ബെംഗളൂരു: കര്‍ണാടകയില്‍ വില്‍ക്കുന്ന ഇ20 പെട്രോളില്‍ 30 ശതമാനത്തിലേറെ എഥനോള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍.വിവിധ എണ്ണക്കമ്പനികളുടെ ഇ20 പെട്രോള്‍ സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പരിശോധിച്ചപ്പോഴാണ് അനുവദനീയമായ അളവിലും കൂടുതല്‍ എഥനോള്‍ കലര്‍ത്തിയതായി കണ്ടെത്തിയത്. 20 ശതമാനം എഥനോളാണ് ഇ20 പെട്രോളില്‍ അനുവദനീയമായ പരിധി.സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍നിന്നായി 63 പെട്രോള്‍ സാമ്പിളുകളാണ് ശേഖരിച്ച് പരിശോധനക്ക് വിധേയമാക്കിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഇ20 പെട്രോള്‍ സാമ്പിളില്‍ 31.2 ശതമാനം വരെ എഥനോള്‍ കണ്ടെത്തി.
ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ സാമ്പിളില്‍ 30.5 ശതമാനവും കണ്ടെത്തിയിട്ടുണ്ട്. പെട്രോളില്‍ പരമാവധി 20 ശതമാനം എഥനോള്‍ ചേര്‍ക്കാനാണ് നിലവിലെ ഇ20 മാനദണ്ഡം അനുവദിക്കുന്നത്. ഈ പരിധി മറികടന്ന എണ്ണക്കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വാഹന ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.കര്‍ണാടക ഭക്ഷ്യ-സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യ മന്ത്രി റിസ്വാന് അര്‍ഷാദാണ് പരിശോധനാ വിവരങ്ങള്‍ പുറത്തുവിട്ടത്. ഭാരത് പെട്രോളിയത്തിന്റെ സാമ്പിളില്‍ 26.5 ശതമാനവും നയാര എനര്‍ജിയുടെ സാമ്പിളില്‍ 26.1 ശതമാനവും ഷെല്‍ പെട്രോളില്‍ 25.5 ശതമാനവും എഥനോള്‍ കണ്ടെത്തി. നയാരയുടെ മറ്റൊരു സാമ്പിളില്‍ 19.9 ശതമാനവും ഭാരത് പെട്രോളിയത്തിന്റെ മറ്റൊരു സാമ്പിളില്‍ 19.2 ശതമാനവും എംആര്‍പിഎല്ലിന്റെ സാമ്പിളില്‍ 13.5 ശതമാനവും എഥനോള്‍ കണ്ടെത്തിയതാണ് കുറഞ്ഞ അളവ്.എണ്ണക്കമ്പനികളുടെ സ്വന്തം ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ എഥനോള്‍ അളവ് സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് സാമ്പിളുകള്‍ ബെംഗളൂരുവിലെ ശ്രീറാം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതെന്ന് മന്ത്രി പറഞ്ഞു. അമിതമായ അളവിലെ എഥനോള്‍ വാഹനങ്ങളുടെ മൈലേജ് കുറയ്ക്കാനും എന്ജിന് തകരാറിനും ഇടയാക്കുമെന്നാണ് ആശങ്ക.
അമിത എഥനോള്‍ കാരണം വാഹന ഉടമകള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ പ്രത്യേക നഷ്ടപരിഹാര ഫണ്ട് രൂപീകരിക്കണമെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം. പെട്രോള്‍ പമ്പുകളില്‍ ഇന്ധനത്തിലെ എഥനോള്‍ ശതമാനം നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്നും ഉപഭോക്താക്കള്‍ക്ക് ഇ10, ഇ20, ഇ30 തുടങ്ങിയ ഇന്ധനങ്ങളില്‍നിന്ന് തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.വോട്ട് ചോരി പോലെ പെട്രോള്‍ ചോരിയും സാധാരണക്കാരെ ചൂഷണം ചെയ്യുന്നതും ചര്‍ച്ചയാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മൈലേജ് കുറയുന്നതിലൂടെ രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 62,000 കോടിയുടെ നഷ്ടവും വാഹനങ്ങളുടെ അറ്റകുറ്റപ്പണികളിലൂടെ 39,000 കോടിയുടെ നഷ്ടവുമുണ്ടാകുന്നുവെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ആകെ പ്രതിവര്‍ഷം ഏകദേശം 1.01 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകാമെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ കണക്ക്. പരിശോധനാ കണ്ടെത്തലുകള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.