ബംഗളൂരു: ആര്‍.എസ്.എസുകാര്‍ ആരാണ്, ആദിമ നിവാസികളോ ദ്രാവിഡരോ ആര്യന്‍മാരോ എന്ന് കര്‍ണാടക കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ആര്‍.എസ്.എസുകാര്‍ ആദിമ ഇന്ത്യക്കാരാണോ? നാം അത് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കാത്തതിനാല്‍ നിശബ്ദത പാലിക്കുന്നു. ഈ നാട്ടില്‍ നിന്നുള്ള ആര്യന്മാരാണോ? അവര്‍ ദ്രാവിഡരാണോ? നാം അവരുടെ ഉല്‍പ്പത്തിയിലേക്ക് പോകേണ്ടിയിരിക്കുന്നു. – സിദ്ധരാമയ്യ പറഞ്ഞു.
ആര്‍.എസ്.എസ് സ്ഥാപകന്‍ കേശവ ബലിറാം ഹെഡ്ഗെവറെ കുറിച്ച് സ്കൂള്‍ പാഠ പുസ്തകത്തില്‍ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഗളന്‍മാരുടെയും ബ്രിട്ടീഷുകാരുടെയും അധിനിവേശവും നീണ്ട കാല ഭരണവും മൂലം ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് മുഗളന്‍മാരും ബ്രിട്ടീഷുകാരും ഇവിടെ വര്‍ഷങ്ങളോളം ഭരിക്കാന്‍ ഇടയായത്? താന്‍ കൂടുതലൊന്നും പറയുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
അതേസമയം, സിദ്ധരാമയ്യയുടെ പരാമര്‍ശം ബി.ജെ.പിയെ ചൊടിപ്പിച്ചു. ആര്‍.എസ്.എസുകാര്‍ ഇന്ത്യക്കാരാണ്. ഇന്ത്യയുടെ തത്വശാസ്ത്രം പിന്തുടരുന്നവരാണ്. അവര്‍ ഇറ്റലിക്കാരോ ഇറ്റാലിയന്‍ നേതൃത്വത്തിന് കീഴിലുള്ളവരോ അല്ല എന്ന് കര്‍ണാടക പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പറഞ്ഞു. പരാമര്‍ശം പിന്‍വലിച്ച് രാജ്യത്തെ ജനങ്ങളോട് സിദ്ധരാമയ്യ മാപ്പു പറയണമെന്ന് ബി.ജെ.പി നേതാവും എം.എല്‍.എയുമായ കെ.എച്ച് ഈശ്വരപ്പയും ആവശ്യപ്പെട്ടു. നിരവധി ബി.ജെ.പി നേതാക്കളും സിദ്ധരാമയ്യക്കെതിരെ രംഗത്തെത്തി.