ബെംഗളൂരു: ശനിയാഴ്ച കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗേറ്റിന് സമീപമുള്ള റെസ്റ്റോറന്റില്‍ നിന്ന് ഓർഡർ ചെയ്ത വെജിറ്റേറിയൻ ബിരിയാണിയില്‍ മാംസം കണ്ടെത്തിയത് വലിയ ബഹളത്തിനു കാരണമായി.ഒരു വെജിറ്റേറിയൻ കുടുംബത്തിനാണ് ഈ ദുരവസ്ഥ ഉണ്ടായത് എന്നത് സംഭവത്തിന്റെ രൂക്ഷത വർദ്ധിപ്പിച്ചു.ടെർമിനല്‍ 1-ല്‍ (ടി1) ഗേറ്റ് 16-നും 17-നും ഇടയിലുള്ള ‘ടേസ്റ്റ് ഓഫ് ഇന്ത്യ’ എന്ന റെസ്റ്റോറന്റില്‍ നിന്നാണ് തനിക്ക് ഈ അനുഭവം ഉണ്ടായതെന്ന് പിയൂഷ് അഗർവാള്‍ എന്ന യാത്രക്കാരൻ ആരോപിച്ചു. ബില്ലില്‍ വ്യക്തമായി ‘വെജിറ്റേറിയൻ’ എന്ന് രേഖപ്പെടുത്തിയിരുന്നിട്ടും റെസ്റ്റോറന്റ് നോണ്‍-വെജിറ്റേറിയൻ ഭക്ഷണമാണ് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. “ഞങ്ങള്‍ പൂർണ്ണമായും സസ്യാഹാരം മാത്രം കഴിക്കുന്ന ഒരു കുടുംബമാണ്. കുട്ടികള്‍ പോലും അറിയാതെ ഇത് കഴിച്ചു.
ഇത് വലിയ മാനസിക വിഷമമുണ്ടാക്കുകയും ഞങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തിട്ടുണ്ട്,” സംഭവം സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. സംഭവത്തിന്റെ ഒരു വീഡിയോ ക്ലിപ്പും അദ്ദേഹം ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്.സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോയില്‍, പിയൂഷ് റെസ്റ്റോറന്റ് മാനേജറോട് പരാതിപ്പെടുന്നത് കാണാം. “എഫ്.എസ്.എസ്.എ.ഐ, ബെംഗളൂരു വിമാനത്താവള അധികൃതർ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ എത്രയും വേഗം ഈ വിഷയത്തില്‍ ഇടപെട്ട് അന്വേഷണം നടത്തണമെന്നും, ഓർഡർ റെക്കോർഡുകള്‍ പരിശോധിച്ചു കർശന നടപടി സ്വീകരിക്കണമെന്നും ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.തനിക്ക് പൂർണ്ണമായും നോണ്‍-വെജിറ്റേറിയൻ ബിരിയാണിയല്ല ലഭിച്ചതെന്നും, വെജ് ബിരിയാണിയില്‍ ചെറിയ കോഴിയിറച്ചി കഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി.
കൂടാതെ, റെസ്റ്റോറന്റ് തനിക്ക് പണം തിരികെ നല്‍കിയില്ലെന്നും മുഴുവൻ തുകയും ഈടാക്കിയെന്നും അഗർവാള്‍ പറഞ്ഞു. സംഭവം പുറത്തുവന്നതിന് തൊട്ടുപിന്നാലെ, ബെംഗളൂരു വിമാനത്താവളത്തിന്റെ ഓപ്പറേറ്ററായ ബാംഗ്ലൂർ ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡ് വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു. “ഞങ്ങള്‍ വിഷയം അന്വേഷിച്ചുവരികയാണ്, അന്വേഷണം പൂർത്തിയാകുന്നതുവരെ ഒന്നും പറയാനാകില്ല,” എന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.റെസ്റ്റോറന്റ് നടത്തുന്ന എച്ച്.എം.എസ് ഹോസ്റ്റ് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓപ്പറേഷൻസ് ഡയറക്ടറായ കതിരവൻ രാധാകൃഷ്ണൻ ഈ വിഷയം വളരെ ഗൗരവമുള്ളതാണെന്ന് പ്രതികരിച്ചു. “സോഷ്യല്‍ മീഡിയയിലൂടെ ഉയർന്നുവന്ന ഈ സംഭവത്തെ ഞങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഇത് ഉണ്ടാക്കിയ വിഷമം എനിക്ക് പൂർണ്ണമായും മനസ്സിലാകും. ഞങ്ങള്‍ ഈ വിഷയത്തില്‍ സമഗ്രമായ ആഭ്യന്തര അന്വേഷണം നടത്തി വരികയാണ്,” എന്ന് അദ്ദേഹം പറഞ്ഞു.