
ബംഗളൂരു: കര്‍ണാടകയിലെ നിയമ നിര്‍മാണ കൗണ്‍സില്‍ (എം.എല്‍.സി) തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന് ജെ.ഡി-എസ്. നേരത്തെ ബി.ജെ.പിയുമായി സഹകരിക്കുന്നതില്‍ എതിര്പ്പുന്നയിച്ചിരുന്ന ജെ.ഡി-എസ് ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ തന്നെയാണ് ഇത്തവണ സഖ്യത്തിനായി മുന്നിട്ടിറങ്ങിയതെന്നതാണ് ശ്രദ്ധേയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റു ബി.ജെ.പി നേതാക്കളുമായും എച്ച്.ഡി. ദേവഗൗഡ ചര്‍ച്ച നടത്തിയിരുന്നു.
2023ലെ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായി ജെ.ഡി-എസ് സഖ്യം ചേരാനുള്ള സാധ്യതയും ഇതോടെ ശക്തമായി. ഡിസംബര്‍ പത്തിനാണ് കര്‍ണാടകയില്‍ 25 നിയമ നിര്‍മാണ കൗണ്‍സില്‍ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. സഖ്യധാരണ പ്രകാരം ജെ.ഡി-എസ് മത്സരിക്കുന്ന കോലാര്‍-ചിക്കബെല്ലാപുര്‍, മൈസൂരു, ബംഗളൂരു റൂറല്‍, ഹാസന്, തുമകുരു ജില്ലകളിലെ ആറു സീറ്റുകളില്‍ ബി.ജെ.പി പിന്തുണ നല്‍കും. മറ്റു സീറ്റുകളില്‍ ജെ.ഡി-എസ് ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യും. 25 സീറ്റുകളിലും ബി.ജെ.പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ടെങ്കിലും ദക്ഷിണ കര്‍ണാടക മേഖലയില്‍ ജെ.ഡി-എസ് സ്ഥാനാര്ഥികള്ക്കാകും ബി.ജെ.പി വോട്ടെന്നാണ് ധാരണ.
സഖ്യം സംബന്ധിച്ച് ജെ.ഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി ഔദ്യോഗിക പ്രഖ്യാപനം നടത്തും. നവംബര്‍ 30നാണ് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി നേരിട്ടും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി ഫോണിലൂടെയും എച്ച്.ഡി. ദേവഗൗഡ ചര്‍ച്ച നടത്തിയത്. സഖ്യസാധ്യത സംബന്ധിച്ച് ജെ.പി. നഡ്ഡ കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിയുമായും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷുമായും ചര്‍ച്ച നടത്തി. ഡല്‍ഹിയില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും കേന്ദ്ര നേതാക്കളോട് സഖ്യത്തിന് തയാറാണെന്ന് അറിയിച്ചു. 75 അംഗ നിയമ നിര്‍മാണ കൗണ്‍സിലില്‍ ഭൂരിപക്ഷം നേടാന്‍ ബി.ജെ.പിക്ക് കൂടുതല്‍ സീറ്റുകളില്‍ വിജയിക്കേണ്ടത് അനിവാര്യമാണ്.
സംസ്ഥാന തലത്തില്‍ സഖ്യം സംബന്ധിച്ച് മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയും ചര്‍ച്ചകള്‍ നടത്തിയിരുന്നു. സഖ്യം ചേര്‍ന്നാല്‍ കോണ്‍ഗ്രസിെന്റ വിജയം ആറു സീറ്റുകളില്‍ ഒതുക്കാമെന്നും ത്രികോണ മത്സരമുണ്ടായാല്‍ അത് കോണ്‍ഗ്രസിന് അനുകൂലമാകുമെന്നും ദേവഗൗഡ ബി.ജെ.പി നേതാക്കളെ അറിയിക്കുകയായിരുന്നു.
