ബാംഗ്ലൂർ മലയാളി വാർത്തകളുടെ (www.bangaloremalayali.in)
അപ്ഡേറ്റുകൾക്ക്
👉 Whatsapp- https://chat.whatsapp.com/FXEcVk2cLpG2KkTkSwQ0aT
👉Facebook- https://www.facebook.com/bangaloremalayalimedia/
👉Telegram- https://t.me/bangaloremalayalinews
കർണാടകയിലെ രണ്ട് സർക്കാർ കോളേജുകളിൽ ശിരോവസ്ത്രത്തിനു വിലക്ക്. ചിക്കമഗളുരു സർക്കാർ കോളജിലും ഉഡുപ്പി സർക്കാർ വനിതാ കോളജിലുമാണ് ഹിജാബിനു വിലക്കേർപ്പെടുത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് വിലക്ക് പിൻവലിച്ചു .
ചിക്കമഗളുരു സർക്കാർ കോളേജ് ക്യാമ്പസിൽ ഹിജാബണിഞ്ഞെത്തിയ അഞ്ച് വിദ്യാർത്ഥിനികളെ പ്രിൻസിപ്പൽ പുറത്താക്കി. കാവി ഷാൾ ധരിച്ച് ഏതാനും വിദ്യാർത്ഥികൾ കോളജിൽ എത്തുകയും മുസ്ലിം വിദ്യാർത്ഥിനികൾ ശിരോവസ്ത്രം അണിഞ്ഞാൽ തങ്ങൾ ഈ ഷാൾ അണിയുമെന്ന് അറിയിക്കുകയും ചെയ്തു. ഇതേ തുടർന്നായിരുന്നു നടപടി.
ക്യാമ്പസിൽ മറ്റെവിടെ വേണമെങ്കിലും ശിരോവസ്ത്രം അണിയാമെന്നും ക്ലാസിൽ കയറുമ്പോൾ ഹിജാബ് അഴിച്ചുവെക്കണം എന്നുമാണ് കോളജ് അധികൃതർ വിദ്യാർത്ഥിനികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. രണ്ട് വർഷങ്ങൾക്കിടെ രണ്ടാം തവണയാണ് ഹിജാബിനെതിരെ ഒരു സംഘം വിദ്യാർത്ഥികൾ രംഗത്തുവരുന്നത്. കഴിഞ്ഞ വർഷം, ഹിജാബ് ധരിക്കുന്ന വിദ്യാർത്ഥിനികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. ശിരോവസ്ത്രം യൂണിഫോം കോഡിനു വിരുദ്ധമാണെന്നാണ് ഇവർ മുന്നോട്ടുവെക്കുന്ന വാദം.
ഉഡുപ്പി സർക്കാർ വനിതാ കോളജിൽ ഹിജാബുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായിരുന്നു. ഹിജാബ് ധരിച്ചെത്തിയ മുസ്ലിം വിദ്യാർത്ഥിനികളെ ക്ലാസിൽ കയറ്റാതെ പുറത്താക്കിയത് പ്രതിഷേധങ്ങൾക്കിടയായി. പിന്നീട് കളക്ടർ ഇടപെട്ട് ഇവർക്ക് ക്ലാസിൽ കയറാൻ അനുമതി നൽകി. മൂന്ന് ദിവസമാണ് വിദ്യാർത്ഥിനികൾക്ക് കോളജിൽ പ്രവേശനം നിഷേധിച്ചത്.ക്ലാസ് റൂമില്‍ ഹിജാബ് ധരിച്ച് പ്രവേശിക്കാന്‍ അനുമതിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ രുദ്ര ഗൌഡ അറിയിച്ചത്. തുടര്‍ന്ന് ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികള്‍ കോളജിന് പുറത്ത് പ്രതിഷേധിച്ചിരുന്നു.
സംഭവം വാര്‍ത്തയായതിന് പിന്നാലെ ജില്ലാ കളക്ടര്‍ കുര്‍മ റാവോ വിഷയത്തില്‍ ഇടപെടുകയായിരുന്നു. വിദ്യാര്‍ഥിനികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കരുതെന്ന് കളക്ടര്‍ കോളജിനോട് നിര്‍ദേശിച്ചു. തുടര്‍ന്ന് ഹിജാബ് ധരിച്ച് തന്നെ ക്ലാസില്‍ കയറാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുമതി ലഭിക്കുകയായിരുന്നു.
കോളജിനകത്ത് അറബിയും ഉറുദുവും ബ്യാരി ഭാഷയും സംസാരിക്കരുതെന്നും കോളജ് പ്രിന്‍സിപ്പല്‍ ഉത്തരവിട്ടിരുന്നു. ഹിന്ദി, കന്നഡ, കൊങ്കിണി, തുളു ഭാഷകളില്‍ മാത്രമേ കോളജ് വളപ്പില്‍ സംസാരിക്കാന്‍ പാടുള്ളൂ എന്നാണ് ഉത്തരവ്. ഇതിനെതിരെയും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.