കൊച്ചി: ഫോർട്ട് കൊച്ചിക്കെതിരെ വർഗീയ വിദ്വേഷ പ്രചാരണം നടത്തിയ യൂട്യൂബ് വീഡിയോയിൽ പിന്തുണയറിയിച്ച് കമന്റ് ചെയ്തതിനെത്തുടർന്ന് കടുത്ത വിമർശനം നേരിട്ട നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ ഇൻസ്റ്റഗ്രാമിൽ നിന്ന് താൽക്കാലികമായി വിടപറയുന്നു.സോഷ്യൽ മീഡിയയിലൂടെ പരക്കുന്ന നെഗറ്റിവിറ്റിയിൽ നിന്ന് മനസ്സിന് മോചനം വേണമെന്ന് വ്യക്തമാക്കിയാണ് ദിയ ഇൻസ്റ്റഗ്രാമിൽ നിന്ന് ഇടവേളയെടുക്കുന്ന കാര്യം അറിയിച്ചത്. എത്ര സത്യസന്ധരും നല്ല മനസ്സുള്ളവരുമായിരുന്നാലും ചിലർക്ക് നമ്മളെ ഇഷ്ടപ്പെട്ടില്ലെങ്കിൽ സോഷ്യൽ മീഡിയയിലൂടെ നമ്മളെ തകർത്തുകളയാൻ കഴിയുമെന്നും അത് ബന്ധങ്ങളെപ്പോലും ബാധിച്ചേക്കാമെന്നും ദിയ കുറിച്ചു.
‘ലിറ്റി ഛോക്ക യുപി’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ അമൃത് സിങ് ഡാരൻ എന്ന യൂട്യൂബറാണ് കേരളത്തിനും ഫോർട്ട് കൊച്ചിക്കുമെതിരെ അസത്യങ്ങളും വിദ്വേഷ പരാമർശങ്ങളും ഉന്നയിച്ച വീഡിയോ പങ്കുവെച്ചത്. ഫോർട്ട് കൊച്ചിയിൽ 95 ശതമാനവും മുസ്‌ലിംകളാണെന്നും ബാക്കിയുള്ളവർ ഭയന്നാണ് ജീവിക്കുന്നതെന്നും മതം പ്രചരിപ്പിക്കാൻ കേരള സർക്കാർ ഗൾഫിൽ നിന്ന് പണം വാങ്ങുന്നുണ്ടെന്നും കാശി ആർട്ട് കഫേയിൽ ബീഫ് വിഭവങ്ങൾ മാത്രമാണ് നൽകുന്നതെന്നുമൊക്കെയായിരുന്നു ഈ വീഡിയോയിലെ വ്യാജ പ്രചാരണങ്ങൾ.