കേരളത്തിന്റെ സൂപ്പര്‍ ഹീറോയായി തിളങ്ങിയ മിന്നല്‍ മുരളി ഇപ്പോള്‍ ചോദ്യപേപ്പറിലും തിളങ്ങുന്നു. സിനിമ റിലീസ് ആയി ഒരു മാസം കഴിഞ്ഞിട്ടും അതിന്റെ ആവേശം മലയാളികളുടെ മനസ്സില്‍ നിന്നും ഇനിയും മാറിയിട്ടില്ല. വിദേശരാജ്യങ്ങളിലെ സിനിമ ആരാധകരും ഇരുകയ്യും നീട്ടി സ്വീകരിച്ച മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ ഹീറോ ഇപ്പോള്‍ ചോദ്യപേപ്പറിലും ഇടം പിടിച്ചിട്ടുണ്ട്.
കോതമംഗലത്തെ മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ ചോദ്യക്കടലാസിലാണ് മിന്നല്‍ മുരളിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ വില്ലന്‍ ഷിബു, ജോസ് മോന്‍ എന്നീ കഥാപാത്രങ്ങളും സ്ഥലങ്ങളും ഒക്കെ ചോദ്യപ്പേപ്പറില്‍ കടന്നുകൂടിയിട്ടുണ്ട്. സിനിമയുടെ സംവിധായകന്‍ ബേസില്‍ ജോസഫ് തന്നെയാണ് ഇത് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്. ‘ദേശം, കണ്ണാടിക്കല്‍, കുറുക്കന്‍മൂല എല്ലാം ഉണ്ട്” എന്നാണ് ബേസില്‍ കുറിച്ചത്.
സമുദ്രനിരപ്പിലുള്ള സ്ഥലമായ കുറുക്കന്‍മൂലയില്‍ കുളിക്കാന്‍ ചൂടുവെള്ളം തിളപ്പിക്കാന്‍ പോകുകയായിരുന്നു മിന്നല്‍ മുരളി. അപ്പോഴാണ് 100 ഡിഗ്രി സെല്‍ഷ്യസിന് താഴെ വെള്ളം തിളയ്‌ക്കുമെന്ന് അനന്തരവന്‍ ജോസ്‌മോന്‍ പറയുന്നത്. എന്നാല്‍ അങ്ങനെ സാധ്യമല്ലെന്ന് മിന്നല്‍ മുരളി വാദിച്ചു. എന്നിങ്ങനെയാണ് ആദ്യ ചോദ്യം തുടങ്ങുന്നത്. ഇതിന്റെ താഴെ ഉപചോദ്യങ്ങളുമുണ്ട്. 50 മാര്‍ക്കിനാണ് ചോദ്യങ്ങള്‍ ഉള്ളത്.
ഇത് വൈറലായതോടെ ചോദ്യപേപ്പറിന് പിന്നിലെ സംവിധായകന്റെ വിവരങ്ങളും പുറത്തുവന്നു. കോളജിലെ മെക്കാനിക്കല്‍ വിഭാഗം അസിസ്റ്റന്റ് പ്രെഫസര്‍ ഡോ. കുര്യന്‍ ജോണ്‍ ആണ് ‘മിന്നല്‍ മുരളി’ ചോദ്യപേപ്പറിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പരീക്ഷാ സമയത്തെ കുട്ടികളുടെ സമ്മര്‍ദം ഒഴിവാക്കാനാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പരീക്ഷണങ്ങള്‍ മുന്‍പും നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയധികം ശ്രദ്ധിക്കപ്പെടുന്നതെന്നു കുര്യന്‍ പറഞ്ഞു. സിനിമയുടെ സംവിധായകന്‍ ബേസില്‍ ജോസഫ് ഡോ.കുര്യനെ ഫോണില്‍ വിളിച്ചു സംസാരിക്കുകയും ചെയ്തു.