ലഖ്നൗ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം ഉത്തര്‍പ്രദേശിലെ പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേയില്‍ അപകടത്തില്‍പ്പെട്ടു.അപകീര്‍ത്തി കേസില്‍ കോടതിയില്‍ ഹാജരാകാനായി ലഖ്നൗവില്‍നിന്ന് സുല്‍ത്താന്‍പൂരിലേക്ക് പോകുന്നതിനിടെ തിങ്കളാഴ്ച രാവിലെയാണ് സംഭവം. രാഹുല്‍ ഗാന്ധി സുരക്ഷിതനാണെന്നും അപകടത്തില്‍ ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ലെന്നും പൊലീസ് അറിയിച്ചുതിങ്കളാഴ്ച രാവിലെ 10.15 ഓടെയായിരുന്നു അപകടം. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ സഞ്ചരിച്ചിരുന്ന, വ്യൂഹത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന സ്വകാര്യ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് വഴിവെച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇതോടെ തൊട്ടുപിന്നാലെയെത്തിയ അകമ്പടി വാഹനങ്ങള്‍ ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. രാഹുല്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് യാതൊരു കേടുപാടുകളും സംഭവിച്ചില്ല.അപകടം ഗുരുതരമല്ലെന്ന് ഉറപ്പുവരുത്തിയതിനെത്തുടര്‍ന്ന് വാഹനവ്യൂഹം ഏതാനും മിനിറ്റുകള്‍ക്കകം സുല്‍ത്താന്‍പൂരിലേക്കുള്ള യാത്ര പുനരാരംഭിച്ചു. കനത്ത പൊലീസ് സുരക്ഷാ സന്നാഹങ്ങളോടെ നീങ്ങിയ വാഹനവ്യൂഹം 11.15 ഓടെ സുല്‍ത്താന്‍പൂര്‍ കോടതിയിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
2018-ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബെംഗളൂരുവില്‍ നടന്ന പൊതുറാലിയില്‍ അന്നത്തെ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷായ്ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ വിവാദ പരാമര്‍ശമാണ് കേസിന് ആധാരം. പ്രാദേശിക ബിജെപി നേതാവ് നല്കിയ അപകീര്‍ത്തി ഹര്‍ജിയിലാണ് സുല്‍ത്താന്‍പൂര്‍ കോടതി കേസ് പരിഗണിക്കുന്നത്. ഈ കേസിന്റെ തുടര്‍നടപടികളില്‍ നേരിട്ട് പങ്കുചേരാനാണ് രാഹുല്‍ ഗാന്ധി സുല്ത്താന്പൂരിലെത്തുന്നത്.