മുംബൈ: ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിച്ച് സമ്പന്നരായ പുരുഷന്മാരെ വലയിലാക്കി വിഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്ത് കോടികള്‍ തട്ടിയെടുത്തെന്ന കേസില്‍ വൻ റാക്കറ്റിന്റെ സൂത്രധാരൻ അറസ്റ്റില്‍.ആഗ്ര സ്വദേശിയായ ആദിത്യ ഗുപ്തയെ (35) നാഗ്പുർ പൊലീസാണ് പിടികൂടിയത്. പ്രതിയുടെ ഫോണില്‍നിന്ന് ഇരുന്നൂറിലേറെ യുവതികളുമായി ബന്ധപ്പെട്ട നാന്നൂറിലധികം അശ്ലീല വിഡിയോകള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അവസാന ഇരയില്‍നിന്ന് മൂന്നു കോടി രൂപ തട്ടിയെടുക്കാനുള്ള നീക്കത്തിനിടെയാണ് അറസ്റ്റ്.വിദ്യാഭ്യാസ യോഗ്യതയുള്ളവരും സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവരുമായ യുവതികളെ കണ്ടെത്തി സംഘത്തിലേക്ക് ആകർഷിക്കുകയായിരുന്നു ആദിത്യയുടെ രീതിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
എൻജിനീയർമാർ ഉള്‍പ്പെടെയുള്ള യുവതികള്‍ക്ക് നാലു മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പ്രതിഫലം വാഗ്ദാനം ചെയ്താണ് സംഘത്തില്‍ ചേർത്തിരുന്നത്. തുടർന്ന് പ്രമുഖ ഡേറ്റിങ് ആപ്പുകളില്‍ ഇവരുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് സമ്പന്നരായ പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കും.യുവതികള്‍ പുരുഷന്മാരുമായി അടുപ്പം സ്ഥാപിച്ചശേഷം വിഡിയോ കോളുകള്‍ നടത്തും. ഇതിനിടെ ദൃശ്യങ്ങള്‍ രഹസ്യമായി റെക്കോർഡ് ചെയ്യുന്നതാണ് തട്ടിപ്പിന്റെ പ്രധാന ഘട്ടം. പിന്നീട് ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു സംഘത്തിന്റെ രീതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.യുവതികളുടെ നിയമോപദേശകനെന്നോ സാമൂഹിക പ്രവർത്തകനെന്നോ സ്വയം പരിചയപ്പെടുത്തിയാണ് ആദിത്യ ഗുപ്ത പിന്നീട് രംഗത്തെത്തിയിരുന്നത്. സ്ത്രീസുരക്ഷാ നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് ഇരകള്‍ക്കെതിരെ ലൈംഗിക പീഡനം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാൻ പൊലീസില്‍ സമ്മർദം ചെലുത്തിയെന്നും ആരോപണമുണ്ട്.
കേസ് റജിസ്റ്റർ ചെയ്തശേഷം പരാതി പിൻവലിക്കാനും ഒത്തുതീർപ്പാക്കാനും കോടികള്‍ ആവശ്യപ്പെട്ടിരുന്നതായും പൊലീസ് സംശയിക്കുന്നു.യുവതികള്‍ക്കുവേണ്ടി പൊലീസിനെ സമീപിക്കുന്നതില്‍ ആദിത്യ അമിത താല്‍പര്യം പ്രകടിപ്പിച്ചതാണ് അന്വേഷണ സംഘത്തില്‍ സംശയമുണ്ടാക്കിയത്. ഇതോടെ ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച പൊലീസ്, അവസാന ഇരയായ ഇർഫാനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു. ഇർഫാനെ വിശ്വാസത്തിലെടുത്ത് നാഗ്പുരിലെത്തിച്ചശേഷം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്. തുടർന്ന് നടത്തിയ പരിശോധനയില്‍ പ്രതിയുടെ ഫോണില്‍നിന്ന് നാന്നൂറിലധികം അശ്ലീല വിഡിയോകള്‍ കണ്ടെത്തുകയായിരുന്നു.അഞ്ചു വർഷം മുൻപ് കുടുംബത്തെ ഉപേക്ഷിച്ച് ആഗ്രയില്‍നിന്ന് ഒളിവില്‍ പോയ ആദിത്യ പിന്നീട് മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം.
സഹോദരൻ നല്‍കിയ മോഷണക്കേസിലും ഇയാള്‍ പ്രതിയാണ്. മുതിർന്ന രാഷ്ട്രീയ നേതാക്കളോടൊപ്പമുള്ളതെന്ന തരത്തില്‍ മോർഫ് ചെയ്ത ചിത്രങ്ങള്‍ വാട്സാപ്പ് പ്രൊഫൈലില്‍ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളുമായും ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുണ്ടെന്ന പ്രതീതി സൃഷ്ടിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു. ആഡംബര കാറുകളില്‍ സഞ്ചരിക്കുകയും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കുകയും ചെയ്തിരുന്ന ഇയാള്‍ ഇതിലൂടെ സ്വാധീനമുള്ള വ്യക്തിയെന്ന പ്രതിച്ഛായ വളർത്തിയെടുത്തതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.ഡല്‍ഹി, പുണെ, നാഗ്പുർ തുടങ്ങിയ നഗരങ്ങളില്‍ എത്രപേർ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. നിലവില്‍ നാഗ്പുരില്‍ രണ്ടു കേസുകള്‍ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ആസൂത്രിതവും സങ്കീർണവുമായ രീതിയില്‍ പ്രവർത്തിച്ചിരുന്ന ബ്ലാക്ക്മെയിലിങ് സംഘത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് നാഗ്പുർ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ രാഹുല്‍ മദാനെ അറിയിച്ചു.