അടുത്ത രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം തേടി സുപ്രീം കോടതി.ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ നല്കുകയല്ല, മറിച്ച് വിഷയത്തിന്റെ ഗൗരവം അവരെ ബോധ്യപ്പെടുത്തുക മാത്രമാണ് കോടതി ലക്ഷ്യമിടുന്നതെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ നിയന്ത്രിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും, സാമൂഹിക പരിഷ്കരണത്തിനായുള്ള നിയമങ്ങള്‍ കൊണ്ടുവരുന്നത് നിയമനിര്‍മ്മാണ സഭയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
ബെംഗളൂരുവില്‍ നിയമവിദ്യാര്‍ത്ഥിയായ ചാര്‍വി എസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി.കുട്ടികളില്‍ മുന്‍കൂട്ടി കാണാവുന്നതും ഒഴിവാക്കാവുന്നതുമായ ജനിതക അപകടസാധ്യതകള്‍ക്ക് കാരണമാകുന്ന ഒരു ആചാരത്തെ നിയമം തുടര്‍ന്നും അനുവദിക്കണോ എന്നാണ് ഹര്‍ജിയില്‍ ചാര്‍വി ചോദിക്കുന്നത്. ‘ഉചിതമായ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കാനോ അല്ലെങ്കില്‍ പാഠ്യപദ്ധതികളിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും ഇക്കാര്യത്തില്‍ വ്യാപകമായ അവബോധം സൃഷ്ടിക്കാനോ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനായി മാത്രമാണ് ഞങ്ങള്‍ നോട്ടീസ് അയക്കുന്നത്,’ ബെഞ്ച് പറഞ്ഞു.രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ ഹോമോസൈഗോസിറ്റി വര്‍ധിപ്പിക്കുമെന്നും, അതുവഴി കുട്ടികളില്‍ റിസസീവ് ജനിതക രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടുന്ന മെഡിക്കല്‍ പഠനങ്ങള്‍ ഉദ്ധരിച്ച് കൊണ്ടാണ് അഡ്വക്കേറ്റ് അഞ്ജുമന് ത്രിപാഠി മുഖേന ചാര്‍വി ഹര്‍ജി സമര്‍പ്പിച്ചത്.
ജന്മനായുള്ള ശാരീരിക വൈകല്യങ്ങള്‍, ഇന്ദ്രിയ സംബന്ധമായ തകരാറുകള്‍, വളര്‍ച്ചാപരമായ വൈകല്യങ്ങള്‍, ശിശുമരണങ്ങള്‍, മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയാണ് ഇത്തരം വിവാഹങ്ങള്‍ മൂലമുണ്ടാകാന്‍ സാധ്യതയുള്ള അപകടസാധ്യതകളെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ വിഷയം തലമുറകള്‍ തമ്മിലുള്ള നീതിയുമായി ബന്ധപ്പെട്ടതാണെന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷകന് വാദിച്ചു.ഇത്തരം വിവാഹങ്ങള്‍ മൂലമുണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവാഹം സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് മുന്‍പ് തന്നെ, ഇതിലടങ്ങിയിരിക്കുന്ന അപകടസാധ്യതകളെക്കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കണമെന്നും, അതിനായി ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അഭിഭാഷകന് ആവശ്യപ്പെട്ടു.ചില ഗ്രാമീണ മേഖലകളില്‍ ഇത്തരം വിവാഹങ്ങള്‍ നിലവിലുണ്ടെന്നും, അവിടെയുള്ളവര്‍ പലപ്പോഴും ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാതെ തന്നെ കുടുംബത്തിനുള്ളിലെ അടുത്ത ബന്ധുക്കളെ വിവാഹം കഴിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ വിവാഹം എന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും എന്നിരുന്നാലും വ്യക്തികള്‍ക്ക് അറിവോടെയുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയണമെന്നും ബെഞ്ച് നിരീക്ഷിച്ചു.തനിക്ക് 40 ശതമാനം കാഴ്ചാപരിമിതിയുണ്ടെന്നും തന്റെ സമുദായത്തിലെ പരമ്പരാഗത രീതി അനുസരിച്ച് അടുത്ത ബന്ധുക്കള്‍ തമ്മില്‍ നടന്ന വിവാഹത്തിലൂടെ ജനിച്ച വ്യക്തിയാണ് താനെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു. ഇത്തരം വിവാഹം കഴിക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥകള്‍ പ്രയോഗിക്കുമ്പോള്‍, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സുരക്ഷാ മുന്‍കരുതലുകള്‍ കൂടി ഉറപ്പാക്കണമെന്ന് ഹര്‍ജി ആവശ്യപ്പെടുന്നു.1955-ലെ ഹിന്ദു വിവാഹ നിയമത്തിലെ 5(iv), 5(v) വകുപ്പുകള്‍ക്ക് അത്തരമൊരു വ്യാഖ്യാനം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
കൗണ്‍സിലിംഗ്, ജനിതക അപകടസാധ്യതകളെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍, വൈദ്യശാസ്ത്രപരമായി നിര്‍ദ്ദേശിക്കപ്പെടുന്ന പരിശോധനകള്‍, സര്ട്ടിഫിക്കേഷന് എന്നിവ ഈ സുരക്ഷാ മുന്കരുതലുകളില് ഉള്‍പ്പെടണമെന്ന് ഹര്‍ജിയില്‍ പറയുന്നു.ഇത്തരം സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലെങ്കില്‍, ഇത്തരത്തിലുള്ള ആചാരങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങള്‍ നല്കുന്ന അധികാരപരിധിക്ക് പുറത്താണ്,’ എന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഒരു പ്രത്യേക സമുദായത്തിന്റെ ആചാരങ്ങളെ വിമര്‍ശിക്കുകയോ ഭിന്നശേഷിയുള്ള വ്യക്തികളെ താഴ്ത്തിക്കെട്ടുകയോ അല്ല തങ്ങളുടെ ലക്ഷ്യമെന്ന് ഹര്‍ജിയില്‍ ചാര്‍വി വ്യക്തമാക്കുന്നു. മറിച്ച്, കുട്ടികള്‍ക്കുണ്ടാകാന്‍ സാധ്യതയുള്ളതും എന്നാല്‍ ഒഴിവാക്കാവുന്നതുമായ ദോഷങ്ങള്‍ തടയുക എന്നത് ഭരണഘടനാപരമായി ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.