Home കർണാടക ‘ഫ്ലൈഓവര്‍ വേണ്ട, എലിവേറ്റഡ് ഹൈവേ വേണ്ട’; വേറിട്ട പ്രതിഷേധവുമായി ബെംഗളൂരു നിവാസികള്‍, കാരണം?

‘ഫ്ലൈഓവര്‍ വേണ്ട, എലിവേറ്റഡ് ഹൈവേ വേണ്ട’; വേറിട്ട പ്രതിഷേധവുമായി ബെംഗളൂരു നിവാസികള്‍, കാരണം?

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് നിർദേശിച്ച 13 ഫ്ലൈഓവർ, എലിവേറ്റഡ് കോറിഡോർ പദ്ധതികളില്‍ രണ്ടെണ്ണത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം.നൂറുകണക്കിന് പ്രദേശവാസികള്‍ മനുഷ്യച്ചങ്ങല തീർത്താണ് പദ്ധതികളോടുള്ള എതിർപ്പ് അറിയിച്ചത്. ഇന്ദിരാനഗറിലെ 5.2 കിലോമീറ്റർ മേല്‍പ്പാലവും രാഗിഗുഡ്ഡ മുതല്‍ കനകപുര മെയിൻ റോഡ് വരെ നിർദേശിച്ച 18.47 കിലോമീറ്റർ എലിവേറ്റഡ് ഹൈവേയും ഉപേക്ഷിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.ഇന്ദിരാനഗറില്‍ സ്വാമി വിവേകാനന്ദ മെട്രോ സ്‌റ്റേഷനില്‍നിന്ന് ആരംഭിച്ച്‌ ഹൊസൂർ റോഡിലെ മഡിവാളയില്‍ അവസാനിക്കുന്നതാണ് 5.2 കിലോമീറ്റർ മേല്‍പ്പാല പദ്ധതി.

ഏകദേശം 900 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇന്ദിരാനഗർ 100 അടി റോഡ്, 80 അടി റോഡ്, സിഎംഎച്ച്‌ റോഡ് എന്നിവയിലൂടെയാണ് പാത കടന്നുപോകുന്നത്. മരങ്ങള്‍ നിറഞ്ഞ ഈ റോഡുകളിലെ പച്ചപ്പ് നഷ്‌ടപ്പെടുമെന്ന ആശങ്കയാണ് ആളുകള്‍ പ്രധാനമായും ഉന്നയിക്കുന്നത്.പദ്ധതി നടപ്പാക്കിയാലും ഗതാഗതക്കുരുക്കിന് കാര്യമായ പരിഹാരമുണ്ടാകില്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം. ഈ റോഡുകളില്‍ അടുത്തിടെ വൈറ്റ് ടോപ്പിങ് പ്രവൃത്തികള്‍ നടത്തിയതും അവർ ചൂണ്ടിക്കാട്ടി. എന്നാല്‍ മേല്‍പ്പാലത്തിന്റെ സിവില്‍ നിർമ്മാണത്തിനായി അധികൃതർ ടെൻഡർ ക്ഷണിച്ചുകഴിഞ്ഞു. അതേസമയം, ഒരു വിഭാഗം പ്രദേശവാസികള്‍ പദ്ധതിയെ ചോദ്യം ചെയ്‌ത്‌ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.മറേനഹള്ളി മെയിൻ റോഡിലെ രാഗിഗുഡ്ഡയില്‍നിന്ന് പൈപ്പ് ലൈൻ റോഡ് വഴി കനകപുര മെയിൻ റോഡിലെ തലഘട്ടപുരയിലേക്ക് നിർദേശിച്ച എലിവേറ്റഡ് ഹൈവേക്ക് എതിരെയും പ്രതിഷേധമുയർന്നു. ഏകദേശം 2956 കോടി രൂപ ചെലവ് കണക്കാക്കുന്ന ഈ പദ്ധതി പൂർത്തിയായാല്‍ യാത്രക്കാർക്ക് ടോള്‍ നല്‍കേണ്ടിവരും.ഈ പാതയുടെ ആവശ്യകതയെ ചോദ്യം ചെയ്‌ത ആളുകള്‍, രാഗിഗുഡ്ഡയെയും തലഘട്ടപുരയെയും നമ്മ മെട്രോയുടെ ഗ്രീൻ ലൈൻ ഇതിനകം ബന്ധിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.

കൂടാതെ, ബെംഗളൂരു ജലവിതരണ, മലിനജല ബോർഡിന്റെ പൈപ്പ് ലൈനിന് സമീപത്തുകൂടിയാണ് നിർദ്ദിഷ്‌ട പാത കടന്നുപോകുന്നത്. മരങ്ങള്‍ നിറഞ്ഞ ഈ പ്രദേശത്തെ പച്ചപ്പ് പദ്ധതിയിലൂടെ നഷ്‌ടപ്പെടുമെന്ന ആശങ്കയും പ്രതിഷേധക്കാർക്കുണ്ട്.നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി ആകെ 126 കിലോമീറ്ററോളം ദൈർഘ്യമുള്ള 13 മേല്‍പ്പാല, ഉയർന്നപാത പദ്ധതികള്‍ക്കാണ് സർക്കാർ അംഗീകാരം നല്‍കിയിരിക്കുന്നത്. ഏകദേശം 18,000 കോടി രൂപയാണ് ഈ പദ്ധതികളുടെ ആകെ ചെലവ്. എന്നാല്‍, ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ പരിസ്ഥിതിയെയും സമീപവാസികളെയും എങ്ങനെ ബാധിക്കുമെന്ന ചർച്ചയും പ്രതിഷേധങ്ങളോടെ ശക്തമാവുകയാണ്.അടുത്തിടെ ജോലികളുമായി അധികൃതർ മുന്നോട്ട് പോയ ഹെബ്ബാള്‍ ഷോർട്ട് ടണല്‍ പദ്ധതിക്കെതിരെയും പല കോണുകളില്‍ നിന്ന് എതിർപ്പ് ശക്തമാവുന്നുണ്ട്. ഹെബ്ബാള്‍ തടാകത്തിന് പദ്ധതി കടുത്ത ഭീഷണിയാണ് ഉയർത്തുക എന്ന് ചൂണ്ടിക്കാട്ടിയാണ് ഇതിനെതിരെ എതിർപ്പ് ഉയരുന്നത്. കൂടാതെ ആയിരത്തില്‍ അധികം മരങ്ങള്‍ മുറിച്ചുമാറ്റേണ്ടി വരുമെന്നും ആക്ഷേപം ഉയരുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group