Home Featured 104 സീറ്റുകള്‍ വരെ ലഭിക്കും; കര്‍ണാടകത്തില്‍ ബിജെപിക്ക് ആശ്വാസമായി സര്‍വ്വേ

104 സീറ്റുകള്‍ വരെ ലഭിക്കും; കര്‍ണാടകത്തില്‍ ബിജെപിക്ക് ആശ്വാസമായി സര്‍വ്വേ

ബെംഗളൂരു; കര്‍ണാടകത്തില്‍ ബി ജെ പിയുടെ പ്രതീക്ഷകള്‍ ഇരട്ടിപ്പിച്ച്‌ പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വ്വേ. നിലവില്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ ബി ജെ പി 104 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വ്വേ ഫലം.

കോണ്‍ഗ്രസിന് 70 സീറ്റുകളും ജെ ഡി എസിന് 20 സീറ്റുകളുമാണ് സര്‍വ്വേ പ്രവചിക്കുന്നത്.ബിഎസ്പി, എ ഐ എം ഐ എം, എ എ പി എന്നിവയുള്‍പ്പെടെ മറ്റ് ചെറിയ പാര്‍ട്ടികളും സ്വതന്ത്രരും 20 സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ പറയുന്നു.

മുതിര്‍ന്ന നേതാവും സംസ്ഥാന ബി ജെ പിയിലെ പ്രബലനുമായ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയത് അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വലിയ തിരിച്ചടിക്ക് കാരണമാകുമെന്ന ആശങ്കകള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമാണ്. എന്നാല്‍ യെഡ്ഡിയെ പോലൊരു നേതാവിന്റെ അഭാവത്തിലും ബി ജെ പിക്ക് മുന്നേറാന്‍ സാധിക്കുമെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

പഴയ മൈസൂര്‍ മേഖലയില്‍

മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ ബി ജെ പിയുടെ ശക്തി കേന്ദ്രങ്ങളില്‍ ആര്‍ക്കും കടന്ന് കയറാന്‍ സാധിക്കില്ലെന്നാണ് സര്‍വ്വേ തെളിയിക്കുന്നത്. തീരദേശ കര്‍ണാടക, മുംബൈ-കര്‍ണാടക, കല്യാണ-കര്‍ണാടക, മധ്യ കര്‍ണാടക തുടങ്ങിയ സ്വാധീന മേഖലകളില്‍ നിന്ന് തന്നെയാണ് ബി ജെ പിക്ക് കൂടുതല്‍ നേട്ടം കൊയ്യാന്‍ സാധിക്കുക. പഴയ മൈസൂര്‍ മേഖലയില്‍ ഇത്തവണയും പതിവ് തെറ്റില്ലെന്ന് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ജെ ഡി എസിനും ഒരു പരിധി വരെ കോണ്‍ഗ്രസിനുമാണ് ഈ മേഖലയില്‍ സ്വാധീനം കൂടുതല്‍.

ബി ജെ പി കോട്ടകളില്‍

ബംഗളൂരു റൂറല്‍, രാമനഗര, മാണ്ഡ്യ, ഹാസന്‍, കോലാര്‍, മൈസൂരു റൂറല്‍, തുംകുരു തുടങ്ങിയ പരമ്ബരാഗത ബി ജെ പി ഇതര ജില്ലകളില്‍ പ്രാദേശിക തലത്തില്‍ സ്വാധീനം നേടിയെടുക്കാന്‍ ബി ജെ പിക്ക് സാധിച്ചിട്ടുണ്ടെങ്കിലും ഇവിടങ്ങളില്‍ ജെ ഡി എസും കോണ്‍ഗ്രസും തമ്മിലാണ് പ്രധാനമായും മത്സരം എന്നും സര്‍വ്വേയില്‍ പറയുന്നു. അതേസമയം ചില ബി ജെ പി കോട്ടകളില്‍ പല പ്രമുഖര്‍ക്കും അടിതെറ്റും എന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭരണ വിരുദ്ധ വികാരം ഇവര്‍ക്ക് വിനയായേക്കുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്.

കഴിഞ്ഞ തവണയും

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും 104 സീറ്റ് നേടി ബി ജെ പിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. പിന്നീട് ജെ ഡി എസില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമായി 17 എം എല്‍ എമാര്‍ ബി ജെ പിയിലേക്ക് മറുകണ്ടം ചാടുകയായിരുന്നു. ഇവരില്‍ 15 പേരായിരുന്നു പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചത്. എന്നാല്‍ ഈ സീറ്റുകളില്‍ ഇപ്പോഴും ബി ജെ പിക്ക് അനുകൂലമായ തരംഗം ഉണ്ടാകാന്‍ സാധ്യത ഇല്ലെന്നാണ് സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്.

ബൊമ്മക്ക് ആശ്വാസം

അതേസമയം പുതിയ സര്‍വ്വേ മുഖ്യമന്ത്രി ബസവരാജ് ബൊമ്മിയെ സംബന്ധിച്ച്‌ വലിയ ആശ്വാസമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. എട്ട് മാസങ്ങള്‍ മുന്‍പ് സമാനമായ സര്‍വ്വേ ബി ജെ പി നടത്തിയിരുന്നു. അന്ന് കുറഞ്ഞത് 40 സീറ്റുകളെങ്കിലും ബി ജെ പിക്ക് നഷ്ടമായേക്കുമെന്നായിരുന്നു സര്‍വ്വേയിലെ കണ്ടെത്തല്‍. പുതിയ സര്‍വ്വേ ബി ജെ പി ക്യാമ്ബിന് ഊര്‍ജ്ജം നല്‍കുന്നുണ്ടെന്ന് നേതാക്കള്‍ പ്രതികരിച്ചു. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഭരണപക്ഷത്തിന്റെ ദൗര്‍ബല്യം മുതലെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group