Home കർണാടക പ്രണയപ്പക: യുവതിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ജനാലയിലൂടെ തള്ളി താഴെയിട്ട് കൊലപ്പെടുത്തി, ആണ്‍സുഹൃത്ത് അറസ്റ്റില്‍

പ്രണയപ്പക: യുവതിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ജനാലയിലൂടെ തള്ളി താഴെയിട്ട് കൊലപ്പെടുത്തി, ആണ്‍സുഹൃത്ത് അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ യുവതിയുടെ കൊലപാതകത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. യുവതിയെ ലോഡ്ജിന് മുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.ആത്മഹത്യയെന്ന് കരുതിയിരുന്ന സംഭവമാണ് കൊലപാതകമെന്ന് തെളിഞ്ഞിരിക്കുന്നത്. നവംബർ 19നാണ് അബ്ബിഗരെയിലെ വൈമാക്സ് സർക്കിളിലെ ലോഡ്ജിന്റെ മുകളില്‍ നിന്ന് യുവതി താഴേയ്ക്ക് വീഴുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുന്നത്.

ഹാസൻ സ്വദേശി ഐശ്വര്യ ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ആണ്‍സുഹൃത്ത് സന്തോഷ് ആണ് അറസ്റ്റിലായിരിക്കുന്നത്. ഐശ്വര്യയും സന്തോഷും തമ്മില്‍ പ്രണയത്തിലായിരുന്നു. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരി ആയിരുന്നു ഐശ്വര്യ. ഇക്കാര്യം അറിഞ്ഞതോടെ വീട്ടുകാർ ഇരുവരുടെയും വിവാഹം നിശ്ചയിച്ചു. എന്നാല്‍ സന്തോഷ് വിവാഹത്തില്‍ നിന്ന് പിൻമാറി. മാത്രമല്ല, യുവതിയുടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കുകയും വിവാഹത്തിന് താത്പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തു. ഒരുമിച്ചുണ്ടായിരുന്ന സമയത്തെ ചില വീഡിയോകളും ഫോട്ടോകളും ഇയാളുടെ പക്കലുണ്ടായിരുന്നു.

ഇവ കാണിച്ച്‌ യുവതിയെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടായി. തുടർന്ന് നവംബർ 19ന് ഇയാള്‍ യുവതിയെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തി. ഇവിടെ വെച്ചുണ്ടായ വാക്കേറ്റത്തിനൊടുവില്‍ ലോഡ്ജ് മുറിയിലെ ജനാലയിലൂടെ ഐശ്വര്യയെ തള്ളി താഴെയിടുകയായിരുന്നു. യുവതി മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശദ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് അറസ്റ്റിലായിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group