ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനിലെ സുരക്ഷാ പരിശോധന പൂർത്തീകരിച്ച് കമ്മീഷണർ ഓഫ് മെട്രോ റെയില്‍വേ സേഫ്റ്റി.കാലേന അഗ്രഹാര മുതല്‍ താവരക്കരെ വരെയുള്ള 7.5 കിലോമീറ്റർ എലിവേറ്റഡ് പാതയിലാണ് സിഎംആർഎസ് സാങ്കേതിക – സുരക്ഷാ പരിശോധന പൂർത്തിയാക്കിയത്.സൗത്ത് സർക്കിള്‍ മെട്രോ റെയില്‍വേ സേഫ്റ്റി കമ്മീഷണർ വി വെങ്കടസുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണ് ഒക്ടോബർ 6 മുതല്‍ 8 വരെ 3 ദിവസത്തെ പരിശോധന നടന്നത്. മോട്ടോർ ട്രോളി ഉപയോഗിച്ച് മെയിൻ ലൈനും അടിസ്ഥാന സൗകര്യങ്ങളും പരിശോധിച്ചു. കൊത്തനൂർ ഡിപ്പോയിലെ സൗകര്യങ്ങളും ട്രെയിൻ ട്രയല്‍ റണ്ണുകളും മറ്റ് പരിശോധനകളും വിലയിരുത്തി.
ബയ്യപ്പനഹള്ളിയിലുള്ള ഓപ്പറേഷൻസ് കണ്‍ട്രോള്‍ സെന്ററിന്റെ പരിശോധന പൂർത്തിയാക്കി.സിഎംആർഎസ് പരിശോധന പൂർത്തിയാക്കിയെങ്കിലും സർവീസുകള്‍ ഉടൻ ആരംഭിക്കില്ല. പരിശോധനയ്ക്കിടെ സിഎംആർഎസ് നല്‍കിയ നിർദ്ദേശങ്ങളും ഉപാധികളും ബിഎംആർസിഎല്‍ പൂർണ്ണമായി പാലിച്ച ശേഷമേ അന്തിമ സുരക്ഷാ അനുമതി നല്‍കൂ. ഈ സ്ട്രെച്ചില്‍ പൊതുജനങ്ങള്‍ക്കായി സർവീസ് ആരംഭിക്കുന്ന തീയതി റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടില്ല. എങ്കിലും അധികം താമസിയാതെ തന്നെ സർവീസ് തുടങ്ങുമെന്ന് റിപ്പോർട്ടുകളുണ്ട്.ഈ സ്ട്രെച്ചിന് 2026 ഓഗസ്റ്റില്‍ ആർഡിഎസ്‌ഒ സ്പീഡ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. മെട്രോ കോച്ചുകള്‍ക്ക് റെയില്‍വേ ബോർഡിന്റെ താല്‍ക്കാലിക അനുമതി ലഭിച്ചിട്ടുണ്ട്. സിഗ്നലിംഗ് സിസ്റ്റത്തിന് ഇൻഡിപെൻഡന്റ് സേഫ്റ്റി അസസറുടെ സുരക്ഷാ സർട്ടിഫിക്കേഷനും ലഭ്യമായിട്ടുണ്ട്.
ഈ പാതകൂടി തുറക്കുന്നതോടെ ബംഗളൂരു മെട്രോയുടെ ആകെ ദൈർഘ്യം 96.10 കിലോമീറ്ററില്‍ നിന്ന് 103.60 കിലോമീറ്ററായി ഉയരും. ബന്നാർഘട്ട റോഡ്, ഐ ഐ എം ബാംഗ്ലൂർ, ജയദേവ ആശുപത്രി തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ, ആരോഗ്യ, റസിഡൻഷ്യല്‍ കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതം കൂടുതല്‍ എളുപ്പമാകും.തെക്കൻ ബെംഗളൂരുവിലെ ഐടി ജീവനക്കാർക്കും വിദ്യാർത്ഥികള്‍ക്കും ബന്നേർഘട്ട റോഡിലെ ഗതാഗതക്കുരുക്കില്‍ പെടാതെ യാത്ര ചെയ്യാൻ ഈ പാത സഹായിക്കും. താവരക്കരെയില്‍ നിന്ന് നാഗവാര വരെയുള്ള ബാക്കി 13.76 കിലോമീറ്റർ കൂടി പൂർത്തിയാകാനുണ്ട്. ഇത് ഭൂഗർഭ പാതയാണ്. നിർമ്മാണം പുരോഗമിക്കുകയാണ്.
സ്റ്റേഷനുകള്‍
1. കാലേന അഗ്രഹാര
2. ഹുളിമാവ്
3. ഐ.ഐ.എം.ബി
4. ജെ.പി നഗർ 4th ഫേസ്
5. ജയദേവ ഹോസ്പിറ്റല്‍
6. താവരക്കരെ