ബെംഗളൂരു: സംസ്ഥാനത്ത് തൊഴില്‍ നിയമനങ്ങളില്‍ കന്നഡക്കാരെ ബോധപൂര്‍വ്വം ഒഴിവാക്കുന്നതായി കണ്ടെത്തിയാല്‍ സ്വകാര്യ കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ‘കര്‍ണാടകയില്‍ കന്നഡക്കാരനാണ് പരമാധികാരി’ എന്ന് അദ്ദേഹം വ്യക്തമാക്കി.ബെംഗളൂരുവിലെ ഐ ടി കമ്പനികളിലെ നിയമനങ്ങളില്‍ ഭാഷാപരമായ വിവേചനം നേരിട്ടുവെന്ന് ആരോപിച്ച് ഒരു യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിറകെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.’ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങള്‍ കന്നഡക്കാരെ ബോധപൂര്‍വ്വം അവഗണിക്കുന്നതായി കണ്ടെത്തിയാല്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കും.
‘കര്‍ണാടകയില്‍ കന്നഡക്കാരനാണ് പരമാധികാരി. ഏതൊരു കാരണത്താലും കന്നഡക്കാരുടെ അവകാശങ്ങളും അഭിമാനവും അവസരങ്ങളും അവഗണിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല.’- ഡി കെ ശിവകുമാര്‍ എക്സില്‍ കുറിച്ചുബെംഗളൂരുവിനെ ഇന്ത്യയുടെ സാങ്കേതിക തലസ്ഥാനമായി ലോകം കാണുന്നുവെന്ന് ചൂണ്ടിക്കാണിച്ച ശിവകുമാര്‍, കന്നഡക്കാരുടെ പ്രതിഭയിലും കഴിവുകളിലും തങ്ങള്‍ക്ക് വലിയ അഭിമാനമാണ് ഉള്ളതെന്നും പറഞ്ഞു. ‘കന്നഡക്കാരുടെ താല്‍പ്പര്യങ്ങളുടെ ശബ്ദം’ എന്ന നിലയില്‍ അവരുടെ ആശങ്കകളോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.കന്നഡ മാതൃഭാഷയായി നല്കിയ ഉദ്യോഗാര്‍ത്ഥികളെ അഭിമുഖ ഘട്ടത്തിലോ ഷോര്‍ട്ട്ലിസ്റ്റിംഗ് ഘട്ടത്തിലോ ഒഴിവാക്കുന്നുവെന്നാണ് വീഡിയോയില്‍ യുവതി ആരോപിച്ചത്.
തെലുങ്ക്, തമിഴ് സംസാരിക്കുന്നവര്‍ക്ക് കമ്പനികള്‍ മുന്‍ഗണന നല്‍കുന്നുവെന്നും തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള യുവജനങ്ങളെ കുറഞ്ഞ ശമ്പളത്തില്‍ ജോലിക്ക് എടുക്കുന്നുവെന്നും അവര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.2024-ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കര്‍ണാടക മന്ത്രിസഭ സ്വകാര്യ മേഖലയിലെ ജോലികളില്‍ കന്നഡക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന കരട് ബില്ലിന് അനുമതി നല്‍കിയിരുന്നുവെങ്കിലും, വ്യവസായ സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അത് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.