Home കർണാടക സില്‍ക് ബോര്‍ഡ് ഫ്ലൈഓവര്‍ കണ്ടാലറിയാത്ത വിധം മാറുന്നു; സൌന്ദര്യവല്‍ക്കരണം നേരിട്ട് വിലയിരുത്തി മന്ത്രി

സില്‍ക് ബോര്‍ഡ് ഫ്ലൈഓവര്‍ കണ്ടാലറിയാത്ത വിധം മാറുന്നു; സൌന്ദര്യവല്‍ക്കരണം നേരിട്ട് വിലയിരുത്തി മന്ത്രി

ബെംഗളൂരു: സില്‍ക്ക് ബോർഡ് ഫ്ലൈഓവർ ഇനി കണ്ടാലറിയാത്ത വിധം മാറും. ഫ്ലൈഓവറിനെ ‘സില്‍ക്ക്’ തീമില്‍ സൗന്ദര്യവല്‍ക്കരണം നടത്തുകയാണ് ബെംഗളൂരു സൌത്ത് സിറ്റി കോർപ്പറേഷൻ.സില്‍ക്ക് ബോർഡ് ഫ്ലൈഓവറിന് താഴെയുള്ള സ്ഥലം, കാല്‍നടയാത്രക്കാരുടെ സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകും. സില്‍ക്ക് തീമിലുള്ള ചുവർ ചിത്രങ്ങള്‍ ഈ ഫ്ലൈഓവറിന്റെ ഒരു പ്രധാന ആകർഷണമായിരിക്കും. കഴിഞ്ഞ ദിവസം നഗരവികസന മന്ത്രി കൃഷ്ണ ബൈര ഗൌഡ സ്ഥലം സന്ദർശിച്ച്‌ പുരോഗതി വിലയിരുത്തി.ചുവരുകളിലും പില്ലറുകളിലും പരമ്പരാഗത സില്‍ക്ക് ഡിസൈനുകളാണ് ആലേഖനം ചെയ്യുന്നത്.

ടെംപിള്‍ ബോർഡർ ഡിസൈനുകള്‍, മാമ്പഴ മോട്ടിഫുകള്‍, മയില്‍ ചിത്രങ്ങള്‍ തുടങ്ങിയവ ഇവിടെ വരച്ചു ചേർക്കും. കേവലം പെയിന്റിംഗിനപ്പുറം ഈ സ്ഥലം നിരവധി സൗകര്യങ്ങളോടെ വികസിപ്പിക്കുകയാണ് നഗര അധികാരികള്‍ ചെയ്യുന്നത്. മികച്ച പാർക്കിംഗ് സൗകര്യം കുട്ടികള്‍ക്കുള്ള പ്ലേ ഏരിയ, കൃത്യമായി നിർവചിക്കപ്പെട്ട കച്ചവട മേഖല, മികച്ച വെളിച്ച സംവിധാനം, ആധുനികശൈലിയിലുള്ള കാല്‍നടപ്പാതകള്‍, യാത്രക്കാർക്കായി ഇരിപ്പിടങ്ങള്‍ തുടങ്ങിയവയെല്ലാം സജ്ജീകരിക്കും.പദ്ധതി മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനും അധികൃതർ തയ്യാറെടുക്കുന്നുണ്ട്. ഡെയറി സർക്കിള്‍ ഫ്ലൈഓവറിലേക്കും സമാനമായ സൗന്ദര്യവല്‍ക്കരണ പ്രവർത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് തൻ്റെ എംഎല്‍എ ഫണ്ടില്‍ നിന്ന് സാമ്പത്തിക സഹായം നല്‍കാമെന്ന് വനംമന്ത്രി രാമലിംഗ റെഡ്ഡി ഉറപ്പുനല്‍കിയിട്ടുണ്ട്.ഇന്ത്യാ റൈസിങ് ട്രസ്റ്റിന്റെ സഹകരണത്തോടെ ഔട്ടർ റിങ് റോഡ് കോറിഡോറിലെ ബെല്ലന്തൂർ, ഇബ്ലൂർ, അഗര, എച്ച്‌എസ്‌ആർ ലേഔട്ട്, മഹാദേവപുര എന്നിവിടങ്ങളിലെ ഫ്ലൈഓവർ ഭാഗങ്ങളിലേക്കും ഈ പദ്ധതി ഘട്ടം ഘട്ടമായി വ്യാപിപ്പിക്കും.

സില്‍ക് ബോർഡ് ഫ്ലൈഓവറിന് താഴെ വൻതോതില്‍ മാലിന്യങ്ങള്‍ തള്ളിയിരുന്ന ഭാഗങ്ങളുണ്ടായിരുന്നു. ഇതെല്ലാം ഇനി അപ്രത്യക്ഷമാകും. ഇവിടെ ഇരിപ്പിടങ്ങള്‍, നടപ്പാതകള്‍ ചെടികള്‍ വെച്ചുപിടിപ്പിച്ച പൂന്തോട്ടങ്ങള്‍ എന്നിവ ഒരുക്കും. രാത്രികാലങ്ങളില്‍ യാത്രക്കാർക്കും കാല്‍നടയാത്രക്കാർക്കും സുരക്ഷിതത്വവും കൂടുതല്‍ കാഴ്ചഭംഗിയും നല്‍കുന്നതിനായി അടിപ്പാതകളിലും പില്ലറുകളിലും എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കും. കാല്‍നടയാത്രക്കാർക്കായി മെച്ചപ്പെട്ട ടോയ്‌ലറ്റ് സൗകര്യങ്ങള്‍, കാല്‍നടപ്പാതകളുടെ പുനരുദ്ധാരണം എന്നിവ നടപ്പിലാക്കും. മഴക്കാലത്ത് ഇവിടെ ഉണ്ടാകാറുള്ള രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി എച്ച്‌എസ്‌ആർ ലേഔട്ട് ഭാഗത്തേക്ക് പുതിയ ഡ്രെയിനേജ് ശൃംഖലയും നിർമ്മിക്കുന്നുണ്ട്.ഗതാഗതക്കുരുക്ക് നിറഞ്ഞ സില്‍ക്ക് ബോർഡ് ജങ്ഷനെ വൃത്തിയുള്ള, മനോഹരമായ ഒരു നഗരകേന്ദ്രമാക്കി മാറ്റുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

You may also like

error: Content is protected !!
Join Our WhatsApp Group