Home Featured ബംഗളുരുവിൽ വാഹനം വാങ്ങാനെത്തിയ കര്‍ഷകനെ ഷോറൂമുകാര്‍ അപമാനിച്ചോ? സംഭവത്തില്‍ പ്രതികരണവുമായി ആനന്ദ് മഹീന്ദ്ര

ബംഗളുരുവിൽ വാഹനം വാങ്ങാനെത്തിയ കര്‍ഷകനെ ഷോറൂമുകാര്‍ അപമാനിച്ചോ? സംഭവത്തില്‍ പ്രതികരണവുമായി ആനന്ദ് മഹീന്ദ്ര

മുംബൈ: വാഹനം വാങ്ങാനെത്തിയ കര്‍ഷകന്‍ കെമ്ബഗൗഡയേയും സുഹൃത്തുക്കളേയും അപമാനിച്ച മഹീന്ദ്ര ഷോറൂം ജീവനക്കാരുടെ നടപടിയില്‍ പ്രതികരണവുമായി ആനന്ദ് മഹീന്ദ്ര. മഹീന്ദ്രയുടെ പ്രധാന ലക്ഷ്യം സമൂഹത്തെ ഉയിര്‍ത്തെഴുനേല്‍പ്പിക്കാന്‍ വ്യക്തികളെ പ്രാപ്തരാക്കുക എന്നതാണെന്ന് ആനന്ദ് മഹീന്ദ്ര കുറിച്ചു. സംഭവത്തെ കുറിച്ചുള്ള സിഇഒ വീജയ് നാക്രയുടെ ട്വീറ്റ് പങ്കുവെച്ചായിരുന്നു ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം.

ആനന്ദ് മഹീന്ദ്രയുടെ വാക്കുകള്‍ ഇങ്ങനെ ‘ മഹീന്ദ്രയുടെ പ്രധാന ലക്ഷ്യം സമൂഹത്തെ ഉയിര്‍ത്തെഴുനേല്‍പ്പിക്കാന്‍ വ്യക്തികളെ പ്രാപ്തരാക്കുക എന്നതാണ്. ഈ തത്വചിന്തയില്‍ നിന്നുള്ള യാതൊരു വ്യതിചനലവും അനുവദിക്കില്ല. വളരെ അടിയന്തിരമായി അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കും’ അദ്ദേഹം ട്വീറ്റ് ചെയ്തു. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കുകയാണെന്നും തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നുമാണ് വീജയ് നാക്ര ട്വീറ്റ് ചെയ്തത്.

ഉപഭോക്തൃ സൗഹൃദമായ പശ്ചാത്തലം നല്‍കുന്നതില്‍ അവിഭാജ്യ ഘടകമാണ് ഡീലര്‍മാര്‍. എല്ലാ ഉപഭോക്താക്കളുടേയും അന്തസും, ബഹുമാനവും മഹീന്ദ്ര ഉറപ്പാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തെ കുറിച്ച്‌ ഞങ്ങള്‍ അന്വേഷിക്കുകയാണ്. മുന്‍നിര ജീവനക്കാരുടെ ഭാഗത്ത് നിന്നും എന്തെങ്കിലും വീഴ്‌ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും നാക്ര പറഞ്ഞിരുന്നു.

കര്‍ഷകനെ അപമാനിച്ച സംഭവം വിവാദമായതോടെ ജീവനക്കാര്‍ ഒടുവില്‍ മാപ്പെഴുതി കൊടുത്ത് തടിയൂരിയിരുന്നു. ജീവനക്കാര്‍ രേഖാമൂലം മാപ്പെഴുതി നല്‍കണമെന്ന കെമ്ബഗൗഡയുടെ ആവശ്യം ജീവനക്കാര്‍ അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് കേസ് പിന്‍വലിച്ചു. വസ്ത്രധാരണവും ലുക്കും നോക്കി സമ്ബത്തിന്റെ അളവെടുത്ത കാര്‍ ഷോറൂമുകാരോടുള്ള ഈ കര്‍ഷകന്റെ മധുരപ്രതികാരം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

മുല്ലയും ചെണ്ടുമല്ലിയും കനകാമ്ബരവുമടക്കമുള്ള പൂക്കൃഷി നടത്തുന്ന ആളാണ് കെമ്ബഗൗഡ. തന്റെ സ്വപ്‌ന വാഹനമായ മഹീന്ദ്ര എസ്.യു.വി വാങ്ങിക്കാന്‍ ഷോറൂമിലെത്തിയപ്പോഴാണ് കെമ്ബഗൗഡയ്‌ക്ക് ദുരനുഭവം ഉണ്ടായത്. ‘കീശയില്‍ 10 രൂപ പോലുമുണ്ടാകില്ല.. പിന്നെയല്ലേ കാറിന് പത്ത് ലക്ഷം രൂപ കൊടുക്കുന്നത്’ എന്ന് പറഞ്ഞ് ഷോറൂമുകാര്‍ കളിയാക്കുകയായിരുന്നു. എന്നാല്‍ അരമണിക്കൂറിനുള്ളില്‍ ഷോറൂമില്‍ പണവുമായെത്തി കെമ്ബഗൗഡ ജീവനക്കാരെ ഞെട്ടിക്കുകയായിരുന്നു.

അവധി ദിവസമായതിനാല്‍ കാര്‍ ഡെലിവറി ചെയ്യാനാകാതെ ഷോറൂമുകാര്‍ ശരിക്കും പുലിവാലുപിടിച്ചു. തുടര്‍ന്ന് കെമ്ബഗൗഡയും സുഹൃത്തുക്കളും ഷോറൂമില്‍ പ്രശ്നമുണ്ടാക്കുകയും കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. കാര്‍ ഇല്ലാതെ ഇവിടെ നിന്നും പോകില്ലെന്ന നിലപാടിലായിരുന്നു ഇവര്‍. കാരണം അത്രത്തോളം അപമാനമാണ് ഷോറൂമില്‍ നിന്നും അവര്‍ക്ക് നേരിടേണ്ടി വന്നത്. തുടര്‍ന്ന് കാര്‍ ഡെലിവറി ചെയ്യാതെ തങ്ങളെ അപമാനിച്ചെന്ന് കാണിച്ച്‌ പോലീസിന് പരാതി നല്‍കുകയും ചെയ്തു. പിന്നീട് പോലീസെത്തി പ്രശ്നം പരിഹരിച്ച്‌ കെമ്ബഗൗഡയെ തിരികെ വീട്ടിലേക്ക് അയക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group