ന്യൂഡെൽഹി: സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന പ്രയോഗികമല്ലാത്ത ജനകീയ പദ്ധതികൾ ശ്രീലങ്കയിലേതിന് സമാന സാഹചര്യം സൃഷ്ടിക്കുമെന്ന ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ച് ഉന്നത ഉദ്യോഗസ്ഥർ. ജനകീയം എന്ന പേരിൽ പല സംസ്ഥാനസർക്കാരുകളും പ്രഖ്യാപിക്കുന്ന പദ്ധതികളിൽ ചിലത് തീർത്തും അപ്രയോഗികമാണ്.
അത്തരം പദ്ധതികളുമായി മുന്നോട്ടുപോകുന്നത് ശ്രീലങ്കയുടെ സാമ്ബത്തിക തകർച്ചക്ക് സമാന സാഹചര്യം രാജ്യത്തും സൃഷ്ടിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചു. പ്രധാനമന്ത്രി പങ്കെടുത്ത ഉന്നത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. നാലുമണിക്കൂർ നീണ്ട യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പികെ മിശ്ര എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പുകളിൽ ചില സംസ്ഥാനങ്ങളിൽ പ്രഖ്യാപിച്ച ജനകീയപദ്ധതികളെയാണ് തീർത്തും അപ്രായോഗികമെന്ന് ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചത്.സാമ്ബത്തിക അസ്ഥിരതയുള്ള സംസ്ഥാനങ്ങൾ ഇത്തരം വൻ പദ്ധതികൾ നടപ്പിലാക്കുന്നത് സംസ്ഥാനത്തെ സാമ്ബത്തികമായി പിന്നോട്ട് വലിക്കുമെന്ന് പ്രധാനമന്ത്രിക്ക് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്കി.
ഇത്തരം ജനകീയപദ്ധതികൾ ശ്രീലങ്കയിലേതിനു സമാനമായ സാമ്ബത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.രാജ്യത്ത മുന്നോട്ടു നയിക്കുന്ന വൻ പദ്ധതികൾ ഉപേക്ഷിക്കുന്നതിന് ദാരിദ്രം ഒരു കാരണായി ചൂണ്ടിക്കാണിക്കരുതെന്നാണ് പ്രധാനമന്ത്രി യോഗത്തിൽ ചൂണ്ടിക്കാണിച്ചത്.
മാത്രമല്ല വികസനപദ്ധതികളെ വിശാല അർഥത്തിൽ സമീപിക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തുടർന്നാണ് ചില ഉദ്യോഗസ്ഥർ സംസ്ഥാനങ്ങൾ മുന്നോട്ടുവെക്കുന്ന വൻ പദ്ധതികളിൽ പ്രധാനമന്ത്രിയോട് ആശങ്ക അറിയിച്ചത്.