ബെംഗളുരു : പരീക്ഷക്കാലത്ത് വിദ്യാർഥികളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ രാത്രി 10 മണിക്കു ശേഷം നമ്മ മെട്രോ നിർമാണ ജോലികൾ നിർത്തിവച്ച് ബെംഗളൂരു മെട്രോ റെയിൽ കോർപറേ ഷൻ (ബിഎംആർസി). ഇതു പ്രകാരം പരീക്ഷ കഴിയുന്നതു വരെ രാവിലെ 6 മണി മുതൽ രാ ത്രി 10 വരെയാകും മെട്രോ നിർമാണം. കുട്ടികൾക്ക് പഠിക്കുന്നതിനും ഉറങ്ങുന്നതിനും വലിയ ശബ്ദത്തോടെയുള്ള നിർമാണ പ്രവൃത്തികൾ തടസ്സം സൃഷ്ടിക്കുന്നതായി രക്ഷിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്നാണു നടപടി.മെട്രോ വയാഡക്ടുകളും തൂണുകളും നിർമിക്കുന്നതിനായി പ്രവർത്തിക്കുന്ന ക്രെയിനുകളാണ് വലിയ ശബ്ദമുണ്ടാക്കുന്നത്. പകൽ സമയം നിർമാണ സാമഗ്രികൾ അതതു സ്ഥലങ്ങളിൽ എത്തിക്കുന്ന ഗതാഗതം നടത്താനുള്ള അനുമതി ട്രാഫിക് കമ്മിഷണറിൽ നിന്നു വാങ്ങിയിട്ടുണ്ടെന്ന് ബിഎംആർസി എംഡി അൻജും പർവേസ് പറഞ്ഞു. മെട്രോ രണ്ടാംഘട്ട നിർമാണം പൂർത്തിയാക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മ 2024 ഡിസംബർ വരെ സമയപരിധി നിശ്ചയിച്ചതിനെ തുടർന്നു രാപകൽ മെട്രോ നിർമാണ ജോലികൾ നടന്നു വരി കയായിരുന്നു.