ബെംഗളൂരു :പാഠപുസ്തക പരിഷ്കരണ സമിതി അധ്യക്ഷൻ രോഹിത് ചക്രതീർഥ, കർണാടകയുടെ ഔദ്യോഗിക ഗീതത്തെ അപമാനിച്ചെന്ന് ആരോപിച്ച് കബൺ പാർക്ക് പൊലീസിൽ സാമൂഹിക പ്രവർത്തകൻ പരാതി നൽകി.രാഷ്ട്രകവി കുവേംപു എഴു തിയ “ഭാരത ജനനിയ തനുജാതെ, ജയ ഹേ കർണാടക മാതേ’ (ഭാരതത്തിന്റെ പുത്രിയായ കർണാടക മാതേ ജയിക്കുക) എന്നു തുടങ്ങുന്ന ഔദ്യോഗിക ഗീതത്തെ അപമാനിച്ച് ട്വീറ്റ് ചെയ്തെന്ന് ബി.ടി.നാഗണ്ണ നൽകിയ പരാതിയിൽപറയുന്നു.
എന്നാൽ രാഷ്ട്രഗീതത്തെ കുറിച്ച് മറ്റാരോ എഴുതിയ പോസ്റ്റ് രോഹിത് റീട്വീറ്റ് ചെയ്യുക മാത്രമാണു ചെയ്തതെന്നു പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് പറഞ്ഞു.ലിംഗായത്ത് സ്ഥാപകൻ ബസവേശ്വരനെ കുറിച്ച് തെറ്റായ വിവരങ്ങൾ പാഠപുസ്തകത്തിൽ നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മഠാധിപതികൾ രംഗത്തു വന്നിരുന്നു.
വിദ്യാഭ്യാസ മന്ത്രിയുടെ റിപ്പോർട്ട് ഇന്ന്
പാഠപുസ്തകത്തിലെ പരിഷ്കാരങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പേർ രംഗത്തുവന്നതിനെ തുടർന്ന്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിർദേശിച്ചതു പ്രകാരം മന്ത്രി ബി.സി .നാഗേഷ് ഇന്നു റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് ലഭിച്ചാലുടൻ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമ ഉറപ്പു നൽകി.