് പെണ്‍കുട്ടികളുടെ പ്രാതിനിധ്യം കുറഞ്ഞ് നില്‍ക്കുന്നത്. അതും ഇപ്പോള്‍ വര്‍ദ്ധനവിന്റെ സൂചന കാണിക്കുന്നുണ്ട്.

കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് 25.4 ശതമാനമാണ്. ഇത് ദേശീയ ശരാശരിയായ 23.3 ശതമാനത്തേക്കാള്‍ ഉയര്‍ന്നതാണ്. കുടുംബശ്രീ പോലുള്ള സ്വയംസഹായ സംഘങ്ങള്‍ വനിതകളുടെ നേതൃത്വത്തിലുള്ളതാണ്. അന്തര്‍ദേശീയതലത്തില്‍ തന്നെ ഈ മാതൃക ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.
2017-18 മുതല്‍ സംസ്ഥാനത്ത് ജന്‍ഡര്‍ ബഡ്ജറ്റ് അവതരിപ്പിക്കുന്നുണ്ട്. 2022-23 ലെ ബഡ്ജറ്റില്‍ ജന്‍ഡര്‍ ബഡ്ജറ്റിന്റെ വിഹിതം 20.90 ശതമാനമാണ്. ഇന്ത്യയില്‍ ആദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ നയം പ്രഖ്യാപിച്ചത് കേരളമാണ്. ഈ വിഭാഗത്തില്‍ വരുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും ഇതേ പ്രാധാന്യത്തോടെയുള്ള പരിഗണന നല്‍കുക എന്നതും സര്‍ക്കാരിന്റെ നയമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group