
മൈസൂരു നിയന്ത്രണങ്ങൾക്കിടയിലും മൈസൂരു ദസറ ദീപാലങ്കാരം കാണാൻ എത്തുന്നത് ഒട്ടേറെപ്പേർ. ദീപാലങ്കാരം സമയം ഒരു മണിക്കൂർ കൂടി നീട്ടി. വൈകിട്ട് 6.30 മുതൽ രാത്രി 10.30 വരെയായിരിക്കും ദീപാലങ്കാരം. നേരത്തെ ഇത് 9.30 വരെയായിരുന്നു.മഹാനവമി, വിജയദശമി ദിനങ്ങളിൽ 11 വരെ ദീപാലങ്കാരം ഉണ്ടായിരിക്കും. ദീപാലങ്കാരം കാണാൻ കുടുംബസമേതം എത്തുന്നവരുടെ തിരക്ക് വർധിച്ചതോടെ ഇവരെ നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ നിയോഗിച്ചു. നഗര പരിധിയിൽ 100 കിലോമീറ്ററാണ് ദീപാലങ്കാരം ഒരുക്കിയിരിക്കുന്നത്.
87 ജങ്ക്ക്ഷനുകളിൽ ദസറയുടെ ചരിത്രവും സമീപകാല സംഭവങ്ങളും കോർത്തിണക്കി സ്ഥാപിച്ച അലങ്കാരങ്ങളാണ് കൂടുതൽ ശ്രദ്ധയാകർഷിക്കുന്നത്.സന്ദർശകരുടെ തിരക്ക് കൂടിയതോടെ ഹോട്ടൽ മുറികൾക്കും ആവശ്യക്കാർ കൂടിയിട്ടുണ്ട്. മൈസൂരു മൃഗശാല, കെആർഎസ് അണക്കെട്ട്, വൃന്ദാവൻ ഗാർഡൻ, അംബാവിലാസ് കൊട്ടാരം, ശ്രീരംഗപട്ടണം എന്നിവിടങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നഗരക്കാഴ്ചകൾ കാണാവുന്ന കർണാടക ടൂറിസം വികസന കോർപറേഷന്റെ അംബാരി ബസുകളുടെ സർവീസ് 4 എണ്ണമാക്കി ഉയർത്തി.