Home കർണാടക ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍

ബെംഗളൂരു: ഉയർന്ന ശമ്പളമുള്ള ജോലി, ആഡംബര ജീവിതം… എന്നിട്ടും ഓഫീസില്‍ സൗജന്യമായി കിട്ടുന്ന സാധനങ്ങള്‍ അടിച്ചുമാറ്റി ഫ്ലാറ്റില്‍ കൂട്ടിവെക്കുന്ന ശീലമുള്ളവർ നമുക്കുചുറ്റുമുണ്ട്.അത്തരത്തിലൊരു ഗൂഗിള്‍ ജീവനക്കാരിയുടെ വിചിത്ര ശീലത്തിനെതിരെ ഫ്ലാറ്റ്‌മേറ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സൈബർ ലോകത്ത് വലിയ ചർച്ചയായിരിക്കുന്നത്. ഓഫീസില്‍ നിന്ന് പാല്‍, പഴങ്ങള്‍ തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ വലിയ അളവില്‍ വീട്ടിലെത്തിക്കുന്നതായാണ് യുവതിയുടെ പരാതി. ഇതോടെ ഇരുവരും പങ്കിടുന്ന ഫ്ലാറ്റിലെ ഫ്രിഡ്ജ് മുഴുവൻ സാധനങ്ങള്‍ കൊണ്ട് നിറഞ്ഞെന്നും സ്വന്തം ആവശ്യങ്ങള്‍ക്കായി ഫ്രിഡ്ജില്‍ ഇടം ലഭിക്കാത്ത സാഹചര്യമുണ്ടായെന്നുമാണ് യുവതി പറയുന്നത്.നിഷ ആനന്ദാനി എന്ന യുവതിയാണ് എക്സിലൂടെ തന്റെ അനുഭവം പങ്കുവെച്ചത്. ഗൂഗിളില്‍ ജോലി ചെയ്യുന്ന ഫ്ലാറ്റ്മേറ്റ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണസാധനങ്ങള്‍ പതിവായി വീട്ടിലേക്ക് കൊണ്ടുവരാറുണ്ടെന്നാണ് പോസ്റ്റിലെ ആരോപണം.

ഫ്ലാറ്റിലെത്തി മൂന്ന് ദിവസം പിന്നിടുമ്പോഴേക്കും ഒരു ലിറ്റർ പാല്‍ക്കുപ്പികളും പഴങ്ങളും മറ്റ് ഭക്ഷണസാധനങ്ങളും കൊണ്ട് ഫ്രിഡ്ജ് നിറഞ്ഞതായും നിഷ പറയുന്നു.ഓഫീസില്‍ നിന്ന് ഭക്ഷണസാധനങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ ഒരുമിച്ച്‌ താമസിക്കുന്ന മറ്റുള്ളവരുടെ സൗകര്യങ്ങളും ആവശ്യങ്ങളും കൂടി പരിഗണിക്കണമെന്നാണ് യുവതിയുടെ വാദം. സഹതാമസക്കാരുടെ സൗകര്യവും പരിഗണിക്കണം. ഗൂഗിള്‍ ജീവനക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന പരിഹാസത്തോടെയാണ് യുവതി തന്റെ പരാതി അവസാനിപ്പിച്ചത്.പോസ്റ്റ് പുറത്തുവന്നതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്.

വൻകിട കമ്പനികള്‍ ജീവനക്കാർക്ക് നല്‍കുന്ന സൗജന്യ ഭക്ഷണവും മറ്റ് ആനുകൂല്യങ്ങളും ചിലർ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി അമിതമായി ഉപയോഗിക്കുന്നുണ്ടെന്നാണ് ചിലരുടെ അഭിപ്രായം.പൂനെയിലെ ഹിഞ്ചേവാഡിയിലെ താമസസ്ഥലത്തുണ്ടായ സമാനമായ അനുഭവവും മറ്റൊരു ഉപയോക്താവ് പങ്കുവെച്ചു. ചില ഐടി ജീവനക്കാർ ഓഫീസിലെ പ്രഭാതഭക്ഷണം കഴിക്കുന്നതിനൊപ്പം പഴങ്ങളും മുട്ടകളും വലിയ അളവില്‍ വീട്ടിലേക്ക് കൊണ്ടുപോകാറുണ്ടെന്നാണ് ഇയാളുടെ ആരോപണം.അതേസമയം, ഒരാളുടെ വ്യക്തിപരമായ ശീലങ്ങള്‍ ജോലിക്കെടുക്കുന്ന സമയത്ത് എങ്ങനെ വിലയിരുത്താനാകുമെന്നാണ് ചിലർ ചോദിക്കുന്നത്. ഓഫീസില്‍ ലഭിക്കുന്ന സൗജന്യ ആനുകൂല്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ വേണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group