ബംഗളൂരു: കർണാടകയിലെ പ്രത്യേക വോട്ടർപട്ടിക പുതുക്കല്‍ പ്രക്രിയയില്‍ ബംഗളൂരുവിന് പുറത്തുള്ള മണ്ഡലങ്ങളില്‍ മുസ്ലീം വോട്ടർമാരെ വൻതോതില്‍ വെട്ടിമാറ്റിയതായി റിപ്പോർട്ട്.കർണാടക ആസ്ഥാനമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ ഗവേഷണ ഏജൻസിയായ സങ്കല്‍പ്പിന്റെ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.ബംഗളൂരുവിന് പുറത്തുള്ള 196 നിയമസഭാ മണ്ഡലങ്ങളില്‍ മുസ്ലീം വോട്ടർമാരുടെ എണ്ണം 57.89 ലക്ഷത്തില്‍ നിന്നും 49.02 ലക്ഷമായി കുറഞ്ഞു. 15.32 ശതമാനത്തിന്റെ ഇടിവാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇതേ മണ്ഡലങ്ങളില്‍ മുസ്ലീം ഇതര വോട്ടർമാരുടെ എണ്ണത്തില്‍ 12.18 ശതമാനം മാത്രമാണ് കുറവുണ്ടായത് (3.94 കോടിയില്‍ നിന്ന് 3.46 കോടിയായി).
ഈ കണക്കുകള്‍ പ്രകാരം 196 മണ്ഡലങ്ങളില്‍ നിന്നായി ഏകദേശം 8.87 ലക്ഷം മുസ്ലീം വോട്ടർമാരെയാണ് വോട്ടർപട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നതെന്ന് സങ്കല്‍പ്പിന്റെ പഠനത്തില്‍ പറയുന്നു.എന്നാല്‍ 28 നിയമസഭാ സീറ്റുകളുള്ള ബംഗളൂരുവില്‍ ഇതിന് വിപരീതമായ പ്രവണതയാണ് കാണിക്കുന്നത്. ഇവിടെ മുസ്ലീം ഇതര വോട്ടർമാരുടെ എണ്ണം 43.82 ശതമാനം കുറഞ്ഞപ്പോള്‍, മുസ്ലീം വോട്ടർമാരുടെ എണ്ണത്തില്‍ 33.72 ശതമാനം മാത്രമാണ് കുറവുണ്ടായത്. വിദേശത്ത് താമസിക്കുന്നവരും സ്വന്തം നാട്ടില്‍ വോട്ട് ചെയ്യാൻ താല്പര്യപ്പെടുന്നവരുമായ വോട്ടർമാർ ബംഗളൂരുവില്‍ കൂടുതലുള്ളതാണ് ഈ ഇടിവിന് കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകൻ സന്ദീപ് ശാസ്ത്രി പറഞ്ഞു.സംസ്ഥാനത്താകെ കണക്കിലെടുക്കുമ്പോള്‍ മുസ്ലീം വോട്ടർമാരുടെ എണ്ണത്തില്‍ 18.84 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. മുസ്ലീം ഇതര വോട്ടർമാരുടെ എണ്ണം 17.79 ശതമാനം കുറഞ്ഞു. ഇതോടെ സംസ്ഥാനത്തെ മൊത്തം വോട്ടർമാരില്‍ മുസ്ലീം പ്രാതിനിധ്യം 12.91 ശതമാനത്തില്‍ നിന്ന് 12.77 ശതമാനമായി കുറഞ്ഞു.
മുസ്ലീം എം എല്‍ എമാർ (MLAs) പ്രതിനിധീകരിക്കുന്ന പത്ത് മണ്ഡലങ്ങളിലാണ് വോട്ടർമാരെ ഒഴിവാക്കല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത്. റിസ്വാൻ അർഷാദ്, എൻ എ ഹാരിസ്, ബി ഇസെഡ് സമീർ അഹമ്മദ് ഖാൻ, എച്ച് എ ഇഖ്ബാല്‍ ഹുസൈൻ, തൻവീർ സേട്ട്, യു ടി ഖാദർ, യാസിർ അഹമ്മദ് ഖാൻ പഠാൻ, ആസിഫ് സേട്ട്, റഹീം ഖാൻ, കനീസ് ഫാത്തിമ എന്നിവരുടെ മണ്ഡലങ്ങളില്‍ പട്ടിക പുതുക്കുന്നതിന് മുമ്പ് 9.62 ലക്ഷം മുസ്ലീം വോട്ടർമാരാണുണ്ടായിരുന്നത്. എസ് ഐ ആർ (SIR) പ്രക്രിയയ്ക്ക് ശേഷം ഇത് 7.52 ലക്ഷമായി ചുരുങ്ങി. അതായത് 2.10 ലക്ഷം മുസ്ലീം വോട്ടർമാരുടെ (21.8 ശതമാനം) കുറവാണ് ഈ പത്ത് മണ്ഡലങ്ങളില്‍ മാത്രം ഉണ്ടായിരിക്കുന്നത്.