Home കർണാടക ബെംഗളൂരുവിൻ്റെ തലവരമാറ്റുന്ന റൂട്ട്; ബ്ലൂ ലൈനില്‍ 2027ല്‍ നമ്മ മെട്രോ കുതിക്കും, ട്രയല്‍ റണ്‍ പുരോഗമിക്കുന്നു

ബെംഗളൂരുവിൻ്റെ തലവരമാറ്റുന്ന റൂട്ട്; ബ്ലൂ ലൈനില്‍ 2027ല്‍ നമ്മ മെട്രോ കുതിക്കും, ട്രയല്‍ റണ്‍ പുരോഗമിക്കുന്നു

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതം സുഗമമാക്കാനുള്ള നമ്മ മെട്രോ ഇടനാഴിയായ ബ്ലൂ ലൈൻ 2027ന്റെ പകുതിയോടെ തുറന്നേക്കും.ബെംഗളൂരു മെട്രോയുടെ 19 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂ ലൈനില്‍ നിലവില്‍ ട്രയല്‍ റണ്‍ തുടരുകയാണ്. ഔട്ടർ റിങ് റോഡിലൂടെ കടന്നുപോകുന്ന ബെംഗളൂരു മെട്രോയുടെ ബ്ലൂ ലൈൻ ഇടനാഴിയിലെ ഫേസ് 2എ (Phase 2A) ഭാഗത്താണ് പരീക്ഷണ സർവീസ് നടക്കുന്നതെന്ന് ഗ്രേറ്റർ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അറിയിച്ചു.ചൊവ്വാഴ്ച കെആർ പുരത്തുനിന്ന് മഹാദേവപുര ദിശയിലുള്ള ആദ്യ നാല് സ്റ്റേഷനുകളിലാണ് പരീക്ഷണ സർവീസ് ആരംഭിച്ചത്.

വരും ആഴ്ചകളില്‍ മറ്റ് സ്റ്റേഷനുകളിലേക്ക് ട്രയല്‍ റണ്‍ വ്യാപിപ്പിക്കും. ദൊഡ്ഡനെക്കുണ്ടി മെട്രോ സ്റ്റേഷനിലെ നിർമ്മാണ പ്രവർത്തനങ്ങള്‍ പരിശോധിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ബെംഗളൂരുവിനും പ്രത്യേകിച്ച്‌ പ്രധാന പാതയുമായ ഔട്ടർ റിങ് റോഡിനും ബ്ലൂ ലൈൻ നിർണായകമാണെന്ന് മന്ത്രി വിശേഷിപ്പിച്ചു.ഏകദേശം 11 മുതല്‍ 12 ലക്ഷം വരെ ആളുകള്‍ ഔട്ടർ റിങ് പാതയിലുടനീളം ജോലി ചെയ്യുന്നുണ്ടെന്ന് ഗൗഡ പറഞ്ഞു. ആയിരക്കണക്കിന് ജീവനക്കാരുടെ ദൈനംദിന യാത്രയ്ക്ക് മാത്രമല്ല ബെംഗളൂരുവിലെ സാമ്പത്തിക പ്രവർത്തനങ്ങള്‍ക്കും കർണാടകയുടെയും രാജ്യത്തിന്റെയും മൊത്തത്തിലുള്ള വളർച്ചയ്ക്കും ഈ ഇടനാഴി നിർണായകമാണ്. ഈ പാതയില്‍ യാത്രക്കാർ നേരിടുന്ന കടുത്ത ഗതാഗതക്കുരുക്കിന് മെട്രോ ഒരു ദീർഘകാല പൊതുഗതാഗത പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.2016 -2017 കാലഘട്ടത്തില്‍ ‘ഫേസ് 2എ’, ‘ഫേസ് 2ബി’ എന്നിവയുടെ ആസൂത്രണം ആരംഭിച്ചപ്പോഴാണ് ഔട്ടർ റിങ് റോഡില്‍ മെട്രോ സൗകര്യത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞതെന്ന് മന്ത്രി പറഞ്ഞു.

2017ല്‍ സംസ്ഥാന മന്ത്രിസഭയുടെ അനുമതി ലഭിച്ച പദ്ധതികള്‍ക്കായി കേന്ദ്ര സർക്കാരിന് നിർദേങ്ങള്‍ സമർപ്പിച്ചു. തുടർന്ന് 2020ലാണ് നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചത്.കെആർ പുരം മുതല്‍ സെൻട്രല്‍ സില്‍ക്ക് ബോർഡ് വരെയുള്ള 19 കിലോമീറ്റർ ദൈർഘ്യമുള്ള ‘ഫേസ് 2എ’ ഇടനാഴിയില്‍ 13 സ്റ്റേഷനുകളാണുള്ളത്. ആദ്യ നാല് സ്റ്റേഷനുകളിലെ പരീക്ഷണങ്ങള്‍ ഈ മാസം മുഴുവൻ തുടരും.അടുത്ത മാസം നാല് സ്റ്റേഷനുകള്‍ കൂടി പരീക്ഷണ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത.ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം സ്ഥാപിക്കാൻ ഇനിയും ബാക്കിയുണ്ടെന്നും അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ആ ജോലികള്‍ പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു. അതിനുശേഷമായിരിക്കും സുരക്ഷാ സർട്ടിഫിക്കേഷൻ നടപടികള്‍ ആരംഭിക്കുക.

ജനുവരി മാസത്തോടെ സിഗ്നലിങ് ജോലികള്‍ പൂർത്തിയാക്കാനും ഫെബ്രുവരിക്ക് ശേഷം സുരക്ഷാ സർട്ടിഫിക്കേഷൻ നടപടികള്‍ ആരംഭിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. പരിശോധനകള്‍ക്കും സർട്ടിഫിക്കേഷനുമായി ഏഴ് മുതല്‍ എട്ട് മാസം വരെ സമയം വേണ്ടിവരുമെന്ന് കരുതപ്പെടുന്നു. 2027ന്റെ മധ്യത്തോടെ ഈ പാത പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.കെആർ പുരം – ഹെബ്ബാള്‍ പാതയില്‍ നിർമാണ പ്രവർത്തനങ്ങള്‍ വേഗത്തിലാക്കാൻ കരാറുകാരുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഈ ഭാഗത്ത് നിർമാണ പുരോഗതി മെച്ചപ്പെടേണ്ടതുണ്ട്. സെൻട്രല്‍ സില്‍ക്ക് ബോർഡില്‍ നിന്ന് കെആർ പുരം, ഹെബ്ബാള്‍ വഴി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെ നീളുന്ന 58.2 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂ ലൈൻ ഏകദേശം 20,000 കോടി രൂപ ചെലവിലാണ് നിർമിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group