ബെംഗളൂരുവില്‍ നിന്ന് ഗോവയിലേക്കും മുംബൈയിലേക്കും രണ്ട് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകള്‍ ആരംഭിക്കുന്നു.ചെന്നൈ ഐ.സി.എഫ് സാങ്കേതികവിദ്യയില്‍ ബി.ഇ.എം.എല്‍ വികസിപ്പിച്ച അത്യാധുനിക ട്രെയിനുകളാണ് ഈ റൂട്ടുകളില്‍ ഓടുന്നത്. ഇതില്‍ ഏറെ ആകർഷകമായ ബെംഗളൂരു- ഗോവ വന്ദേ ഭാരത് എക്സ്പ്രസ്, പശ്ചിമഘട്ടത്തിലെ സക്ലേഷ്പൂർ, സുബ്രഹ്മണ്യ റോഡ് സ്റ്റേഷനുകള്‍ക്കിടയിലുള്ള മനോഹരമായ പാതയിലൂടെ മംഗളൂരു ജങ്ഷൻ വഴിയാണ് കടന്നുപോകുന്നത്.ആഴ്ചയില്‍ ആറ് ദിവസമുള്ള ഈ സർവീസിന് (26655/26656) ഹസ്സൻ, ഉഡുപ്പി, മുരുഡേശ്വർ, ഗോ കർണ റോഡ്, കാർവാർ തുടങ്ങിയ പ്രധാന സ്റ്റോപ്പുകളുണ്ടാകും.
രാവിലെ 07:35-ന് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ 13 മണിക്കൂർ 20 മിനിറ്റ് കൊണ്ട് രാത്രി 08:55-ന് മഡ്ഗാവിലെത്തും. തിരികെ രാവിലെ 08:20-ന് മഡ്ഗവില് നിന്ന് പുറപ്പെട്ട് രാത്രി 09:15-ന് യശ്വന്ത്പൂരില്‍ തിരിച്ചെത്തും. രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ബെംഗളൂരു – മുംബൈ റൂട്ടില്‍ ഓടിത്തുടങ്ങുന്നു എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. നവംബർ 1-ന് ഉദ്ഘാടനം ചെയ്യുന്ന ട്രെയിൻ നവംബർ 2 മുതല്‍ പതിവ് സർവീസ് ആരംഭിക്കും.ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രാസമയം 16 മണിക്കൂറില്‍ താഴെയായി കുറയ്ക്കാൻ ഇത് സഹായിക്കും. SMVT ബെംഗളൂരുവില്‍ നിന്ന് രാത്രി 10:00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് ഉച്ചയ്ക്ക് 01:50-ന് മുംബൈ ഛത്രപതി ശിവജി ടെർമിനസിലെത്തും. മറുദിശയില്‍ രാത്രി 10:30-ന് മുംബൈയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 02:50-ന് ബെംഗളൂരുവിലുമെത്തും. അനന്തപൂർ, റായ്ച്ചൂർ, സോലാപൂർ, കല്യാണ്‍ എന്നിവയാണ് പ്രധാന സ്റ്റോപ്പുകള്‍.