ബെംഗളൂരുവില്‍ പാചകക്കാരിക്ക് മാസം 8,000 രൂപ നല്‍കുന്നുണ്ടെങ്കിലും ഭക്ഷണത്തിന്റെ രുചി ശരാശരി മാത്രമാണെന്ന് വെളിപ്പെടുത്തിയ യുവതിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നു.ഭക്ഷണത്തിന്റെ രുചിയില്‍ വലിയ സംതൃപ്തിയില്ലെങ്കിലും പാചകക്കാരിയെ തുടരാൻ അനുവദിക്കുന്നതിന് പിന്നിലെ കാരണവും യുവതി പങ്കുവെച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ താമസിക്കുന്ന മേഘ എന്ന യുവതിയാണ് എക്സിലൂടെ തന്റെ അനുഭവം പങ്കുവെച്ചത്.രണ്ടുപേർക്കായി ഭക്ഷണം തയ്യാറാക്കാൻ മാസം ഏകദേശം 7,000 മുതല്‍ 8,000 രൂപ വരെയാണ് ചെലവാകുന്നതെന്ന് മേഘ പറയുന്നു. പാചകക്കാരി ദിവസത്തില്‍ രണ്ടുതവണ വീട്ടിലെത്തി പാചകം ചെയ്യും. ഞായറാഴ്ച അവധിയായിരിക്കും.
വീട്ടിലെത്തി പച്ചക്കറികള്‍ അരിഞ്ഞ് രണ്ട് വിഭവങ്ങള്‍ വേഗത്തില്‍ തയ്യാറാക്കിയശേഷം അടുത്ത വീട്ടിലേക്ക് പോകുന്നതാണ് പതിവ്. പരിപ്പ്, ഉരുളക്കിഴങ്ങ്, സോയ, ചിക്കൻ തുടങ്ങി മിക്ക വിഭവങ്ങളും പ്രഷർ കുക്കറിലാണ് തയ്യാറാക്കുന്നതെന്നും മേഘ കുറിച്ചു.ഭക്ഷണത്തിന്റെ രുചി മെച്ചപ്പെടുത്താൻ വീട്ടുകാർക്ക് ഇഷ്ടമുള്ള രീതികള്‍ ആവർത്തിച്ച് പറഞ്ഞുകൊടുക്കേണ്ടിവരുമെന്നും അല്ലാത്തപക്ഷം എണ്ണയും മസാലയും കൂടുതലായി ഉപയോഗിക്കാറുണ്ടെന്നും യുവതി ചൂണ്ടിക്കാട്ടി. എന്നിട്ടും പാചകക്കാരിയെ തുടരാൻ അനുവദിക്കുന്നതിന്റെ കാരണം വിശദീകരിച്ചപ്പോഴാണ് കുറിപ്പ് കൂടുതല്‍ ശ്രദ്ധ നേടിയത്. മികച്ച രുചിയുള്ള ഭക്ഷണത്തിനായി മാത്രമല്ല താൻ പണം നല്‍കുന്നതെന്നും മേഘ വ്യക്തമാക്കി.
ദിവസത്തില്‍ രണ്ടുതവണ എന്ത് പാചകം ചെയ്യണം, അതിനുള്ള തയ്യാറെടുപ്പുകള്‍ എങ്ങനെ നടത്തണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ തുക ചെലവഴിക്കുന്നതെന്നാണ് മേഘയുടെ വിശദീകരണം. യുവതിയുടെ കുറിപ്പിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പലരും അഭിപ്രായങ്ങളുമായി എത്തി. പാചകത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ലഭിക്കുന്ന മോചനത്തിനാണ് പലരും പണം നല്‍കുന്നതെന്നും വീട്ടിലെ ഭക്ഷണത്തിന്റെ രുചി ശരാശരിയാണെങ്കിലും പുറത്തുനിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്നതിനേക്കാള്‍ അതാണ് നല്ലതെന്നും ചിലർ അഭിപ്രായപ്പെട്ടു. ബെംഗളൂരു പോലുള്ള തിരക്കേറിയ നഗരങ്ങളില്‍ സമയം ലാഭിക്കുന്നതിനും ദൈനംദിന ജോലിഭാരം കുറയ്ക്കുന്നതിനും ആളുകള്‍ നല്‍കുന്ന പ്രാധാന്യമാണ് ഈ ചർച്ചയിലൂടെ വ്യക്തമാകുന്നത്.