Home ചെന്നൈ ‘പാലത്തിനടിയില്‍ കെട്ടിത്തൂക്കാൻ ആളുകളുണ്ട്, ആദ്യം സ്വന്തം പാര്‍ട്ടിയില്‍ നോക്കൂ’; വിജയ്‌ സിനിമയുടെ റഫറൻസില്‍ പരിഹാസവുമായി കനിമൊഴി

‘പാലത്തിനടിയില്‍ കെട്ടിത്തൂക്കാൻ ആളുകളുണ്ട്, ആദ്യം സ്വന്തം പാര്‍ട്ടിയില്‍ നോക്കൂ’; വിജയ്‌ സിനിമയുടെ റഫറൻസില്‍ പരിഹാസവുമായി കനിമൊഴി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് അഭിനയിച്ച സിനിമയെ പരാമർശിച്ചുകൊണ്ട് ഭരണകക്ഷിയായ ടിവികെയെ പരിഹസിച്ച്‌ ഡി.എം.കെ.ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കനിമൊഴി കരുണാനിധി എം.പി. സ്‌ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ ജില്ലാ കളക്ടറേറ്റ് ഓഫീസിന് സമീപം സംഘടിപ്പിച്ച ഒരു പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവർ. നടൻ വിജയ് നായകനായ ‘തെരി’ സിനിമയെ പരാമർശിച്ചായിരുന്നു കനിമൊഴിയുടെ പരിഹാസം.തെരി സിനിമയില്‍ സ്ത്രീയോട് മോശമായി പെരുമാറുന്ന വില്ലനെ മർദ്ദിച്ച്‌ പാലത്തിനടിയില്‍ കെട്ടിയിടുന്ന രംഗമുണ്ട്. അതുപോലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലും ലൈംഗികാതിക്രമങ്ങളിലും ഏർപ്പെടുന്നവരെ പാലത്തിനടിയില്‍ കെട്ടിയിടണമെന്നാണ് വിജയ് കരുതുന്നതെങ്കില്‍ ആദ്യം സ്വന്തം പാർട്ടിക്കാരെ തന്നെ കെട്ടിയിടേണ്ടിവരുമെന്നാണ് കനിമൊഴി പരിഹസിച്ചത്.

ഡി.എം.കെ സർക്കാർ നിരവധി പാലങ്ങള്‍ നിർമ്മിച്ചിട്ടുള്ളതിനാല്‍ അതിന് സൗകര്യമുണ്ടെന്നും അവർ വ്യക്തമാക്കി.ടി.വി.കെ ഭാരവാഹികളില്‍ ഇരുപതിലധികം പേർ ഇതിനകം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലും അതിക്രമങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കനിമൊഴിയുടെ ആരോപണം. കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നവർ അധികാരത്തിലുള്ള പാർട്ടികളില്‍ ചേർന്നാല്‍ സംരക്ഷണം ലഭിക്കുമെന്ന ധാരണയുണ്ടാകാറുണ്ട്. എന്നാല്‍ കുറ്റകൃത്യം ചെയ്യാൻ ആഗ്രഹിക്കുന്നവരെല്ലാം ടി.വി.കെയില്‍ ചേർന്നിരിക്കുകയാണെന്ന് തോന്നുന്നുവെന്നും അവർ പരിഹസിച്ചു. പാർട്ടി ഭാരവാഹികള്‍ക്കെതിരായ പരാതികളുടെ പട്ടിക വായിക്കാൻ പോലും കഴിയാത്തത്ര വലുതാണെന്നും കനിമൊഴി ആരോപിച്ചു.

സ്ത്രീകള്‍ തീരുമാനിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ലെന്നും തമിഴ്നാട്ടിലെ സ്ത്രീകള്‍ മാറ്റത്തിനായി തെരുവിലിറങ്ങിക്കഴിഞ്ഞെന്നും കനിമൊഴി പറഞ്ഞു. തെറ്റിദ്ധരിച്ച്‌ വോട്ട് ചെയ്തുപോയതിനാല്‍ ഇന്ന് പല സ്ത്രീകളും കുടുംബങ്ങളും യുവാക്കളും പശ്ചാത്തപിക്കുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ വോട്ട് ചെയ്തവരെ കുറ്റപ്പെടുത്തുന്നില്ല. അത്തരമൊരു തെറ്റ് അവർ ആവർത്തിക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കനിമൊഴി വ്യക്തമാക്കി. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്താണ് വിജയ് അധികാരത്തിലെത്തിയത്. എന്നാല്‍ ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വർദ്ധിച്ചിട്ടുണ്ടെന്നാണ് കനിമൊഴിയുടെ വിമർശനം.

You may also like

error: Content is protected !!
Join Our WhatsApp Group