ബെംഗളൂരു :ദളിൽ നിന്നു കൂറുമാറിയ എംഎൽസിയും മുൻ നിയമനിർമാണ കൗൺസിൽ ചെയർ മാനുമായ ബസവരാജ് ഹൊരട്ടി ബിജെപിയിൽ ചേർന്നു. ജൂൺ 13നു നടക്കുന്ന എംഎൽസി തിരഞ്ഞെടുപ്പിൽ കർണാടക വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നതിന്റെ ഭാഗമായാണിത്.
1980 മുതൽ 7 തവണ എംഎൽസിയായ ഹൊരട്ടിയുടെ കൂറുമാറ്റംത്തിലൂടെ വടക്കൻ കർണാടകയിൽ നിന്നുള്ള പ്രമുഖ ലിംഗായത്ത് മുഖം കൂടിയാണ് ദളിനു നഷ്ടപ്പെട്ടത്. 45 വർഷമായി നിയമ നിർമാണ കൗൺസിലിന്റെ ഭാഗമായ ഹൊരട്ടിയുടെ അനുഭവ പാരമ്പര്യം വടക്കൻ കർണാടക യിൽ ബിജെപിയെ കൂടുതൽ ശക്തമാക്കുമെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു.
അർഹിക്കുന്ന ആദരവും അവസരങ്ങളും അദ്ദേഹത്തിനു പാർട്ടി നൽകും.ഇത് ആഘോഷിക്കാൻ ഹുബ്ബള്ളിയിൽ വലിയ റാലി സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി.രവി, മന്ത്രിമാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.