ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടെ ഡല്‍ഹി പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തത് പാർക്കില്‍ വെറുതെ ഇരിക്കുമ്പോളെന്ന് ബിജെപി നേതാവിന്റെ മകള്‍.ബിജെപി മുൻ എംഎല്‍എ വിക്രം സിംഗിന്റെ മകള്‍ യശസ്വിനി രാജെ സിംഗിനെയാണ് കഴിഞ്ഞദിവസം ഗുരുദ്വാരക്ക് സമീപത്തെ പാർക്കില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. സമൂഹമാദ്ധ്യമ പോസ്റ്റിലൂടെയാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്.’ഒരു പാർക്കില്‍ വെറുതെ ഇരുന്നതിന് ബംഗ്ളാ സാഹിബിന് സമീപത്തുവച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ കേശവ് പുരം പൊലീസ് സ്റ്റേഷനിലാണ്’- എന്നാണ് യശസ്വിനി അറിയിച്ചത്. ഉത്തർപ്രദേശിലെ ഫത്തേപൂർ സദാർ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയായിരുന്നു യശസ്വിനിയുടെ പിതാവ് വിക്രം സിംഗ്. മുൻ കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് വിദ്യാർത്ഥികള്‍ നടത്തിയ പ്രതിഷേധത്തില്‍ യശസ്വിനി സിജെപിയുടെ ഭാഗമായി പങ്കെടുത്തിരുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഇന്നലെ പ്രതിഷേധ സമരത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെ സിജെപി നേതാക്കളും പ്രതിപക്ഷ മുഖ്യമന്ത്രിമാരുമടക്കം 7000ലധികം പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.മുൻമുഖ്യമന്ത്രിമാരായ പിണറായി വിജയൻ, മമതാ ബാനർജി, അരവിന്ദ് കേജ്‌രിവാള്‍, മണിക് സർക്കാർ എന്നിവരെയുള്‍പ്പെടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ, നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ വിമാനത്തിനകത്ത് കയറിയാണ് തടങ്കലിലാക്കിയത്. പ്രശസ്ത ഇൻഫ്ലുവൻസർ ധ്രുവ് റാത്തിയെ പുലർച്ചെ തന്നെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഗ്യാനേഷിന്റെ രാജി വരെ സമരം തുടരുമെന്നാണ് പ്രക്ഷോഭകർ അറിയിച്ചിരിക്കുന്നത്.