ന്യൂഡല്‍ഹി: വാഹനങ്ങള്‍ പ്രത്യേകിച്ച് കാറുകള്‍ വാങ്ങുമ്ബോള്‍ റീസെയില്‍ വാല്യു കൂടി നോക്കി വാങ്ങുന്നവരാണ് അധികവും.ഒരു വാഹനം സെക്കന്‍ഡ് ഹാന്‍ഡായി മറിച്ചു വില്‍ക്കുമ്ബോള്‍ ലഭിക്കുന്ന വിലയെയാണ് റീസെയില്‍ വാല്യു എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ മാരുതി ഒഴികെയുള്ള മറ്റ് ബ്രാന്‍ഡുകളുടെ വാഹനങ്ങള്‍ക്ക് കാര്യമായ റീസെയില്‍ വാല്യു ഇല്ലെന്നത് യാഥാര്‍ത്ഥ്യമാണ്.
എന്നാല്‍ പത്ത് വര്‍ഷം പഴക്കമുള്ള ഡീകമ്മീഷന്‍ ചെയ്ത എന്‍ജിനുള്ള ഫിയറ്റ് കാറിന് വരെ കോടികള്‍ ലഭിക്കുന്ന സ്ഥലത്തെ കുറിച്ച് അറിയുമോ? മറ്റെങ്ങുമല്ല, നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്കയിലാണ് ഈ അവസ്ഥ.ശ്രീലങ്കയില്‍ നിലവില്‍ നടക്കുന്ന രാഷ്ട്രീയ സംഭവങ്ങളുമായോ സാമ്ബത്തിക പ്രതിസന്ധിയുമായോ ഇതിന് പരോക്ഷബന്ധം കൂടിയുണ്ട്. വര്‍ഷങ്ങളായി സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ക്ക് ഇവിടെ നല്ല വില ലഭിക്കുന്ന അവസ്ഥയാണ്, ഇന്ത്യയില്‍ നിന്നുള്ളവയാണെന്ന് കൂടി പറഞ്ഞാല്‍ ഡിമാന്‍ഡ് കുറച്ചു കൂടി ഉയരും.
വര്‍ഷങ്ങളായി ശ്രീലങ്കയിലെ ഓട്ടോമൊബൈല്‍ മേഖല ജീര്‍ണാവസ്ഥയിലാണ്. ലോകത്തെ ഒരു വാഹന നിര്‍മാണ കമ്ബനിയും ശ്രീലങ്കയില്‍ വാഹനം നിര്‍മിക്കുന്നില്ല. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളായിരുന്നു ഇത്രയും കാലം ശ്രീലങ്കയില്‍ ഉപയോഗിച്ചിരുന്നത്.
എന്നാല്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതോടെ അവശ്യവസ്തുക്കള്‍ ഒഴിച്ചുള്ള എല്ലാ വസ്തുക്കളുടെയും ഇറക്കുമതിക്ക് ശ്രീലങ്കയിലെ രജപക്സെ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഇതോടെയാണ് ഇവിടത്തെ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ വില കുത്തനെ ഉയരുന്നത്.നേരത്തെ പറഞ്ഞ പത്ത് വര്‍ഷം പഴക്കമുള്ള ഡീകമ്മീഷന്‍ ചെയ്ത ഫിയറ്റ് കാര്‍ ഇന്ത്യയില്‍ തുരുമ്ബു വിലയ്ക്ക് വില്‍ക്കാനാണ് സാദ്ധ്യത, എന്നാല്‍ ശ്രീലങ്കയില്‍ അതേ വാഹനത്തിന് ഇട്ടിരിക്കുന്ന വില 6.17 കോടിയാണെന്നത് തന്നെ ഇവിടത്തെ സ്ഥിതി വ്യക്തമാക്കുന്നതാണ്.
ടൊയോട്ടയുടെ അഞ്ച് വര്‍ഷം പഴക്കമുള്ള ഒരു ലാന്‍ഡ് ക്രൂയിസറിന്റെ വില 2.34 കോടിയാണ്.സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കുകളുടെയും വില ഒട്ടും മോശമല്ല. വെറും 100 സി സി ബൈക്കുകള്‍ക്ക് പോലും ലക്ഷങ്ങളാണ് ചോദിക്കുന്നത്. ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഇത്തരം ബൈക്കുകള്‍ക്ക് ലഭിക്കുന്നത് പരമാവധി ഇരുപതിനായിരം രൂപയാണ്. അതും വാഹനം അത്ര മികച്ച കണ്ടീഷനാണെങ്കില്‍ മാത്രം. എന്നാല്‍ നിലവിലെ സാഹചര്യങ്ങളില്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ക്കുള്ള ഈ ഡിമാന്‍ഡ് എത്രത്തോളം ഉണ്ടാകുമെന്ന് കണ്ടറിയണം.
ശ്രീലങ്ക വന്‍ സാമ്ബത്തിക ബാദ്ധ്യതയിലേക്ക് കൂപ്പുക്കുത്തുകയും അവശ്യവസ്തുക്കള്‍ക്ക് പോലും ഭീമമായ വില നല്‍കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്കു വേണ്ടി ഇനിയും ഇത്ര വലിയ തുക മുടക്കാന്‍ ഇവര്‍ എത്രത്തോളം തയ്യാറാകുമെന്ന് കണ്ടറിയണം.